തിരുവനന്തപുരം: ഡിവൈഎഫ്ഐ പരിശീലന ക്യാംപിന്‍റെ ബാനറിലെ യൂത്ത് ബ്രിഗേഡ് പോസ്റ്ററിലെ ചിത്രം മാറിപ്പോയതിൽ സംഘടനയ്‌ക്കെതിരായ പരിഹാസങ്ങൾക്കു മറുപടിയുമായി എം.വിജിന്‍ എംഎല്‍എ. ഡിസൈനര്‍ക്ക് ഒരു ചിത്രം മാറിപ്പോയതാണെന്നും അതിന്റെ പേരില്‍ പതിറ്റാണ്ടുകളായി നാടിനു വേണ്ടി സ്വയം സമര്‍പ്പിച്ച ഒരു യുവജന പ്രസ്ഥാനത്തെയാണ് അപമാനിക്കുന്നതെന്നും വിജിന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിജിന്റെ മറുപടി.
കോളിക്കടവിൽ ജൂലൈ മൂന്നിനു നടന്ന യൂത്ത് ബ്രിഗേഡ് പരിശീലന ക്യാംപ് ഉദ്ഘാടകനായെത്തിയത് എം.വിജിൻ എംഎൽഎയായിരുന്നു. ഈ ക്യാംപുമായി ബന്ധപ്പെട്ട പോസ്റ്ററിലാണ് ചിത്രം മാറിപ്പോയത്. യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍ പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നതായി കാണിച്ച് പോസ്റ്ററില്‍ നല്‍കിയ ചിത്രം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെതല്ലെന്നതാണ് പരിഹാസങ്ങള്‍ക്ക് ഇടയാക്കിയത്.
വിജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഡിസൈനർക്ക് ഒരു ചിത്രം മാറിപ്പോയതിൻ്റെ പേരിൽ പതിറ്റാണ്ടുകളായി നാടിനു വേണ്ടി സ്വയം സമർപ്പിച്ച ഒരു യുവജനപ്രസ്ഥാനത്തെ അപമാനിക്കാനിറങ്ങുന്നവരോട് ...ഒരു തരി മണൽ ഉള്ളം കൈയിലമർന്നു പോയാൽ ത്യാഗത്തിൻ്റെ HD ചിത്രം പകർത്തിയെടുത്ത് നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന സംസ്കാരമല്ല DYFI യെ
നയിക്കുന്നത്.
നാട് നിന്ന് തേങ്ങിയ പ്രതിസന്ധികളിൽ പകച്ചുപോയ നിമിഷങ്ങളിലെല്ലാം ഒരാഹ്വാനവുമില്ലാതെ തന്നെ ഓടിയെത്തിയ ചെറുപ്പക്കാരിൽ മഹാഭൂരിപക്ഷം DYFIക്കാർ തന്നെയായിരുന്നു..മഹാപ്രളയം നാടും വീടും നിലയില്ലാ ദുരിതത്തിലെത്തിച്ചപ്പോൾ യൂണിഫോമിനും സുരക്ഷാ ഉപകരണങ്ങൾക്കും കാത്തു നിൽക്കാതെ പാതിരാവിലും പാഞ്ഞെത്തിയത് കേരളത്തിൻ്റെ വിപ്ലവ യൗവ്വനമായിരുന്നു..
ആയിരകണക്കിന് സന്നദ്ധ സേനാ സംഘങ്ങൾ മുങ്ങിപ്പോയ ഒരു നാടിനെ കരകയറ്റാനൊരുമിച്ചപ്പോൾ എങ്ങും എവിടെയും DYFI യൂത്ത് ബ്രിഗേഡ് വിയർത്തൊലിച്ചും ചെളിവെള്ളത്തിൽ നീന്തിയും സദാ സമയവുമുണ്ടായിരുന്നു..
നടത്തിയ അധ്വാനത്തിൻ്റെ പത്ത് ശതമാനത്തിൽ താഴെ മാത്രമേ ചിത്രങ്ങളായി എത്തിയുള്ളുവെങ്കിലും
അത് തന്നെ പതിനായിരക്കണക്കിനുണ്ട്.
കോവിഡ് മഹാമാരി വന്നപ്പോൾ ഭയചകിതരായ മനുഷ്യർക്കിടയിൽ നിർഭയം മൃതദേഹം സംസ്കരിക്കാനും രോഗബാധിതരെ ആശുപത്രിയിലെത്തിക്കാനും ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ സജ്ജമാക്കാനും ഒറ്റപ്പെട്ടു പോയ കുടുംബങ്ങൾക്ക് ഉപ്പു തൊട്ടു കർപൂരം വരെ സകല സാധനങ്ങളുമെത്തിക്കാനും കൊടി പിടിക്കാതെ യൂണിഫോം ധരിക്കാതെ ഇരവു പകലാക്കി അത്യധ്വാനം ചെയ്ത ആയിരക്കണക്കിന് പ്രവർത്തകരുണ്ട് ഈ പ്രസ്ഥാനത്തിൽ.
സാലറി ചാലഞ്ച് ഇല്ലാതാക്കാൻ പലരും മത്സരിച്ചപ്പോൾ ആക്രി പെറുക്കിയും കല്ലു ചുമന്നും കക്ക വാരിയും മീൻ വിറ്റും സമാഹരിച്ച നാണയത്തുട്ടുകൾ ചേർത്ത് വച്ച് പതിന്നൊന്നരക്കോടി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ചെറുപ്പക്കാരുടെ പ്രസ്ഥാനമാണ് .
വർഷങ്ങളായി ഒരു ദിവസം പോലും മുടങ്ങാതെ കേരളത്തിലെ സർക്കാരാശുപത്രികളിൽ കഴിയുന്ന
അശരണരായ മനുഷ്യർക്ക് അന്നമെത്തിക്കുന്ന പ്രസ്ഥാനം. എല്ലാവർഷവും ഏറ്റവും കൂടുതൽ രക്തദാനം ചെയ്ത സംഘടനക്കുള്ള പുരസ്കാരം വാങ്ങിയ പ്രസ്ഥാനം.. ആ പ്രസ്ഥാനത്തെയാണ് ഒരു പോസ്റ്ററും പൊക്കിയെടുത്ത് അവഹേളിക്കാനിറങ്ങുന്നത്.
ആരൊക്കെ എത്ര ശ്രമിച്ചാലും ചരിത്രത്തിൽ നിന്നും മായ്ച്ചുകളയാനാവാത്ത അനേകായിരം നന്മയുടെ അടയാളങ്ങളാണ് DYFI മലയാള മനസ്സിൽ ജീവിതം കൊണ്ട് വരച്ചു വെച്ചിരിക്കുന്നത്. മറക്കരുത്...