എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത് ഇന്ത്യയെ ഞെട്ടിക്കണം; മാധ്യമരംഗത്തും പിടിമുറുക്കാൻ ഈ ബിസിനസ് കുത്തക ഇറങ്ങിയിരിക്കുന്നു എന്നത് നിസ്സാരമല്ല-തോമസ് ഐസക് പറയുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത് ഇന്ത്യയെ ഞെട്ടിക്കണമെന്ന് മുന്‍ ധനമന്ത്രിയും സിപിഎം നേതാവുമായ ഡോ. ടി.എം. തോമസ് ഐസക്. മാധ്യമരംഗത്തും പിടിമുറുക്കാൻ ഈ ബിസിനസ് കുത്തക ഇറങ്ങിയിരിക്കുന്നു എന്നത് നിസ്സാരമല്ലെന്നും തോമസ് ഐസക് പറഞ്ഞു.

എൻഡിടിവിയുടെ ഓഹരികൾ വാങ്ങിയത് അദാനി ഗ്രൂപ്പ് തന്നെയാണ് വെളിപ്പെടുത്തിയത്. ഇനിയം 26 ശതമാനം കൂടി ഓഹരികൾ വാങ്ങാം എന്ന വാഗ്ദാനം കൂടി അദാനി ഗ്രൂപ്പ് മുന്നോട്ടുവച്ചിരിക്കയാണ്. ഇതുകൂടി പൂർത്തിയായാൽ എൻഡിടിവിയിൽ അദാനിയുടെ ഓഹരി പങ്കാളിത്തം 55 ശതമാനമാകും.

ഈ ഓഹരി കൈക്കലാക്കിയതു ഗൂഡരീതിയിലാണ്. 2009-10-ൽ എൻഡിടിവി ആർആർപിആർ ഹോൾഡിംങ് എന്ന കമ്പനിയിൽ നിന്ന് വായ്പ എടുത്തിരുന്നു. വായ്പ തിരിച്ചടച്ചില്ലെങ്കിൽ ആവശ്യപ്പെട്ടാൽ ആ തുക ഓഹരിയാക്കി കൊടുക്കാമെന്നായിരുന്നു കരാർ. എന്നാൽ എൻഡിടിവിയുടെ മേൽ കേന്ദ്ര സർക്കാർ വലിയ പിഴ ഈടാക്കിക്കൊണ്ട് പ്രതിസന്ധിയിലാക്കി. വായ്പാ തിരിച്ചടവ് മുടങ്ങി. അദാനി ചെയ്തത് ഈ കമ്പനിയ തന്നെ വിലയ്ക്ക് എടുക്കുകയായിരുന്നുവെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു.

കമ്പനിയുടെ ഉടമസ്ഥരെന്ന നിലയിൽ വായ്പയ്ക്കു തുല്യമായ ഓഹരികൾ ആവശ്യപ്പെട്ട കത്ത് എഴുതിയിരിക്കുകയാണ്. അങ്ങനെയാണ് അദാനി 29 ശതമാനം ഓഹരി കൈക്കലാക്കിയെന്ന് അവകാശപ്പെടുന്നത്.
രാജ്യത്തെ ആദ്യത്തെ ഇംഗ്ലീഷ് സ്വകാര്യവാർത്താചാനലാണ് എൻഡിടിവി. അനുദിനം ജീർണ്ണിക്കുന്ന ദൃശ്യമാധ്യമമേഖലയിലെ വേറിട്ട സാന്നിധ്യമായിരുന്നു ഊ സ്ഥാപനത്തിന്റേത്.

ദേശീയമാധ്യമങ്ങളൊക്കെ സംഘപരിവാറിനാൽ വിലയ്ക്കെടുക്കപ്പെടുകയോ ഭീതിയിലായി നിശ്ശബ്ദമാവുകയോ ചെയ്യുന്ന ഒരു കാലത്താണ് എൻഡിടിവി ചെറുത്തുനില്ക്കുന്നത്. ജനാധിപത്യത്തെ നോക്കുകുത്തിയാക്കുകയും പ്രച്ഛന്ന ഫാസിസത്തിലേയ്ക്കു നീങ്ങുകയും രാജ്യത്തിന്റെ മതനിരപേക്ഷപാരമ്പര്യം തകർക്കുകയും നാടിനെ വർഗ്ഗീയഭ്രാന്തിലേയ്ക്കു നയിക്കുകയും ചെയ്യുന്ന മോദി സർക്കാരിനെതിരെ ധീരമായി നിലകൊള്ളുന്ന ഒരു ചാനലിനെയാണ് മോദി സർക്കാരുമായി ദുരൂഹമാംവിധം പങ്കുപറ്റുന്ന കോർപ്പറേറ്റ് രാക്ഷസൻ അദാനി കൈയടക്കുന്നതെന്നും തോമസ് ഐസക് ആരോപിച്ചു.

ഓഹരി ഉടമകളിൽ നിന്ന് 294 രൂപ നിരക്കിൽ 1,67,62,530 ഓഹരികളാണ് വാങ്ങുകയെന്നാണ് കമ്പനിയുടെ വെളിപ്പെടുത്തൽ. അദാനി എന്റർപ്രൈസസിന്റെ അനുബന്ധസ്ഥാപനമായ എഎംജി മീഡിയ നെറ്റ്‍വർക്ക് ലിമിറ്റഡാണ് ഓഹരികൾ വാങ്ങുന്നത്. 26 ശതമാനം ഓഹരി കൂടി സ്വന്തമാക്കാൻ ഓഹരി ഒന്നിന് 294 രൂപയെന്ന നിരക്കിൽ 493 കോടി രൂപയാണ് അദാനിയുടെ വാഗ്ദാനം.

എന്നാൽ, നേരിട്ട് അദാനിക്ക് ഓഹരി വിൽക്കുകയോ അതിനുള്ള ചർച്ചകൾ നടത്തുകയോ ചെയ്തിട്ടില്ലെന്നാണ് എൻഡിടിവി അറിയിക്കുന്നത്. പ്രധാന ഓഹരിയുടമകളായ രാധികാ റോയിയോ പ്രൊണൊയ് റോയിയോ ഉടമസ്ഥാവകാശം വിൽക്കാനുള്ള ചർച്ചകൾ നടത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു.

ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കുകയാണ്. എൻഡിടിവിയുടെ സ്ഥാപകരെ ഇരുട്ടിൽനിർത്തിക്കൊണ്ട് മറയ്ക്കു പിന്നിലൂടെ സ്ഥാപനം കൈയടക്കാനുള്ള നടപടികൾ നടന്നു എന്നാണ് ഇതിനർത്ഥം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ കുതിരക്കച്ചവടത്തിലൂടെ രായ്ക്കുരാമാനം കൈയടക്കുന്ന സംഘപരിവാറിന്റെ രാഷ്ട്രീയക്കരുനീക്കങ്ങളെ ഓർമ്മിപ്പിക്കുന്നു അദാനി ഗ്രൂപ്പിന്റെ ഈ നീക്കമെന്നും തോമസ് ഐസക് വിമര്‍ശിച്ചു.

Advertisment