ഇന്ത്യൻ ഉൽപ്പന്നമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ചൈനീസ് കേബിളുകൾ ആറിരട്ടി വിലയ്ക്ക് വാങ്ങിക്കൂട്ടി. സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ-ഫോണിൽ വിജിലൻസ് അന്വേഷണം. തട്ടിപ്പ് ഓഡിറ്റർ ജനറൽ പിടിച്ചതോടെ വിജിലൻസിന് അന്വേഷിക്കാതെ വഴിയില്ലാതായി. ഗുണനിലവാരമില്ലെന്ന് കെ.എസ്.ഇ.ബിയും നിലപാട് എടുത്തതോടെ ചൈനീസ് കേബിൾ ഇടപാട് അഴിമതിക്കുരുക്കിൽ

New Update

publive-image

Advertisment

തിരുവനന്തപുരം: ഇന്ത്യൻ നിർമ്മിത ഉൽപന്നം വേണമെന്ന ടെൻഡർ വ്യവസ്ഥ ലംഘിച്ച് കെ ഫോൺ പദ്ധതിയിൽ ചൈനീസ് കേബിളുകൾ വൻവിലയ്ക്ക് വാങ്ങിക്കൂട്ടി ഉപയോഗിച്ചതിനെക്കുറിച്ച് വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി. ചൈനീസ് കേബിളിന് ഗുണനിലവാരമില്ലെന്ന് കെ.എസ്.ഇ.ബിയും എ.ജിയും ചൂണ്ടിക്കാട്ടിയതോടെയാണ് നിൽക്കകള്ളിയില്ലാതെ സർക്കാരിന്റെ സ്വപ്ന പദ്ധതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചത്.

അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പായിച്ചറ നവാസാണ് വിജിലൻസിൽ പരാതി നൽകിയത്. വരുന്ന 7ന് മൊഴി നൽകാനെത്താൻ നവാസിന് വിജിലൻസ് നോട്ടീസ് നൽകി. വിജിലൻസ് ഒന്നാം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റാണ് അന്വേഷിക്കുന്നത്.

കേബിളിന്റെ ആകെ വിലയിൽ 70ശതമാനം വരുന്ന സുപ്രധാന ഘടകങ്ങളാണു ‘ടിജിജി ചൈന’ കമ്പനിയിൽനിന്നു വാങ്ങിയത്. വില ആറിരട്ടിയോളം കൂടുതലായിരുന്നു. ഇന്ത്യയിൽ രൂപകൽപന ചെയ്ത്, നിർമ്മിച്ച്, പരിശോധന നടത്തിയ ഉൽപന്നങ്ങളാണ് ഉപയോഗിക്കേണ്ടതെന്നായിരുന്നു ടെൻഡറിൽ.

ചൈനീസ് കേബിളിന്റെ ഗുണനിലവാരത്തിൽ എ.ജി കടുത്ത സംശയം ഉന്നയിച്ചിരിക്കുകയാണ്. ഒരു കമ്പനി നൽകിയ കേബിളിന്റെ ഒപ്ടിക്കൽഭാഗം പൂർണമായും ചൈനയിൽനിന്ന് ഇറക്കുമതിചെയ്തതെന്നാണ് ഓഡിറ്റർ ജനറൽ കണ്ടെത്തിയത്.

കരാർ ഏറ്റെടുത്ത കൺസോർഷ്യത്തിൽ പങ്കാളിയായ എൽ.എസ്. കേബിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഒപ്ടിക്കൽ ഗ്രൗണ്ട് വയർ (ഒ.പി.ജി.ഡബ്ല്യു. ) ‘മെയ്ക്ക് ഇൻ ഇന്ത്യ’ മാനദണ്ഡം പാലിച്ചിട്ടുണ്ടോയെന്നും എ.ജി സംശയമുന്നയിക്കുന്നു. കേബിളിന് അംഗീകാരം നൽകിയതിലൂടെ കെ-ഫോൺ പദ്ധതിയുടെ നടത്തിപ്പുകാരായ കെ.എസ്.ഐ.ടി.ഐ.എൽ. ഈ കമ്പനിക്ക് അനർഹമായ സഹായം ചെയ്തെന്നാണ് ഓഡിറ്റ് റിപ്പോർട്ട്.

കെ-ഫോണിന് വാങ്ങുന്ന ഉത്പന്നങ്ങൾ കേന്ദ്രസർക്കാർ നിശ്ചയിച്ച് ‘മെയ്ക്ക് ഇൻ ഇന്ത്യ’ മാനദണ്ഡം പാലിക്കണമെന്ന് ടെൻഡറിൽ വ്യവസ്ഥയുണ്ട്. ഉത്പന്നഘടകങ്ങളിൽ 55 ശതമാനം പ്രദേശികമായി ഉത്പാദിച്ചിട്ടുണ്ടെങ്കിൽ മാത്രമേ ‘മെയ്ക്ക് ഇൻ ഇന്ത്യ’ അംഗീകാരം നൽകാനാവൂ. എന്നാൽ, ഒ.പി.ജി.ഡബ്ല്യു. കേബിളിന്റെ പരമപ്രധാന ഭാഗം ഒപ്ടിക്കൽ യൂണിറ്റാണ്. കേബിളിന്റെ 60-70 ശതമാനംവരെ വരുമിത്. കൂടാതെ എൽ.എസ്. കേബിളിന്റെ ഹരിയാണയിലെ ഫാക്ടറിയിൽ ഒപ്ടിക്കൽ യൂണിറ്റ് നിർമിക്കാനുള്ള സംവിധാനമില്ല.

ചൈനയിൽനിന്ന് ഇറക്കുമതിചെയ്ത ഒപ്ടിക്കൽ യൂണിറ്റിന് അലൂമിനിയത്തിന്റെ ആവരണം നൽകുന്ന ജോലി മാത്രമാണ് എൽ.എസ്. കേബിൾ ഹരിയാനയിൽ ചെയ്യുന്നത്. ഫാക്ടറി സന്ദർശിച്ച കെ.എസ്.ഐ.ടി.ഐ.എൽ. പ്രതിനിധികൾക്ക് ഇക്കാര്യമെല്ലാം ബോധ്യമുണ്ടൊയിരുന്നു. എന്നിട്ടും കേബിൾ നൽകിയ രേഖകൾ അപ്പാടേ അംഗീകരിച്ച കെ.എസ്.ഐ.ടി.ഐ.എൽ. നടപടി വിചിത്രമാണെന്ന് എ.ജി വിലയിരുത്തി.

രാജ്യത്ത് രണ്ടു കമ്പനികൾ ഇത്തരം കേബിൾ നിർമിക്കുന്നുണ്ട്. ഇതുവാങ്ങാൻ എൽ.എസ്. കേബിൾ കന്പനി തയ്യാറായിട്ടില്ല. പദ്ധതിക്കുവേണ്ടി ചൈനയിൽനിന്ന് ഒപ്ടിക്കൽ യൂണിറ്റ് ഇറക്കുമതി ചെയ്യേണ്ടി വന്നതിന്റെ സാഹചര്യവും കമ്പനി വ്യക്തമാക്കുന്നില്ല.

ഗുണനിലവാരം ഉറപ്പാക്കാനാവില്ലെന്ന് കെ.എസ്.ഇ.ബി നേരത്തേ മുദ്രകുത്തിയ ചൈനയിലെ ടി.ജി.ജി. എന്ന കമ്പനിയിൽനിന്നാണ് ഒപ്ടിക്കൽ യൂണിറ്റ് വാങ്ങിയതും. 220 കെ.വി. ലൈനിനുവേണ്ടി കെ.എസ്.ഇ.ബി. പതിവായി വാങ്ങുന്ന വയറിനെക്കാൾ ആറുമടങ്ങ് വില നൽകേണ്ടിവന്നതായും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.

കെ ഫോണിനായി ചൈനീസ് കമ്പനിയുമായുള്ള ഇടപാട് സംശയകരമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ പ്രാധാന്യമുള്ള മേഖലയാണ് ഇതെന്നും ചൈനീസ് കമ്പനിയെ ആശ്രയിക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിൽ നിരവധി കമ്പനികൾ കേബിൾ ഉത്പാദിപ്പിക്കുന്നുണ്ട്, ഈ സാഹചര്യത്തിൽ എന്തിനാണ് ചൈനയിൽ നിന്ന് കേബിൾ വാങ്ങിയതെന്ന് വിശദീകരിക്കണം- കേന്ദ്രമന്ത്രി പറഞ്ഞു.

കെ ഫോണിന്റെ കേബിളുകൾ ചൈനീസ് കമ്പനിയുടേതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചപ്പോൾ കെ ഫോൺ അധികൃതർ ഇത് നിഷേധിച്ചിരുന്നു. എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെയുള്ള കേരള സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ ജൂൺ അഞ്ചിനാണ് ഉദ്ഘാടനം ചെയ്തത്.

എല്ലാവർക്കും ഇന്റർനെറ്റ് എന്ന് പറഞ്ഞപ്പോൾ സ്വപ്‌നമായേ എല്ലാവരും കരുതിയുള്ളൂവെന്നും എന്നാലതും യഥാർത്ഥ്യമായെന്നുമാണ് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്.

Advertisment