തിരുവനന്തപുരം: അപ്രസക്തമായ തസ്തികകള്‍ വെട്ടിച്ചുരുക്കിയും, ഇ-ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കിയും സര്‍ക്കാര്‍ ഖജനാവില്‍ ഉണ്ടാകുന്ന നഷ്ടം കുറയ്ക്കാന്‍ സഹായിക്കുന്ന തരത്തില്‍ സ്റ്റേഷനറി വകുപ്പില്‍ പുനക്രമീകരണത്തിന് ശ്രമിക്കുന്ന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമിക്കെതിരെ യൂണിയന്‍ നേതാക്കളുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പടയൊരുക്കം.
സ്റ്റേഷനറി വകുപ്പിലെ പുനക്രമീകരണം നടത്താന്‍ രാജുനാരായണ സ്വാമി അധ്യക്ഷനായ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സിജു ജേക്കബ് (കണ്‍വീനര്‍), അച്ചടി വകുപ്പ് ഡയറക്ടര്‍ എ.റ്റി. ഷിബു, സ്റ്റേഷനറി കണ്‍ട്രോളര്‍ മേരി മാര്‍ഗരറ്റ് പ്രകാശ്യ എന്നിവരായിരുന്നു സമിതിയംഗങ്ങള്‍.
സ്റ്റേഷനറി വകുപ്പില്‍ നിലവിലെ പല തസ്തികകളും കാലഹരണപ്പെട്ട സാഹചര്യമാണുള്ളത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, ഷൊര്‍ണൂര്‍ എന്നിവിടങ്ങളിലെ മേഖലാ ഓഫീസുകളെ ജില്ലാ ഓഫീസുകളാക്കി മാറ്റണമെന്നായിരുന്നു സമിതിയുടെ നിലപാട്. കൂടാതെ, ഈ ഓഫീസുകളുടെ ചുമതലയുള്ള നാല് അസിസ്റ്റന്റ് കണ്‍ട്രോളര്‍ തസ്തികകള്‍ അപ്രസക്തമാണെന്നും സമിതി കണ്ടെത്തിയിരുന്നു. 42500-87000 എന്ന ശമ്പള സ്‌കെയിലായിരുന്നു അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരുടേത്.
സ്‌റ്റേഷനറി സാധനങ്ങളുടെ കണക്കെടുക്കാന്‍ നിയോഗിച്ചിരുന്ന സ്‌റ്റേഷനറി ഇന്‍സ്‌പെക്ടര്‍ തസ്തികയും ആവശ്യമില്ലാത്തതാണെന്ന് സമിതി കണ്ടെത്തിയിരുന്നു. 36600-79200 എന്ന ശമ്പള സ്‌കെയിലാണ് സ്റ്റേഷനറി ഇന്‍സ്‌പെക്ടര്‍മാരുടേത്. ഇത്തരം അപ്രസക്ത തസ്തികകളില്‍ മാത്രം ശമ്പളയിനത്തില്‍ വന്‍ തുകയാണ് അനാവശ്യമായി സര്‍ക്കാരിന് നല്‍കേണ്ടി വരുന്നത്.
ഇ-ഓഫീസ് രീതി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശക്തമാകുന്നതും, കേന്ദ്രസര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പര്‍ച്ചേസ് നടത്തുമ്പോള്‍ കേന്ദ്രീകൃത പര്‍ച്ചേസ് സംവിധാനത്തിന്റെ പ്രസക്തി നഷ്ടപ്പെടുമെന്നതും സ്റ്റേഷനറി വകുപ്പിനെ വെട്ടിച്ചുരുക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കാന്‍ സമിതിയെ പ്രേരിപ്പിച്ചിരുന്നു.
ഇതെല്ലാം കണക്കിലെടുത്ത് വകുപ്പില്‍ ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്റ്റേഷനറി കണ്‍ട്രോളറെ സമിതി ചുമതലപ്പെടുത്തി. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് തീരുമാനം അറിയിക്കാന്‍ മെയ് 30നാണ് രാജു നാരായണ സ്വാമി സ്റ്റേഷനറി കണ്‍ട്രോളര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
തുടര്‍ന്ന് ജൂണ്‍ മൂന്നിന് ഇത് പ്രകാരം ഓണ്‍ലൈനായി യോഗം ചേരുകയും ചെയ്തു. എന്നാല്‍ നിലവിലെ സ്ഥിതി അതുപോലെ തുടരണമെന്നും, തസ്തികകളും ജീവനക്കാരും കുറയാന്‍ പാടില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥ നിലപാട്. നടപടിയുമായി മുന്നോട്ട് പോയാല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജുനാരായണ സ്വാമിയെ മാറ്റാമെന്നും, അതിനുള്ള ബന്ധങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നും ചില ഉദ്യോഗസ്ഥര്‍ നിലപാടെടുത്തു. വകുപ്പിലെ പുനക്രമീകരണത്തെ അനുകൂലിക്കേണ്ടതില്ലെന്നായിരുന്നു ഈ യോഗത്തിലെ നിലപാട്.
കാര്യമായ ജോലിയില്ലാതെ എല്ലാ മാസവും വന്‍ തുക ശമ്പളയിനത്തില്‍ കൈപ്പറ്റുന്ന ഉദ്യോഗസ്ഥര്‍ക്ക് പുനക്രമീകരണം നടന്നാല്‍ ജോലിഭാരമുള്ള മറ്റേതെങ്കിലും വകുപ്പില്‍ ജോലി ചെയ്യേണ്ടി വരും. ഇത് മുന്നില്‍ക്കണ്ടാണ് പുനക്രമീകരണ നീക്കത്തെ ഉദ്യോഗസ്ഥര്‍ എതിര്‍ക്കുന്നത്. അനാവശ്യ തസ്തികകള്‍ ഒഴിവാക്കി ഉദ്യോഗസ്ഥരെ ജീവനക്കാര്‍ കുറവുള്ള മറ്റു വകുപ്പുകളിലേക്ക് മാറ്റിയാല്‍ സര്‍ക്കാരിന് അനാവശ്യ ചെലവ് ഒഴിവാക്കാനാകുമെന്നതില്‍ തര്‍ക്കമില്ല.