തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി.എം. നാരായണന് സ്പെഷ്യല്‍ ജേര്‍ണലിസം പുരസ്കാരം. ലോക കേരള സഭയോട് അനുബന്ധിച്ച് കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ലോക മാധ്യമ സമ്മേളനത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും പി.എം. നാരായണന്‍ പുരസ്കാരം ഏറ്റുവാങ്ങി.
25 വർഷത്തെ ന്യൂസ് പ്രൊഡക്ഷൻ, റിപ്പോർട്ടിംഗ് അനുഭവപരിചയമുള്ള ടെലിവിഷൻ ജേർണലിസ്റ്റാണ് പി എം നാരായണൻ. ജർമ്മനിയിലെ ഏറ്റവും വലിയ പബ്ലിക് ബ്രോഡ്‌കാസ്റ്ററായ എആർഡി ഫസ്റ്റ് ജർമ്മൻ ടെലിവിഷനുവേണ്ടി ഇദ്ദേഹം ദക്ഷിണേഷ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു.
അഫ്ഗാനിസ്ഥാനിലെ യുദ്ധം, എൽ.ടി.ടി.ഇക്കെതിരായ ശ്രീലങ്കയുടെ അവസാനഘട്ട യുദ്ധം, ഈസ്റ്റർ ആക്രമണം, ബംഗ്ലാദേശ് റോഹിങ്ക്യൻ പ്രതിസന്ധി, നേപ്പാൾ ഭൂകമ്പം, 2008-മുംബൈയിലെ ഭീകരാക്രമണം തുടങ്ങിയവ ഇദ്ദേഹം നേരിട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
1995-ൽ ബിടിവിയിലൂടെയാണ് നാരായണൻ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ചാനൽ 4- യുകെ, എഎൻഐ, റോയിട്ടേഴ്‌സ് തുടങ്ങിയവയിലും പ്രവര്‍ത്തിച്ചു. 2006-ലാണ് എആർഡി ഫസ്റ്റ് ജർമ്മൻ ടെലിവിഷന്റെ ഭാഗമായത്. 2001-2002 കാലത്ത് കൈരളി ടിവിയുടെ ന്യൂഡൽഹി ബ്യൂറോയിൽ പ്രത്യേക ലേഖകനായിരുന്നു നാരായണൻ.
യുദ്ധമേഖലയിലെ റിപ്പോര്‍ട്ടര്‍മാര്‍ക്കായി യൂറോപ്യന്‍ ബ്രോഡ്കാസ്റ്റിംഗ് യൂണിയന്‍ ജര്‍മ്മനിയിലെ മ്യൂണിച്ചില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഫോറിൻ കറസ്‌പോണ്ടന്റ് ക്ലബ് ഓഫ് സൗത്ത് ഏഷ്യയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളിൽ ഒരാളും ട്രഷററുമായിരുന്നു പി.എം. നാരായണന്‍. ഗ്ലോബല്‍ മലയാളി പ്രസ് ക്ലബിന്റെ (ജിഎംപിസി) എക്‌സിക്യൂട്ടീവ് അംഗമാണ്.
മൊബൈൽ ജേർണലിസം, മൊബൈൽ ഫിലിം മേക്കിംഗ്, ഫാക്റ്റ് ചെക്കിംഗ്, ഇന്റർനാഷണൽ റിപ്പോർട്ടിംഗ് തുടങ്ങിയ വിഷയങ്ങളിൽ രാജ്യത്തുടനീളമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കായി ഇദ്ദേഹം ശിൽപശാലകൾ നടത്തിയിട്ടുണ്ട്.
കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു, നോര്‍ക്ക ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ് എംപി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ തോമസ് ജേക്കബ്, ശശികുമാര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.