ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ നാളെ മുതല്‍ കോണ്‍ഗ്രസ് പ്രത്യക്ഷ സമര നടപടികളിലേക്ക് ! ശ്രീറാമിന്റെ നിയമനം ദൗര്‍ഭാഗ്യകരമെന്നും, നിയമനത്തിലെ അനൗചിത്യം സര്‍ക്കാര്‍ മനസിലാക്കണമെന്നും കെ.സി. വേണുഗോപാല്‍

New Update

publive-image

Advertisment

ആലപ്പുഴ: മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്. ശ്രീറാമിനെ കളക്ടറായി നിയമിച്ച സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നാളെ ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തിൽ രാവിലെ പത്ത് മണിക്ക് കളക്ട്രേറ്റിന് മുന്നിൽ ധർണ്ണ സംഘടിപ്പിക്കും.

ജനകീയ താൽപര്യം മാനിക്കാതെ ജനങ്ങളുമായി ചേർന്ന് നിൽക്കേണ്ട കളക്ടർ പദവിയിലേക്ക് ഗുരുതര ആരോപണ വിധേയനായ ഒരാളെ നിയമിച്ചത് നിർഭാഗ്യകരമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി പറഞ്ഞു. മാനുഷിക മൂല്യങ്ങൾക്ക് വലിയ വില നൽകി സാധാരണക്കാരന്റെ പ്രശ്നങ്ങളിൽ അനുഭാവപൂർവ്വം ഇടപെടേണ്ട ആ ചുമതലയിൽ ഗുരുതര ആരോപണ വിധേയനായ ഒരാളെ നിയമിച്ചതിലെ അനൗചിത്യം സർക്കാർ മനസ്സിലാക്കണമെന്നും വേണുഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റ്:

ആലപ്പുഴ ജില്ലാ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ച സർക്കാർ ആ തെറ്റ് തിരുത്തണം.
ജനകീയ താൽപര്യം മാനിക്കാതെ ജനങ്ങളുമായി ചേർന്ന് നിൽക്കേണ്ട കളക്ടർ പദവിയിലേക്ക് ഗുരുതര ആരോപണ വിധേയനായ ഒരാളെ നിയമിച്ചത് നിർഭാഗ്യകരമാണ്.

അനുനിമിഷം ജനങ്ങളുമായി ഇടപഴകുകയും കർത്തവ്യങ്ങൾ നിർവഹിക്കുകയും ചെയ്യേണ്ട ഒരു നിർണായക ചുമതലയാണ് ജില്ലാ കളക്ടർ പദവി. മാനുഷിക മൂല്യങ്ങൾക്ക് വലിയ വില നൽകി സാധാരണക്കാരന്റെ പ്രശ്നങ്ങളിൽ അനുഭാവപൂർവ്വം ഇടപെടേണ്ട ആ ചുമതലയിൽ ഗുരുതര ആരോപണ വിധേയനായ ഒരാളെ നിയമിച്ചതിലെ അനൗചിത്യം സർക്കാർ മനസ്സിലാക്കണം.

തീരദേശ - കാർഷിക ജില്ലയാണ് ആലപ്പുഴ. നിരന്തരം കടലാക്രമണങ്ങളും കുട്ടനാട്ടിലെ വെള്ളപ്പൊക്കമടക്കമുള്ള തീരാദുരിതങ്ങളും നിരന്തരം അനുഭവിക്കേണ്ടി വരുന്ന ഒരു ജനതയാണ് ഇവിടെയുള്ളത്. രണ്ട് പ്രളയങ്ങളെ അതിജീവിച്ച, നിരന്തരം സാംക്രമിക രോഗങ്ങളും കൃഷിനാശങ്ങളുമടക്കം നേരിടേണ്ടി വരുന്ന ഒരു ജില്ല.

അവിടുത്തെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി അവരോടൊപ്പം നിൽക്കാൻ കഴിയുന്ന ഒരു ഉദ്യോഗസ്ഥനെ നിയമിക്കേണ്ടതിനു പകരം ഒരു നിരപരാധിയായ മാധ്യമ പ്രവർത്തകനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന ഗുരുതര ആരോപണം നേരിടുന്ന ഒരാളെ നിയമിച്ച നടപടി ജനകീയ താൽപര്യം മുൻനിർത്തി അടിയന്തരമായി തിരുത്താൻ സർക്കാർ തയ്യാറാകണം.

ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയങ്ങളിൽ സി പി എമ്മിന്റെ നയ സമീപനം എന്താണെന്നത് വീണ്ടും വ്യക്തമായി. കോൺഗ്രസ് പാർട്ടി നാളെ മുതൽ ഇതിനെതിരേ പ്രത്യക്ഷ സമര നടപടികളിലേക്ക് കടക്കുകയാണ്. സർക്കാർ തെറ്റുതിരുത്തും വരെ പ്രതിഷേധം തുടരും.

Advertisment