/sathyam/media/post_attachments/xjAwpx4qgGy46VKiru36.jpg)
പാലാ : ഞായറാഴ്ച അന്തരിച്ച കെ എം എസ് മോട്ടേഴ്സ് ഉടമ പൈക കളപ്പുരയ്ക്കൽ കെ.ടി മാത്യു എന്ന കെഎംഎസ് കൊച്ചേട്ടന്‍ പാലാക്കാർക്ക് വെറുമൊരു വ്യവസായി മാത്രമായിരുന്നില്ല, ആ വ്യവസായം കൊണ്ട് ഒരു നാടിനു എന്തൊക്കെ സേവനം ചെയ്യാമോ അതൊക്കെ ചെയ്തുനൽകിയ ഒരു യഥാർത്ഥ നന്മമരം കൂടിയായിരുന്നു.
അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പാലാ സെന്റ് തോമസ് കോളേജിലേക്കും അൽഫോൻസാ കോളേജിലേക്കും പോകുന്ന കുട്ടികൾക്കായുള്ള കെ എം എസിന്റെ സ്റ്റുഡന്റ്‌സ് ഓൺലി സർവീസുകൾ.
സ്വകാര്യ ബസുകൾ വിദ്യാർത്ഥികളെ കണ്ടാൽ നിർത്താതെ പോകുകയും സ്റ്റോപ്പിൽ നിന്നും മാറ്റി നിർത്തി കുട്ടികളെ കയറ്റാതെ ഫുൾ ടിക്കറ്റുകാരെ മാത്രം കയറ്റി പോകുകയും ചെയ്ത കാലത്തായിരുന്നു കോളേജ് സമയത്ത് രാവിലെയും വൈകിട്ടും 'കെ എം എസ് സ്റ്റുഡന്റ്‌സ് ഓൺലി' സർവീസുകൾ എന്നോർക്കണം.
അതിൽ കുട്ടികളെ മാത്രമേ കയറ്റൂ. ഫുൾ ടിക്കറ്റുകാർക്ക് അതിൽ യാത്രാനുവാദമില്ല. ആ ട്രിപ്പുകൾ ഓടിയാൽ ആ സർവീസിന് കുട്ടികളിൽ നിന്നും കിട്ടുന്ന 10 പൈസ കൂട്ടിയാൽ ഡീസൽ പോലും അടിക്കാൻ കിട്ടില്ല . ആ കാശ് കൊച്ചേട്ടൻ സ്വന്തം പോക്കറ്റിൽ നിന്നും മുടക്കും. കെ എസ് ആർ ടി സി പോലും ചെയ്യാത്ത സേവനമായിരുന്നു അന്നത്. ഇത് ഒന്നല്ല പതിറ്റാണ്ടുകളോളം തുടർന്നിരുന്നു.
പാപ്പനും ചാച്ചിയും വെറും സർവീസുകളായിരുന്നില്ല, പിന്നെയോ ?
1950 ഓടെയായിരുന്നു കെ എം എസിന്റെ തുടക്കം. കൊച്ചേട്ടന്റെ പിതാവ് കളപ്പുരയ്ക്കൽ പാപ്പൻ ചേട്ടനായിരുന്നു കെ എം എസിന്റെ സ്ഥാപകൻ. പിതാവിൽ നിന്നും നേരെ കൊച്ചേട്ടനാണ് ഈ വ്യവസായം ഏറ്റെടുത്തത്. ആ പിതാവിന്റെ ഓർമ്മയ്ക്കായിരുന്നു പിന്നീട് തുടങ്ങിയ ചില കെ എം എസ് സർവീസുകൾ 'പാപ്പൻ' എന്ന പേരിലറിയപ്പെട്ടത്. പാപ്പൻ മാത്രമായിരുന്നില്ല കൊച്ചേട്ടന് പ്രിയങ്കരമായിരുന്നത് , അമ്മ ചാച്ചിയോടും വലിയ സ്നേഹമായിരുന്നു അദ്ദേഹത്തിന് .
അങ്ങനെയാണ് അമ്മയുടെ ഓർമ്മയ്ക്കായി 'ചാച്ചി' ബസിറക്കിയത്. ഇനി പാപ്പനോടും ചാച്ചിയോടും മാത്രമായിരുന്നില്ല ആ ഇഷ്ടം. മൂത്ത മകൻ സാബുവിൻ്റെയും സാബുവിൻ്റെ മക്കളുടെയും സജിയുടെ മകന്റെയുമൊക്കെ പേരിൽ ബസുകളിറക്കി. 'സാബു', 'രേഷ്മ', 'കെവിൻ', 'മാത്യു' തുടങ്ങിയ സർവീസുകൾ ഒക്കെ അങ്ങനെയാണ്.
/sathyam/media/post_attachments/buRNYZf4SCa6htubbKla.jpg)
പൊതുഗതാഗതത്തിൻ്റെ ശക്തിയും സൗന്ദര്യവും
പാലാ - പൊൻകുന്നം റൂട്ടിൽ ജനത്തിനു വാടക വണ്ടി പോലും വിളിക്കാൻ പൈസ ഇല്ലാത്ത ഒരു കാലഘട്ടമുണ്ടായിരുന്നു. അന്നാണ് പൊതുഗതാഗതത്തിന്റെ ശക്തി ജനത്തിനു മനസിലാക്കി കെ എം എസിന്റെ രംഗപ്രവേശം .
ആ സർവീസുകൾ കോട്ടയം ജില്ലയിലെ ഗ്രാമീണ മേഖലകളിൽ തുടങ്ങി ജില്ലയ്ക്ക് പുറത്തേയ്ക്കും നീളുന്നതായിരുന്നു. പാലാ - പൊൻകുന്നം റൂട്ടിൽ രാവിലെ 6.00 മുതൽ രാത്രി.8.50 വരെ ചെയിൻ സർവീസ് ആയിട്ടായിരുന്നു കെ എം എസ് സർവ്വീസ്.
/sathyam/media/post_attachments/hcSCZaIE851fyxGiQUHH.jpg)
കെ എസ് ആർ ടി സി ചില നാഷണൽ ഹൈവേ റൂട്ടുകൾ ദേശസാൽക്കരിച്ചതുപോലെ കൊച്ചേട്ടൻ പാലാ - പൊൻകുന്നം റൂട്ട് 'കെ എം എസ് വൽക്കരി'ക്കുകയായിരുന്നു. പിന്നീട് 90 കളിലാണ് ആർ ബാലകൃഷ്ണപിള്ള ഗതാഗത മന്ത്രിയായിരുന്ന കാലത്ത് പാലാ - പൊൻകുന്നം റൂട്ടിൽ കെ എസ് ആർ ടി സി ചെയിൻ സർവീസുകൾ തുടങ്ങിയത് . അപ്പോഴും ജനം തെരഞ്ഞെടുത്തത് കെ എം എസ് സർവീസുകളെ ആയിരുന്നു.
ഏറെ ദിവസങ്ങളായി പാലാ മെഡി സിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊച്ചേട്ടന്റെ വിയോഗം ഞായറാഴ്ച വൈകിട്ടായിരുന്നു. സംസ്കാരം സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് പൈക സെന്‍റ് ജോസഫ്സ് പള്ളിയില്‍ നടക്കും. തിങ്കളാഴ്ചയാണ് മൃതദേഹം വീട്ടിലെത്തിക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us