രാഹുൽ ഗാന്ധിയുടെ ഇഷ്ട ഭക്ഷണ വിഭവങ്ങൾ എന്താണെന്ന് അന്വേഷിച്ച് ഷംസീർ കഷ്ടപ്പെടേണ്ടതില്ല, സീതാറാം യച്ചൂരിയോടും മറ്റ് പൊളിറ്റ് ബ്യൂറോ അംഗങ്ങളോടും ചോദിച്ചാൽ മതി! ഡൽഹിയിൽ സി പി എം നേതാക്കൾക്ക് ദാൽ വട കഴിക്കാനും, തമിഴ്നാട്ടിൽ തൈര് സാദം കഴിക്കാനും ഇപ്പോൾ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും സഹായം വേണം എന്ന കാര്യം ഷംസീർ ഓർക്കുന്നത് നല്ലതാണ്-റോജി എം ജോൺ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: ഡിവൈഎഫ്ഐ വേദിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് രംഗത്തെത്തിയ എ.എൻ.ഷംസീർ എംഎൽഎക്കു മറുപടിയുമായി റോജി എം.ജോൺ എംഎൽഎ. രാഹുൽ ഗാന്ധിയെ വിമർശിക്കാൻ എന്ത് വഷളത്തരങ്ങളും പറയുന്ന ഷംസീർ സി പി എമ്മിലെ വങ്കത്തരം ഡിപ്പാർട്ട്മെന്‍റിന്‍റെ ചുമതലക്കാരനാണെന്നാണ് റോജിയുടെ വിമർശനം.

വങ്കത്തരത്തിന്റെ ഹോൾ സെയിൽ ഡീലർ ആയ ഷംസീർ പക്ഷേ മോദിക്കെതിരെ സംസാരിക്കുമ്പോൾ വാക്കുകളിൽ കാണിക്കുന്ന ജാഗ്രത അത്ഭുതാവഹമാണെന്നും റോജി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്:

രാഹുൽ ഗാന്ധിയെക്കുറിച്ച് എ എൻ ഷംസീർ പറഞ്ഞ വഷളത്തരങ്ങൾ അദ്ദേഹത്തെ അറിയുന്ന ആരിലും ഒരു അത്ഭുതവും ഉണ്ടാക്കിയിട്ടില്ല. വായ തുറന്നാൽ വങ്കത്തരം മാത്രം പറയുന്ന പാർട്ടിയിലെ ഒരു ഡിപ്പാർട്ട്മെന്റിന്റെ ചുമതലയാണ് സി പി എം ഷംസീറിന് നൽകിയിരിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം. (മറ്റ് ക്രിയാത്മകമായ ചുമതലകൾക്കുള്ള 'യോഗ്യത' എന്തായാലും അദ്ദേഹത്തിനില്ലല്ലൊ!! എന്തായാലും വങ്കത്തരത്തിന്റെ ഹോൾ സെയിൽ ഡീലർ ആയ ഷംസീർ നരേന്ദ്ര മോദിയെക്കുറിച്ച് സംസാരിക്കുമ്പോൾ, അബദ്ധത്തിൽ പോലും അത്തരം പദങ്ങൾ കയറി വരാതിരിക്കാൻ കാണിക്കുന്ന ജാഗ്രത അത്ഭുതാവഹം തന്നെ.

നരേന്ദ്ര മോദിയെ അസാമാന്യ പ്രാസംഗികൻ എന്ന് പ്രശംസിക്കുന്ന ഷംസീറിന് മുന്നിൽ സംഘികളായ മോദി ഭക്തുകൾ പോലും നാണിക്കും എന്ന കാര്യത്തിൽ സംശയമില്ല. സംഘപരിവാർ ദാസ്യത്തിൽ ബി ജെ പി യുമായി ദാസനും വിജയനും കളിക്കുന്ന പിണറായി വിജയൻ തന്നെയാണ് ഷംസീറിന് മാതൃക. അതിനാൽ അക്കാര്യത്തിൽ ഷംസീറിനെ കുറ്റപ്പെടുത്തുന്നില്ല.

എന്തായാലും രാഹുൽ ഗാന്ധിയുടെ ഇഷ്ട ഭക്ഷണ വിഭവങ്ങൾ എന്താണെന്ന് അന്വേഷിച്ച് ഷംസീർ കഷ്ടപ്പെടേണ്ടതില്ല. രാഹുൽ ഗാന്ധിയുമായി സ്ഥിരമായി അത്താഴ വിരുന്നുകളിൽ പങ്കെടുക്കുന്ന സീതാറാം യച്ചൂരിയോടും മറ്റ് പൊളിറ്റ് ബ്യൂറോ അംഗങ്ങളോടും ചോദിച്ചാൽ മതി.

കേരളത്തിന് പുറത്ത്, ഡൽഹിയിൽ സി പി എം നേതാക്കൾക്ക് ദാൽ വട കഴിക്കാനും, തമിഴ്നാട്ടിൽ തൈര് സാദം കഴിക്കാനും ഇപ്പോൾ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും സഹായം വേണം എന്ന കാര്യം ഷംസീർ ഓർക്കുന്നത് നല്ലതാണ്. അതുകൊണ്ട് പൊട്ടക്കിണറ്റിലെ തവളയായി വാർത്തക്ക് വേണ്ടി എന്തും വിളിച്ച് പറയാതെ തരത്തിൽ കളിക്കുന്നതാവും നല്ലത്.

NB: ആർ എസ് എസിനും ബി ജെ പിക്കുമെതിരെ രാജ്യ വ്യാപകമായി പദയാത്രയ്ക്ക് തുടക്കം കുറിക്കുന്ന രാഹൂൽ ഗാന്ധിക്കെതിരെ ഉള്ള ആ‍ർ എസ് എസിന്‍റെ കൊട്ടേഷൻ കേരളത്തിലെ സി പി എം ഏറ്റെടുത്താലും അത് വിലപ്പോകില്ല എന്ന് മനസിലാക്കിയാൽ നല്ലത്.

Advertisment