സര്‍ സി.പിയെ വെട്ടി നാടുകടത്തിയ പ്രസ്ഥാനമാണ് ആര്‍.എസ്.പി! ആ ഞങ്ങളെ നിങ്ങളുടെ കൈക്കരുത്ത് കൊണ്ട് തളര്‍ത്തിക്കളയാമെന്ന് വ്യാമോഹിക്കണ്ട-സംസ്ഥാന സര്‍ക്കാരിനെതിരെ ഷിബു ബേബി ജോണ്‍

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

കൊല്ലം : സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. പൊതുജനങ്ങളെ മുഴുവന്‍ ശത്രുപക്ഷത്ത് നിര്‍ത്തി ഈ രാജാവിനും വിദൂഷകകൂട്ടങ്ങള്‍ക്കും അധികകാലം മുന്നോട്ടുപോകാനാവില്ലെന്ന് ഓര്‍മിപ്പിക്കുകയാണെന്ന് ഷിബു ബേബി ജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Advertisment

മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കൊല്ലം കളക്ട്രേറ്റിലേക്ക് നടത്തിയ ആര്‍എസ്പി മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. എന്‍.കെ.പ്രേമചന്ദ്രന്‍ എംപി ഉള്‍പ്പടെയുള്ളവര്‍ക്ക് പരിക്കേറ്റു. ഇതു സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ഷിബു ബേബി ജോണ്‍.

ഫേസ്ബുക്ക് പോസ്റ്റ്:

ഇത് ഉത്തരകൊറിയയല്ല, സ്റ്റാലിന്റെ റഷ്യയല്ല. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ചോരയില്‍ മുക്കാനാണ് പിണറായിയുടെ പോലീസ് ശ്രമിക്കുന്നതെങ്കില്‍ തത്തുല്യമായ തിരിച്ചടിയുണ്ടാകും എന്നുകൂടി പ്രതീക്ഷിച്ചുകൊള്ളണം.

കൊല്ലത്ത് ആര്‍എസ്പി മാര്‍ച്ചിനുനേരെ ഏകപക്ഷീയമായി ആക്രമണമഴിച്ചുവിട്ട പിണറായിയുടെ പോലീസ് എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അടക്കം നിരവധി നേതാക്കളെയും പ്രവര്‍ത്തകരെയും നിഷ്ഠൂരമായി തല്ലിച്ചതച്ചു. പ്രായം പോലും നോക്കാതെ സ. എ.എ. അസീസിനു മേലുണ്ടായ ആക്രമണത്തെ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് വിഫലമാക്കിയത്.

ജനാധിപത്യകേരളത്തെ ഒരു ഏകാധിപത്യപ്രവിശ്യയായി മാറ്റിയെടുക്കാമെന്നുള്ള ചിലരുടെ സ്വപ്‌നങ്ങളാണ് കേരളത്തിലെ തെരുവുകളെ ചോരക്കളങ്ങളാക്കിത്തീര്‍ക്കുന്നത്. ജനാധിപത്യപരമായ പ്രതിഷേധങ്ങളോ സമാധാനപരമായ സമരങ്ങളോ പോലും അവര്‍ക്ക് സഹിക്കാനാകുന്നില്ല. ഇതിനേക്കാള്‍ വലിയ ഏകാധിപതിയായിരുന്ന സര്‍ സി.പിയെ വെട്ടി നാടുകടത്തിയ പ്രസ്ഥാനമാണ് ആര്‍.എസ്.പി. ആ ഞങ്ങളെ നിങ്ങളുടെ കൈക്കരുത്ത് കൊണ്ട് തളര്‍ത്തിക്കളയാമെന്ന് വ്യാമോഹിക്കണ്ട.

എതിര്‍ക്കുന്നവര്‍ക്കെതിരെ കേസെടുത്തും, പ്രതിഷേധിക്കുന്നവരെ ക്രൂരമായി മര്‍ദ്ധിച്ചും എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ശ്രമം ഒരു ജനാധിപത്യ ഭരണകൂടത്തിന് ഒരിക്കലും ഭൂഷണമല്ല. പൊതുജനങ്ങളെ മുഴുവന്‍ ശത്രുപക്ഷത്ത് നിര്‍ത്തി ഈ രാജാവിനും വിദൂഷകകൂട്ടങ്ങള്‍ക്കും അധികകാലം മുന്നോട്ടുപോകാനാവില്ലെന്ന് ഓര്‍മിപ്പിക്കുകയാണ്.

Advertisment