/sathyam/media/post_attachments/xM32a0MJLyiB6SEx66hZ.jpg)
കൊല്ലം: ഇൻസ്റ്റഗ്രാമിൽ കൂടി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം പോരുവഴി ഇടക്കാട് ഒറ്റപ്ലാവിള തെക്കേതിൽ വീട്ടിൽ വിശ്വനാഥൻ ആചാരിയുടെ മകൻ അഖിൽ വി (23) ആണ് പിടിയിലായത്. ഇയാൾ 6 മാസം മുമ്പാണ് പത്തനംതിട്ട എനാത്ത് സ്വദേശിയായ പതിനേഴുകാരിയുമായി സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടത്.
ഇൻസ്റ്റാഗ്രാമിലും ഫോൺ മുഖേനയും പെൺകുട്ടിയുമായി നിരന്തരം ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ചശേഷം, നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആവശ്യം നിരസിച്ചപ്പോൾ ഈവർഷം ഏപ്രിലിൽ ഒപ്പം ചെന്നില്ലെങ്കിൽ വീട്ടിൽ കയറി എല്ലാവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
തുടർന്ന്, മേയ് മാസത്തിൽ ഒരുദിവസം വീട്ടിൽ അതിക്രമിച്ച കയറിയ പ്രതി,കുട്ടിയെ ഭീഷണിപ്പെടുത്തി കിടപ്പുമുറിയിലേക്ക് നിർബന്ധിച്ച് പിടിച്ചുവലിച്ചുകൊണ്ടുപോയശേഷം, ഒരുമിച്ചുള്ള ഫോട്ടോകൾ പെൺകുട്ടിയുടെ ഫോണിൽ അനുജത്തിയെക്കൊണ്ട് എടുപ്പിക്കുകയും, ലൈംഗിക അതിക്രമം കാട്ടുകയും, തടഞ്ഞ് ബഹളം കൂട്ടിയ പെൺകുട്ടിയെ ഫോട്ടോകൾ പ്രചരിപ്പിച്ച് നാണം കെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
വീടുവിട്ടുപോയ ഇയാൾ പെൺകുട്ടി പോകുന്നയിടങ്ങളിലെല്ലാമെത്തി ശല്യപ്പെടുത്താൻ തുടങ്ങി. ഈമാസം 11 ന് രാവിലെ 8.15 ന് കുട്ടി പഠിക്കുന്ന സ്‌കൂളിന്റെ സമീപം ബൈക്കിലെത്തിയ പ്രതി, ബൈക്കിൽ കയറാൻ ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ മുഖത്തടിക്കുകയും, ബലാൽക്കാരമായി പിടിച്ചുകയറ്റി ഒഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷം ലൈംഗിക അതിക്രമം നടത്തുകയും പുറത്തുപറഞ്ഞാൽ വീട്ടിൽ കയറി എല്ലാരേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
മാതാവിന്റെ മൊഴിപ്രകാരം പോക്‌സോ വകുപ്പുകൾ കൂടി ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത ഏനാത്ത് പോലീസ്, ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണം പ്രതിക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചു. തുടർന്ന് ഇന്നലെ വൈകിട്ട് ഇയാളെ വീടിനു സമീപത്തുനിന്നും പോലീസ് ഇൻസ്പെക്ടർ സുജിത് പി എസിന്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു.
സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട്, പെൺകുട്ടിയുടെ മൊഴി പോലീസ് വീട്ടിലെത്തി രേഖപ്പെടുത്തുകയും, അടൂർ ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകുന്നതിനുള്ള നടപടിയുമെടുത്തു. അന്വേഷണത്തിൽ എ എസ് ഐ രാധാകൃഷ്ണൻ, എസ് സി പി ഓ മുജീബ്, സി പി ഓ ആതിര കൃഷ്ണൻ എന്നിവരും പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രാത്രിതന്നെ റിമാൻഡ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us