/sathyam/media/post_attachments/WSh9Cssv3yiRR3JfzmDD.jpg)
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ കുറിച്ചുള്ള കെ.ടി ജലീലിന്റെ പരാതിയിൽ പോലീസ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചേക്കും. കേസിൽ സ്വപ്ന സുരേഷ്, പിസി ജോർജ് എന്നിവർക്കെതിരെയാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഗൂഢാലോചന, കലാപ ശ്രമം അടക്കമുള്ള വകുപ്പുകളാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്.
മുഖ്യമന്ത്രിക്കും കുടുംബത്തിനും, മുൻ മന്ത്രി കെ.ടി ജലീൽ അടക്കമുളളവർക്കെതിരെ ആയിരുന്നു സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ പുതിയ ആരോപണം. സംഭവം വിവാദമായതിന് പിന്നാലെ പരാതിയുമായി മുൻ മന്ത്രി കെ.ടി ജലീൽ കന്റോൺമെന്റ് പോലീസിനെ സമീപിച്ചു. പരാതിയിന്മേൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
രണ്ടു മാസം മുൻപ് തന്നെ പ്രതികൾ കൂടിക്കാഴ്ച നടത്തിയെന്നും, ഇരുവരുടെയും ഗൂഢാലോചനയാണ് വെളിപ്പെടുത്തലിനു പിന്നിലെന്ന് എഫ് ഐആറിൽ പറയുന്നു. ഉടൻ തന്നെ സ്വപ്നയെയും പി സി ജോർജിനെയും ചോദ്യം ചെയ്യും. നിയമോപദേശം തേടിയ ശേഷമാണ് പൊലീസ് കേസെടുത്തത്.
ഐ പി സി 120 ബി പ്രകാരം ഗൂഢാലോചനയ്ക്കും കലാപ ശ്രമത്തിന് 153 ആം വകുപ്പും ചുമത്തിയുമാണ് കേസ്. അപകീർത്തിക്ക് കേസെടുക്കണമെന്ന ആവശ്യമുണ്ടായെങ്കിലും നിയമപരായി പോലീസിന് അതിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ല. മാനനഷ്ടക്കേസിൽ പരാതിക്കാരന് കോടതിയെ സമീപിക്കാം. കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് ഇന്ന് രൂപം നൽകാനാണ് സാധ്യത.
അതേസമയം ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നതായി സ്വപ്നാ സുരേഷ് പറയുന്നു.