/sathyam/media/post_attachments/Xi1Eu5OF86h7POJtQb1D.jpg)
ഇടുക്കി: നീരൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍, മലമ്പുഴ അണക്കെട്ടുകള്‍ തുറന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ആറു ഷട്ടറുകള്‍ 30 30 സെന്‍റിമീറ്റര്‍ വീതമാണ് തുറന്നത്. വൈകിട്ട് അഞ്ചിനാണ് വി1 വി5 വി6 വി10 എന്നീ ഷട്ടറുകൾ തുറന്നത്. ആകെ 1870 ഘനയടി ജലം പുറത്തുവിടുന്നുണ്ട്. 9066 ഘനയടിയാണ് നീരൊഴുക്ക്.
6 ഷട്ടറുകൾ തുറന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തൽ. സെക്കന്റിൽ ആറായിരം ഘടയടി വെള്ളം പുറത്തേക്കൊഴുക്കുന്ന സാഹചര്യം ഉണ്ടായാൽ മാത്രമേ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറൂ. എന്നാലും പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഇടുക്കി ജില്ലയിലുണ്ടായിരുന്ന എന്‍ഡിആര്‍എഫ് സംഘത്തെ മുല്ലപ്പെരിയാറിലേക്ക് വിന്യസിച്ചു. മാറ്റിപ്പാര്‍പ്പിക്കല്‍ ആവശ്യമായി വന്നാല്‍ സ്വീകരിക്കേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
പാലക്കാട് മലമ്പുഴ, കൊല്ലം തെന്മല ഡാമുകളുടെ ഷട്ടറുകളും ഉയർത്തി. കല്ലടയാറിന്റെ തീരത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകളാണ് വൈകീട്ട് മൂന്ന് മണിയോടെ തുറന്നത്. 10 സെന്റീമീറ്റർ വീതം നാല് ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്.
ജലനിരപ്പ് ഉയർന്നതോടെ രാവിലെ 9 മണിയോട് ഷട്ടറുകൾ തുറക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാൽ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ അണക്കെട്ട് ഉടൻ തുറക്കില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 112.30 മീറ്ററാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. 115.06 മീറ്ററാണ് പരമാവധി സംഭരണ ശേഷി.