പാലക്കാട് : അട്ടപ്പാടി മധു കേസിൽ പതിനഞ്ചാം സാക്ഷി മെഹറുന്നീസയെ ഇന്ന് വിസ്തരിക്കും. അട്ടപ്പാടി മധുകേസിൽ സാക്ഷികൾ കൂട്ടത്തോടെ കൂറ് മാറുന്നതിന്റെ സങ്കടത്തിലും നിരാശയിലുമാണ് കുടുംബം. പ്രോസിക്യൂഷൻ സാക്ഷിയായ മെഹറുന്നീസ രഹസ്യ മൊഴി നൽകിയ വ്യക്തി കൂടിയാണ്. കോടതിയിൽ കൂറുമാറിയ 10, 11, 12, 14 സാക്ഷികളും രഹസ്യമൊഴി നൽകിയവരാണ്.
/sathyam/media/post_attachments/tov1mr8XIKBKSrdTtHoa.png)
13ആം സാക്ഷി സുരേഷ് ആശുപത്രിയിൽ ആയതിനാൽ വിസ്താരം പിന്നീടായിരിക്കും നടത്തുക.സാക്ഷികളെ പ്രതിഭാഗം സ്വാധീനിക്കുന്നു എന്ന് മധുവിന്റെ കുടുംബം ആരോപിച്ചിരുന്നു. വിസ്താരത്തിനിടെ മൊഴി മാറ്റിയ മധു കേസിലെ പന്ത്രണ്ടാം സാക്ഷിയായ അനിൽകുമാറിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറായിരുന്നു അനിൽകുമാർ. കൂറുമാറാതിരിക്കാൻ സാക്ഷികൾ പണം ആവശ്യപ്പെടുകയാണ്.
കേസുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് തങ്ങൾക്ക് വലിയ സമ്മർദം ഉണ്ടെന്നും സരസു പറയുന്നു. സ്വന്തം സഹോദരന് നീതി തേടി പോരാടുമ്പോഴുള്ള ഒരു സഹോദരിയുടെ നിസ്സഹായവസ്ഥ ആണിത്. കൂറുമാറാതിരിക്കാൻ പണം ചോദിക്കുന്ന സാക്ഷികൾ. ഇതിനിടെ, അട്ടപ്പാടിയിൽ കഴിയാൻ ഭീഷണി ഉണ്ടെന്നു കാണിച്ചു മധുവിന്റെ കുടുംബം പാലക്കാട് എസ്പിക്ക് പരാതി നൽകി.
മണ്ണാർക്കാടേക്ക് താമസം മാറ്റാനാണ് ആലോചന. ഭീഷണിയും പ്രലോഭങ്ങളും ഭയന്നാണ് തീരുമാനം. സാക്ഷികൾക്കും മധുവിന്റെ കുടുംബത്തിനും പൊലീസ് സംരക്ഷണം നൽകണമെന്ന് ജില്ലാ ജഡ്ജി അധ്യക്ഷനായ കമ്മിറ്റി കഴിഞ്ഞ ഉത്തരവിട്ടിരുന്നു.