മഴക്കെടുതി നേരിടാൻ കോട്ടയം ജില്ല സജ്ജം ! ദേശീയ ദുരന്തനിവാരണ സേനയുടെ സംഘം ഈരാറ്റുപേട്ടയിലെത്തും. ജീവനക്കാരുടെ അവധി റദ്ദാക്കി ഒരുക്കങ്ങൾ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment
മീനച്ചിലാര്‍ ഇന്നത്തെ ജലനിരപ്പ്

കോട്ടയം: മഴക്കെടുതി നേരിടുന്നതിന് പൂർണസജ്ജമാകാൻ എല്ലാ വകുപ്പുകൾക്കും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശം. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം നൽകിയത്. ഉദ്യോഗസ്ഥർ 24 മണിക്കൂറും സേവനനിരതരാകണം.

മഴക്കെടുതി നേരിടുന്നതിന് ദേശീയ ദുരന്തനിവാരണ സേനയുടെ സംഘം ഇന്ന് രാത്രി ഈരാറ്റുപേട്ടയിലെത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ചെന്നൈയിൽ നിന്നാണ് സംഘം എത്തുക. കുറ്റിപ്പാറ ഗവൺമെന്റ് എച്ച്.എസ്.എസിൽ ക്യാമ്പ് ചെയ്യും.

ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വകുപ്പുകളിലെ സർക്കാർ ജീവനക്കാർക്ക് അവധി അനുവദിക്കില്ല.

ക്യാമ്പുകൾ സജ്ജമാക്കാനും ദുരിതസാധ്യത മേഖലയിലുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും നടപടിയായി. ക്യാമ്പുകളിൽ ഭക്ഷണം, മരുന്ന് എന്നിവ ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി.

ദുരിതാശ്വാസ പ്രവർത്തനങ്ങൾ താലൂക്ക് തലത്തിൽ ഏകോപിപ്പിക്കാൻ താലൂക്കുതലത്തിൽ ഡെപ്യൂട്ടി കളക്ടർമാർക്ക് ചുമതല നൽകി. താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്ററുകളിൽ ജൂനിയർ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം പ്രവർത്തിക്കും.

എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചു.

പാലങ്ങളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ അടിയന്തരമായി നീക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി.

മലയോര മേഖലയിലേക്ക് വൈകിട്ട് 7 മുതൽ രാവിലെ 7 വരെ യാത്രാനിരോധനം ഏർപ്പെടുത്തി. അനാവശ്യ യാത്രകൾ ഒഴിവാക്കണം.

മലയോരമേഖലയിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും.ക്യാമ്പുകളുടെ സുരക്ഷയ്ക്കടക്കം കൂടുതൽ പൊലീസിനെ നിയോഗിക്കും.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ഹൗസ്‌ബോട്ടുകൾ, ശിക്കാരകൾ എന്നിവ സർവീസ് നടത്തുന്നത് നിരോധിച്ചു.

ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽ വെള്ളപ്പൊക്കമുണ്ടായാൽ ആളുകളെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റുന്നതിന് മുൻകൂർ നടപടികൾ സ്വീകരിക്കുന്നതിന് റവന്യൂ, തദ്ദേശസ്വയംഭരണ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.

ദുരിതാശ്വാസ പ്രവർത്തനങ്ങളെയടക്കം ബാധിക്കുമെന്നതിനാൽ വെള്ളപ്പൊക്ക ബാധിത, ഉരുൾപൊട്ടൽ മേഖലകൾ അനാവശ്യമായി സന്ദർശിക്കുന്നത് ഒഴിവാക്കണം. നദികളിൽ ഇറങ്ങരുത്.

രക്ഷാപ്രവർത്തനത്തിനാവശ്യമായ വള്ളങ്ങൾ, യന്ത്രങ്ങൾ, വാഹനങ്ങൾ, ബോട്ടുകൾ എന്നിവ കണ്ടെത്തി തയാറാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

 

Advertisment