/sathyam/media/post_attachments/HQh56au786pAuHbvP8S2.jpg)
തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് മാധ്യമങ്ങളുമായി ഇടപഴകാനുള്ള സര്‍ക്കാര്‍ സംവീധാനമാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്. പക്ഷേ ഇപ്പോഴത്തെ മന്ത്രിമാരുടെ പലരുടെയും പ്രവര്‍ത്തി കണ്ടാല്‍ പിആര്‍ഡി അത്ര പോര എന്നാണ് മനസിലാക്കാനാകുന്നത്. ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് പിആര്‍ഡിയെ അത്ര വിശ്വാസത്തലെടുക്കാത്തത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ പി ആര്‍ വര്‍ക്കിനായി മന്ത്രി ഓഫിസില്‍ മീഡിയ സെല്‍ രൂപികരിച്ചിരിക്കുകയാണ്. സെക്രട്ടേറിയേറ്റ് അനക്‌സ് - 2ലെ മൂന്നാം നിലയിലാണ് മന്ത്രി ബിന്ദുവിന്റെ ഓഫിസ്. എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ മീഡിയ സെല്ലാണ് ഇവിടെ രൂപികരിക്കുന്നത്.
മീഡിയ സെല്‍ പ്രവര്‍ത്തിക്കുന്ന മുറിയില്‍ പുതിയ എയര്‍ കണ്ടീഷന്‍ സ്ഥാപിക്കാന്‍ ഈ മാസം 14 ന് സര്‍ക്കാര്‍ അനുമതി നല്‍കി. ഏപ്രില്‍5 ന് ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നല്‍കിയ കത്തില്‍ മീഡിയ സെല്ലിനുവേണ്ടി അടിയന്തിരമായി എ സി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് പൊതുഭരണ ( ഹൗസ് കീപ്പിംഗ് സെല്‍ ) വകുപ്പ് ഉത്തരവിറക്കിയത്. മന്ത്രിയുടെ ഓഫിസിനോട് ചേര്‍ന്നുള്ള റൂം നമ്പര്‍ 301 എമ്മിലാണ് മീഡിയ സെല്‍. ഇവിടെ എസി സ്ഥാപിക്കാന്‍ 65,000 രൂപയാണ് അനുവദിച്ചത്.
ഒരുപാട് കാര്യങ്ങള്‍ മന്ത്രി ചെയ്യുന്നുണ്ടെങ്കിലും നാട്ടുകാര്‍ ഇതറിയുന്നില്ലെന്നാണ് മന്ത്രിയും അടുപ്പക്കാരും പറയുന്നത്. സ്വന്തമായി മീഡിയാ സെല്‍ തുടങ്ങിയാല്‍ അത് മറി കടക്കാനാവുമെന്നാണ് മന്ത്രിയെ ചിലര്‍ ഉപദേശിച്ചത്.
ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് മീഡിയാ സെല് രൂപീകരിക്കുന്നത്. നേരത്തെ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ സ്വന്തം സോഷ്യല്‍ മീഡിയ ടീം രൂപികരിച്ചിരുന്നു. ഗോവിന്ദന്‍ മാസ്റ്ററുടേയും ബിന്ദുവിന്റേയും പിന്നാലെ മറ്റു മന്ത്രിമാരും മീഡിയ സെല്‍ രൂപികരിക്കാനുള്ള നീക്കത്തിലാണ്.