തിരുവനന്തപുരം: എറണാകുളത്ത് ദേശീയപാതയിലെ കുഴിയിൽ വീണ് ഹോട്ടൽ തൊഴിലാളി മരിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രസ്താവനക്ക് മറുപടിയുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
പി ഡബ്ല്യു ഡി ഉദ്യോഗസ്ഥരാണ് പ്രവർത്തനം നടത്തേണ്ടതെന്നുള്ളത് വിചിത്ര വാദം തന്നെയെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവ് പൊതുമരാമത്ത് വകുപ്പിനെ കുറ്റപ്പെടുത്തുന്നു. പൊതുമരാമത്ത് വകുപ്പിനെതിരെ അറിയാതെ പറഞ്ഞതാണെങ്കില്‍ അദ്ദേഹം അത് തിരുത്തണമെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രീയ മര്യാദയ്ക്ക് ചേരാത്ത നടപടിയാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഒരാളുടെ മരണത്തെ പോലും രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ്. കേരളത്തിലെ കേന്ദ്ര മന്ത്രിമാര്‍ക്ക് വേണ്ടി വക്കാലത്ത് എടുക്കുകയാണ് വി.ഡി സതീശനെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.
ആലപ്പുഴയിലെ ദേശീയപാതയിൽ ഉണ്ടായ മരണത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വീകരിച്ച നിലപാട് ഇങ്ങനെ ആയിരുന്നില്ല. അന്ന് പ്രതിപക്ഷവും സർക്കാരും ഒന്നിച്ചു നിന്നു. ഇപ്പോഴത്തെ സംഭവവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നടത്തിയ പ്രസ്താവന പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശീയ പാതകളിൽ പോയി സംസ്ഥാന സർക്കാരിന് കുഴിയടക്കാനാകില്ലെന്നും ഹാഷിമിന്റെ മരണത്തിന് ഇടയായ അപകടത്തിന് കാരണക്കാരായ കരാറുകാർക്ക് എതിരെ കേസെടുക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.
സംഭവത്തിൽ ദേശീയപാത അതോറിറ്റിയെയും സംസ്ഥാന പൊതുമരാമത്ത് വകുപ്പിനെയും കുറ്റപ്പെടുത്തിയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയത്. റോഡ് നന്നാക്കാതെ ടോൾ പിരിക്കാൻ അനുവദിക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.