/sathyam/media/post_attachments/I9JIEiLdmmKb7NraHRpd.jpg)
തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തിൽ തനിക്ക് ബന്ധമില്ലന്ന് പറഞ്ഞതിൽ സന്തോഷമെന്ന് കെടി ജലീൽ. ഖുറാന്റെയും കാരക്കയുടെയും മറവിൽ സ്വർണം കടത്തിയെന്ന് പറയുന്നത് അസ്ഥാനത്താണെന്ന് പറഞ്ഞതിൽ സന്തോഷം. സ്വപ്നയുടെ ആരോപണങ്ങളിൽ പുതുമയില്ലെന്ന് ജലീല്‍ പറഞ്ഞു.
കോവിഡ് കാലത്ത് ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചവരുടെ ചിത്രം അടക്കം പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് മാധ്യമം പത്രത്തിനെതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍സുല്‍ ജനറലിന്റെ പി.എയ്ക്ക് കത്തയച്ചതെന്ന് ജലീല്‍ വെളിപ്പെടുത്തി.
കോവിഡ് കാലത്ത് സര്‍ക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ ഫോട്ടോ വെച്ചുകൊണ്ട് മാധ്യമം ദിനപ്പത്രം ഫീച്ചര്‍ പ്രസിദ്ധീകരിച്ചു. അത് ഇവിടെയുള്ള പ്രവാസികള്‍ക്കിടയില്‍ വല്ലാത്ത അങ്കലാപ്പും ധാര്‍മിക രോഷവും ഉണ്ടാക്കി- ജലീല്‍ പറഞ്ഞു.
പത്രം ചെയ്തതിന്റെ നിജസ്ഥിതി എന്താണെന്ന് അന്വേഷിച്ചുകൊണ്ട് അന്നത്തെ കോണ്‍സുല്‍ ജനറലിന്റെ പി.എയ്ക്ക് വാട്ട്‌സ് ആപ്പ് സന്ദേശം അയച്ചിരുന്നു. സ്വപ്‌നയായിരുന്നു അന്ന് പി.എ. പേഴ്‌സണല്‍ മെയില്‍ ഐഡിയില്‍നിന്ന് കോണ്‍സല്‍ ജനറലിന്റെ ഒഫിഷ്യല്‍ ഐഡിയിലേക്ക് ഇതിന്റെ കോപ്പി അയക്കുകയും ചെയ്തു. ഇതില്‍ എവിടെയും ഏതെങ്കിലും പത്രം നിരോധിക്കണമെന്ന് പറഞ്ഞിട്ടേയില്ല. ഇക്കാര്യങ്ങള്‍ അവരുടെ ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് ചെയ്തത്. ഉചിതമായ നടപടി എടുക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
പഴ്സനൽ ഐഡിയിൽനിന്ന് ഇ–മെയിലാണ് അയച്ചത്. അബ്ദുൽ ജലീൽ എന്ന പേരിലാണ് അയച്ചത്. അത് എന്റെ ഔദ്യോഗിക നാമമാണ്. ഇതിൽ പ്രോട്ടോക്കോൾ ലംഘനമുണ്ടോ? ഒരു യുഡിഎഫ് എംപിയും ഇതുപോലെ കത്തയച്ചിട്ടുണ്ട്.
കോൺസുൽ ജനറലുമായി ബിസിനസ് ബന്ധമുണ്ടാക്കാൻ ശ്രമിച്ചിട്ടില്ല. ജീവിതത്തിൽ യൂത്ത് ലീഗിന്റെ സെക്രട്ടറിയായിരുന്ന കാലത്ത് ട്രാവൽ ഏജൻസി നടത്തിയതൊഴിച്ചാൽ മറ്റൊരു ബിസിനസിലും ഇന്നുവരെ താൻ പങ്കാളിയായിട്ടില്ല. ഗൾഫിലെന്നല്ല ലോകത്ത് എവിടെയും ബിസിനസോ ബിസിനസ് പങ്കാളിത്തമോയില്ല. നികുതി അടയ്ക്കാത്ത ഒരു രൂപ പോലും തന്റെ പക്കലില്ലെന്നും ജലീല്‍ വ്യക്തമാക്കി.