കൊച്ചി: ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ മോഷണ കേസിന്റെ വിചാരണ വൈകുന്നതിനെ ന്യായീകരിച്ചു സർക്കാർ ഹൈക്കോടതിയിൽ. ആന്റണി രാജുവിന്റെ കേസ് മാത്രമല്ല അനേകം കേസ് കെട്ടിക്കിടപ്പുണ്ടെന്നായിരുന്നു വാദം. ഹർജിക്കു പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന വാദവും സർക്കാർ മുന്നോട്ടു വച്ചു.
/sathyam/media/post_attachments/8Ke6Horjgb9URUKG8OU6.jpg)
തൊണ്ടി മുതലിൽ കൃത്രിമം കാണിച്ചെന്ന കേസിന്റെ വിചാരണ വേഗം പൂർത്തിയാക്കണം എന്ന ആവശ്യവുമായി എത്തിയ ഹർജി പരിഗണിക്കുമ്പോഴാണ് മന്ത്രിയെ ന്യായീകരിച്ചുള്ള സർക്കാർ അഭിഭാഷകന്റെ വാദങ്ങൾ.
ഇത്തരം ഹർജികൾ പ്രോത്സാഹിപ്പിച്ചാൽ ഇതുപോലെ അനേകം ഹർജികൾ വരുമെന്നായിരുന്നു പ്രോസിക്യൂഷൻ മറുപടി. ഇത്തരം കേസിൽ സ്വകാര്യ ഹർജികൾ പാടില്ല എന്ന് സുപ്രീം കോടതി വിധി ഉണ്ടെന്നു പ്രോസിക്യൂഷൻ വിശദീകരിച്ചു.
പല കേസുകളിലും ഇതു പോലെ മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നു കോടതി വിശദീകരിച്ചു. ഹർജി നിലനിൽക്കുമോ എന്നതു വിശദമായി പരിഗണിക്കാമെന്നു വ്യക്തമാക്കിയ ഹൈക്കോടതി വിചാരണക്കോടതിയോടു റിപ്പോർട്ട് തേടി. ഹർജി ഹൈക്കോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി വച്ചു.