/sathyam/media/post_attachments/V9eLuGIPxczOa8ahPe6N.jpg)
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിലടക്കം മുഖ്യമന്ത്രി പിണറായി വിജയനെതിരായ നിലപാട് മുസ്ലീംലീഗ് നേതൃത്വം മയപ്പെടുത്തുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ പരോക്ഷ വിമര്‍ശനവുമായി കെഎം ഷാജി. മുസ്ലീംലീഗ് നേതൃത്വത്തെ ഒന്നാകെ ഷാജി വിമര്‍ശിക്കുമ്പോഴും അതിന്റെ മുന നീളുന്നത് പികെ കുഞ്ഞാലിക്കുട്ടിയിലേക്ക് തന്നെയാണ്.
മുസ്ലീംലീഗ് നേതൃത്വത്തിന്റെ പല നിലപാടിലും അണികള്‍ പോലും തൃപ്തരല്ല. അതിന്റെ പ്രതിഫലനമാണ് ഷാജി നടത്തിയ പ്രസംഗത്തില്‍ ഉള്ളത്. വിദേശത്തെ ഒരു പരിപാടിയില്‍ പങ്കെടുത്താണ് ഷാജി നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനം നടത്തിയത്.
"എന്തിനാണ് ഈ മൊഞ്ചാക്കി സംസാരിക്കുന്നത്? എന്തിനാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുമ്പോള്‍ മുട്ടുവിറയ്ക്കുന്നത്?. എന്തിനാണ് ഓരോരുത്തരെ കാണുമ്പോള്‍ കളംമാറുന്നത്?. ഒരു കാര്യം നേതാക്കന്മാര്‍ മനസിലാക്കണം. നിങ്ങള്‍ രണ്ടു കൊല്ലത്തെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യാന്‍ നില്‍ക്കുകയല്ലേ? നേതാക്കന്മാരല്ലേ?
നിങ്ങളും ഞാനും മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ വാക്കും വര്‍ത്തമാനം കേട്ടിട്ടാണ് അണികള്‍ തെരുവിലിറങ്ങുന്നത് യുദ്ധം ചെയ്യുന്നത്. അല്ലാതെ അവരുടെ വാപ്പ പറഞ്ഞിട്ടില്ല. മനസിലാക്കണം നിങ്ങളത്".
ലീഗ് നേതൃത്വത്തില്‍ വിശേഷിച്ച് പികെ കുഞ്ഞാലിക്കുട്ടിയെ തന്നെയാണ് ഷാജി പ്രതിക്കൂട്ടില്‍ ആക്കുന്നതെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിക്കെതിരെ കുഞ്ഞാലിക്കുട്ടിയുടെ സമീപനം പലപ്പോഴും ഇടതു നേതാക്കളെ പോലും അത്ഭുതപ്പെടുത്തുന്ന വിധത്തിലാണ്. ഇതാണ് ഷാജിയെ ചൊടിപ്പിച്ചത്.
ഇതിനു പുറമെ കെടി ജലീലുമായി പികെ കുഞ്ഞാലിക്കുട്ടി ചില ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയെന്നത് പരസ്യമായ രഹസ്യമാണ്. അതിനു ശേഷം കുഞ്ഞാലിക്കുട്ടിയെ പരസ്യമായി ആക്രമിക്കുന്നതില്‍ ജലീലും വിമുഖത കാട്ടുന്നുണ്ട്. ഇതു കൂടി കണക്കിലെടുത്താണ് ഷാജിയുടെ വിമര്‍ശനം.
ലീഗിലെ ഭിന്നത മറനീക്കി പുറത്തുവരുന്നതാണ് ഷാജിയുടെ പ്രസംഗം എന്നത് വ്യക്തമാണ്. അതേസമയം ഒരു നേതാവിനെയും പേരെടുത്തു പറയാത്തതിനാല്‍ ഷാജിയെ നേരിട്ട് എതിര്‍ക്കാനും നേതൃത്വത്തിനാകില്ല.