മട്ടന്നൂര്‍: കണ്ണൂര്‍ മട്ടന്നൂര്‍ പത്തൊമ്പതാം മൈലില്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ചു വെച്ച വീട്ടിനുള്ളില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ മരിച്ചു. അസം സ്വദേശികളായ ഫസല്‍ ഹഖ് (45), മകന്‍ ഷഹിദുള്‍ (22) എന്നിവരാണ് മരിച്ചത്.
ആക്രി പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ പാത്രം വീട്ടിൽ കൊണ്ടുപോയി തുറന്നപ്പോഴായിരുന്നു പൊട്ടിത്തെറി. ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെയാണ് വാടക വീട്ടിൽ സ്ഫോടനം ഉണ്ടായത്. ഉഗ്ര ശബ്ദത്തിൽ പൊട്ടിത്തെറി അയൽക്കാരാണ് ആദ്യം കണ്ടത്.
പൊലീസും എത്തി പരിശോധിച്ചപ്പോൾ ഒരാൾ കൊല്ലപ്പെട്ടതായും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും കണ്ടെത്തി. ഫസൽ ഹഖ് ആണ് സ്ഫോടനസ്ഥലത്ത് വച്ച് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൻ ഷഹിദുള്‍ ആശുപത്രിയിൽ വച്ചും മരിച്ചു. പൊലീസ് ഫൊറൻസിക് സംഘം നടത്തിയ പരിശോധനയിൽ സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമായി.
സ്‌ഫോടനത്തില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നിട്ടുണ്ട്. വീടുകളില്‍ നിന്നും മറ്റും ആക്രി സാധനങ്ങള്‍ ശേഖരിച്ച് വില്‍ക്കുന്ന മറുനാടന്‍ തൊഴിലാളികള്‍ മാസങ്ങളായി ഈ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. നാലു പേരാണ് വീട് വാടകക്കെടുത്ത് താമസിച്ച് വരുന്നത്. സ്‌ഫോടനം നടക്കുമ്പോള്‍ രണ്ടു പേരാണ് ഉണ്ടായിരുന്നത്.