തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ പ്രതിഷേധങ്ങളില്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനൊരുങ്ങി എല്‍ഡിഎഫ്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും 21 മുതല്‍ റാലിയും യോഗവും നടത്താന്‍ ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട ആരോപണങ്ങളില്‍ രാഷ്ട്രീയവിശദീകരണം നല്‍കുകയാണ് യോഗങ്ങളുടെ ഉദ്ദേശം.
മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിൽ നടന്ന സംഭവങ്ങൾ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ യോഗത്തിൽ വിശദീകരിച്ചു. വിമാനം ലാൻഡ് ചെയ്ത് യാത്രക്കാർ പുറത്തിറങ്ങാൻ തയാറെടുക്കുമ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിക്ക് അരികിലേക്കു വന്നത്.
താൻ സീറ്റിൽനിന്ന് എണീറ്റ് അവരെ തടയാൻ ശ്രമിച്ചു. തടഞ്ഞില്ലായിരുന്നെങ്കിൽ അവർ മുഖ്യമന്ത്രിയെ ആക്രമിക്കുമായിരുന്നെന്നും ഇ.പി.ജയരാജൻ യോഗത്തിൽ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്കു തളളിക്കയറിയ സംഭവത്തിൽ ഡിവൈഎഫ്ഐയെ ഇ.പി.ജയരാജൻ തള്ളി.