ആദം അലി എത്തിയത് ചെമ്പരത്തിപ്പൂ ചോദിച്ച്, മനോരമ പൂവിറുക്കുന്നതിനിടെ പിന്നില്‍ നിന്ന് ആക്രമിച്ച് കൊലപ്പെടുത്തി; പിന്നാലെ മൃതദേഹം കിണറ്റിലിട്ടു! കുറ്റകൃത്യം വിവരിച്ച് പ്രതി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: ചെമ്പരത്തിപ്പൂ തരുമോയെന്ന് ചോദിച്ചെത്തിയാണ് കേശവദാസപുരം രക്ഷാപുരി റോഡിൽ മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമയെ (68) ഇതര സംസ്ഥാന തൊഴിലാളിയായ ആദം അലി കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ രീതി പ്രതി തെളിവെടുപ്പിനിടെ വിവരിച്ചു.

Advertisment

മനോരമ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയാണ് വീട്ടിൽ എത്തിയതെന്നും വീടിന്‍റെ പിൻവശത്ത് വെച്ച് കൊലപാതകം നടത്തിയതെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. പൂവ് എന്തിനാണെന്നു ചോദിച്ചപ്പോൾ ആദം അലി ഒന്നും പറഞ്ഞില്ല. ചെമ്പരത്തി ചെടിയിൽ നിന്ന് പൂവ് ഇറുത്തുകൊണ്ടുനിന്ന മനോരമയെ പിന്നിൽനിന്നാണ് ആദം അലി ആക്രമിച്ചത്.

നിലവിളിച്ച മനോരമയുടെ കഴുത്തിൽ പ്രതി കുത്തുകയായിരുന്നു. ശബ്ദം പുറത്തുവരാതിരിക്കാൻ സാരി ഉപയോഗിച്ച് ശ്വാസം മുട്ടിച്ചുവെന്നും ആദം അലി പൊലീസിനോട് പറഞ്ഞു. തുടർന്ന് മൃതദേഹം തൊട്ടടുത്ത വീട്ടിലെ കിണറ്റിലിട്ടു. മൃതദേഹം പൊങ്ങിവരാതിരിക്കാനാണ് കാലിൽ കല്ല് കെട്ടിയതെന്നും പ്രതി മൊഴി നൽകി.

ഇതിനുശേഷം താമസസ്ഥലത്തെത്തി വസ്ത്രങ്ങളുമായി ഉള്ളൂരിലേക്കു പോയി. അവിടെനിന്ന് തമ്പാനൂരിലെത്തി ചെന്നൈ വഴി ബംഗാളിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ ചെന്നൈയിൽ നിന്നാണ് റെയിൽവേ സംരക്ഷണ സേനയുടെ പിടിയിലായത്.

മനോരമയിൽനിന്ന് കവർന്ന ആറു പവൻ സ്വർണം എവിടെയെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. തെളിവെടുപ്പിനായി എത്തിച്ച പ്രതിക്കുനേരെ നാട്ടുകാർ പ്രകോപിതരായി പാഞ്ഞടുത്തെങ്കിലും പൊലീസ് നിയന്ത്രിച്ചു.

Advertisment