/sathyam/media/post_attachments/C81v9j01KFydJmuCt3O1.jpg)
പാലാ: കോട്ടയം ജില്ലയിലെ പ്രമുഖ ബസ് സര്‍വീസ് സ്ഥാപനമായ കെഎംഎസ് മോട്ടോഴ്സ് ഉടമ പൈക കളപ്പുരയ്ക്കല്‍ കെ.ടി മാത്യു (81) എന്ന കെഎംഎസ് കൊച്ചേട്ടന്‍ അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൈക സെന്‍റ് ജോസഫ്സ് പള്ളിയില്‍. മൃതദേഹം തിങ്കളാഴ്ച വസതിയിലെത്തിക്കും.
ഭാര്യ ലിസിയമ്മ ചങ്ങനാശേരി കോയിപ്പള്ളി കുടുംബാംഗമാണ്. മക്കള്‍: സാബു, സജി, സജിനി, സഞ്ജയ്, സഞ്ജീവ്.
പാലാ - പൊന്‍കുന്നം എന്നാല്‍ കെഎംഎസ്
പാലാ - പൊന്‍കുന്നം റൂട്ടിലെ ജനജീവിതം എന്നാല്‍ അത് കെഎംഎസ് ബസ് സര്‍വീസിനോട് ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു. ഒപ്പം പൈകയില്‍ നിന്നും തിരിയുന്ന ഇടമറ്റം - ഭരണങ്ങാനവും പിണ്ണാക്കനാട് ചേറ്റുതോടും ചെങ്ങളവും കൊടുങ്ങൂരുമെല്ലാം ചുറ്റിക്കറങ്ങുന്ന കെഎംഎസ് സര്‍വീസുകളും കാലങ്ങള്‍ക്ക് മുമ്പേ ഉള്ളതാണ്.
പാലാ - പൊന്‍കുന്നം റൂട്ടില്‍ പൊതുഗതാഗതത്തിന് യാതൊരു പ്രാധാന്യവുമില്ലാതിരുന്ന കാലത്ത് ഈ റൂട്ടില്‍ നിരനിരയായി ബസുകള്‍ അണിനിരത്തിക്കൊണ്ടായിരുന്നു കെഎംഎസിന്‍റെ പ്രയാണം. അക്കാലത്തും ഈ റൂട്ടില്‍ അര മണിക്കൂര്‍ കാത്തുനിന്നാല്‍ ഒരു കെ എം എസ് ബസ് അങ്ങോട്ടോ ഇങ്ങോട്ടോ പോകുന്നത് കാണാം.
കോട്ടയം ജില്ലയിലെ ആദ്യത്തെ 'EXPRESS' കാറ്റഗറി ഉള്ള പെർമിറ്റ് കെ എം എസ് വകയാണ്. തിരുവനന്തപുരത്തിനായിരുന്നു അത്. പിന്നെ പാലാ - കുമളി - രാമക്കൽമേട് റൂട്ടിലും പാലാ - എറണാകുളം റൂട്ടിലുമൊക്കെയായി ജില്ല കടന്ന് നിരവധി സർവീസുകൾ കെ എം എസ് വകയായി ഉണ്ടായി.
പൈക ക്രംബ് ജംഗ്ഷനില്‍ പാലാ - പൊന്‍കുന്നം റോഡിന്‍റെ ഓരം ചേര്‍ന്നു തന്നെയാണ് കൊച്ചേട്ടന്‍റെ കളപ്പുരയ്ക്കല്‍ വീട്.
കമ്പനിയ്ക്ക് ഓഫീസ് ഉണ്ടെങ്കിലും കൊച്ചേട്ടന്‍റെ 'ഓഫീസ്' കളപ്പുരയ്ക്കല്‍ വീടിന്‍റെ വരാന്തയാണ്. ആ വരാന്തയിലിരിക്കുമ്പോള്‍ തന്‍റെ ബസുകള്‍ പാലാ ഭാഗത്തേയ്ക്കും പൊന്‍കുന്നം ഭാഗത്തേയ്ക്കും ചേറ്റുതോടിനും ഇടമറ്റത്തിനുമൊക്കെ റോഡിലൂടെ പോകുന്നത് കാണാം.
ആ ഇരുപ്പില്‍ തന്നെ ബസില്‍ തിരക്കുണ്ടോയെന്നും ആളില്ലേയെന്നുമൊക്കെ കൊച്ചേട്ടന് അറിയാം. ബസ് സമയം തെറ്റിയാണ് വരുന്നതെങ്കില്‍ മാനേജര്‍ കൊച്ചേട്ടന്‍റെ നിര്‍ദേശപ്രകാരം റോഡിലിറങ്ങിനിന്ന് ബസ് നിര്‍ത്തി കാര്യം തിരക്കും.
ഇനി വരാന്തയിലെ ആ ഇരുപ്പില്‍ തന്നെ ബസിന് എന്തെങ്കിലും തകരാര്‍ ഉണ്ടെങ്കില്‍ ബസ് കടന്നുപോകുമ്പോഴത്തെ ശബ്ദം കേട്ടാല്‍ കൊച്ചേട്ടനത് തിരിച്ചറിയും. അടുത്ത സര്‍വീസിനിടെ മടങ്ങിവരുമ്പോള്‍ മാനേജര്‍ വഴിയില്‍ നിന്ന് ബസ് നിര്‍ത്തി നേരേ വീടിനോട് ചേര്‍ന്ന വര്‍ക് ഷോപ്പിലേയ്ക്ക് കയറ്റി അപ്പോള്‍ തന്നെ നന്നാക്കി ഇറക്കിവിടും.
പഴയ മലഞ്ചരക്ക് വിപണിയായ പൈകയുടെ വികസനത്തില്‍ കെഎംഎസിനും അതിന്‍റെ സാരഥിയായ കൊച്ചേട്ടനും വലിയ സംഭാവനകള്‍ തന്നെയുണ്ട്.
കെഎംഎസ് മോട്ടോഴ്സിന് ഇപ്പോള്‍ പണ്ടത്രേ അത്ര ബസുകൾ ഇല്ലെങ്കിലും നാടിന് ആവശ്യമുണ്ടായിരുന്ന സമയത്ത് ആ സ്ഥാപനത്തിന്‍റെ 'സര്‍വീസ്' ജനങ്ങള്‍ക്ക് ലഭിച്ചിരുന്നു. അതിനാല്‍ തന്നെ നാടിന്‍റെ പ്രിയങ്കരനായ കെഎംഎസ് കൊച്ചേട്ടന്‍ വിടവാങ്ങുമ്പോള്‍ അത് എല്ലാ അര്‍ഥത്തിലും പാലാക്കാർക്ക് ഒരു നഷ്ടം തന്നെയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us