/sathyam/media/post_attachments/k69nWy7siCUB8HaKhddq.jpg)
കോഴിക്കോട്: സ്വകാര്യ ക്ലിനിക്കിൽ കുത്തിവെപ്പിനിടെ വിദ്യാർഥി മരിച്ച സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. നാദാപുരം ന്യൂക്ലിയസ് ക്ലിനിക് മാനേജിങ് ഡയറക്ടറും പീഡിയാട്രീഷ്യനുമായ ഡോ. സലാവുദ്ദീൻ, മാനേജിങ് പാർട്ണർ റഷീദ്, വിദ്യാർഥിക്ക് കുത്തിവെപ്പ് നൽകിയ നഴ്സ് പേരോട് സ്വദേശിനി ഷാനി എന്നിവരെയാണ് നാദാപുരം ഡിവൈ.എസ്.പി ടി.പി. ജേക്കബ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരി 14 നാണ് കക്കട്ട് വട്ടോളി സ്വദേശി പടിക്കലക്കണ്ടി രജീഷിന്റെ മകൻ തേജ്ദേവ് (12) മരണപ്പെട്ടത്. മാതാവിനൊപ്പം കഫക്കെട്ടിനു ചികിത്സ തേടി എത്തിയ തേജ്ദേവിനെ ക്ലിനിക്കിൽ അഡ്മിറ്റ് ചെയ്തു. നഴ്സ് കുത്തിവപ്പ് നൽകിയതിനു പിന്നാലെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻതന്നെ തലശ്ശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
അധികൃതരുടെ പിഴവാണ് വിദ്യാർത്ഥിയുടെ മരണത്തിന് ഇടയാക്കിയതെന്നാരോപിച്ച് ബന്ധുക്കൾ നാദാപുരം പോലീസിൽ പരാതി നൽകുകയും തുടർന്ന് പോലീസ് കേസെടുക്കുകയുമായിരുന്നു. ശ്വാസ തടസ്സമാണ് വിദ്യാർത്ഥിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. വിദ്യാർത്ഥിയുടെ മരണത്തിൽ ഡിഎംഒ ചെയർമാനായ മെഡിക്കൽ ബോർഡ് നടത്തിയ അന്വേഷണത്തിൽ ക്ലിനിക്കിന് വീഴ്‌ച്ച പറ്റിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നാദാപുരം പോലീസ് ഡോക്ടർ ഉൾപെടെ മൂന്ന്പേരെ അറസ്റ്റ് ചെയ്തത്.