/sathyam/media/post_attachments/Sm3P8lhaI7hv194LyOal.jpg)
തിരുവനന്തപുരം: അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ രാത്രിയിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ ഓഗസ്റ്റ് അഞ്ച് വരെ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കണ്ണൂർ ജില്ലയിൽ കണിച്ചാർ പഞ്ചായത്തിലെ കൊളക്കാട് കുരിശുമലയിലും നെടുംപൊയിൽ 24–ാം മൈൽ, പൂളക്കുറ്റി തുടിയാട് എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ചെക്യേരി കോളനിയിലെ നാല് കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. നെടുംപൊയിൽ ടൗണിൽ മലവെള്ളം ഒലിച്ചിറങ്ങി.
കൊല്ലം നീണ്ടകര അഴിമുഖത്ത് ശക്തമായ തിരയിൽപ്പെട്ട ബോട്ടിലെ നാല് മത്സ്യത്തൊഴിലാളി കടലിൽ വീണു. പിന്നാലെ വന്ന മറ്റൊരു ബോട്ടിലെ മത്സ്യത്തൊഴിലാളി ഇവരെ രക്ഷിച്ചു. അഴീക്കലിലും സമാനമായ അപകടം ഉണ്ടായി. അഴീക്കല്‍ തുറമുഖത്ത് ബോട്ടിൽ നിന്ന് തെറിച്ച് കടലിൽ വീണവർ നീന്തി രക്ഷപെട്ടു.
തൃശൂർ ചാവക്കാട് അഴിമുഖത്ത് വള്ളംമറിഞ്ഞ് മൂന്നു മത്സ്യത്തൊഴിലാളികളെ കാണാതായി. മൂന്നു പേർ രക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.