ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊപ്പമുള്ള മഹാഭോജനം എന്ന് അർധമുള്ള ‘സംസ്കൃത’ വാക്കിൽ നിന്നാണു ‘സദ്യ’ എന്ന മലയാള വാക്കിന്റെ പിറവി. നിലത്തിരുന്ന് ഉണ്ണാനുള്ള ബുദ്ധിമുട്ടും സ്ഥലപരിമിതിയും പരിഗണിച്ച് ഇപ്പോൾ മേശപ്പുറത്ത് ഇലയിട്ടാണ് സദ്യ വിളമ്പുക. കേരളീയ സദ്യയ്ക്ക് 28 കൂട്ടം വിഭവങ്ങൾ. ഉള്ളിയോ വെളുത്തുള്ളിയോ പരമ്പരാഗതമായി സദ്യയിൽ ഉപയോഗിക്കാറില്ലെങ്കിലും ഇപ്പോൾ ഇതിനു മാറ്റമുണ്ടായി. പണ്ട് സദ്യയിൽ പതിവില്ലാതിരുന്ന കാരറ്റ്, കൈതച്ചക്ക, പയർ എന്നിവ ഉപയോഗിച്ചുള്ള വിഭവങ്ങൾ ഇന്നു സദ്യയിൽ വിളമ്പുന്നുണ്ട്.
പ്രാദേശികമായി സദ്യയുടെ വിഭവങ്ങളിൽ കാര്യമായ വ്യത്യാസങ്ങളുണ്ട്. തിരുവനന്തപുരം ജില്ലയിലെ സദ്യ ശരാശരി 15 കൂട്ടം കറികൾ നിറഞ്ഞതാണ്. ഇതാണ് യഥാർഥ വിധി പ്രകാരമുള്ള സദ്യ എന്നു കരുതപ്പെടുന്നു. ആയ് രാജവംശത്തിന്റെ സംഭാവനയാണ് സദ്യ എന്നും പറയപ്പെടുന്നു. പഴയ ആയ് രാജ്യം തിരുനെൽവേലി വരെ വ്യാപിച്ചു കിടന്നിരുന്നതിനാൽ സദ്യയിൽ തമിഴ്നാടിന്റെ സ്വാധീനവുമുണ്ട്. ഈ ജില്ലയിൽ തൊടുകറികൾ ഒരിക്കൽ മാത്രവും മറ്റു കറികൾ ആവശ്യാനുസരണവും വിളമ്പുന്നു. എന്നാൽ കേരളത്തിന്റെ ചില സ്ഥലങ്ങളിൽ തൊടുകറികളും ആവശ്യാനുസരണം വിളമ്പാറുണ്ട്.
ആറന്മുള വള്ളസദ്യയാണ് കേരളത്തിൽ കീർത്തി കേട്ട സദ്യ. പത്തനംതിട്ടയിലെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ പ്രധാന വഴിപാടാണ് വള്ളസദ്യ. ഭക്തരുടെ വഴിപാടായാണ് വള്ള സദ്യ നടത്തിപ്പോരുന്നത്. രുചിയുടെ പെരുമയുമായി 70ൽപ്പരം വിഭവങ്ങളാണ് വള്ളസദ്യയിൽ വിളമ്പുക. കേരളത്തിൽ ഓരോ പ്രദേശത്തും –വടക്കേ മലബാർ, മലബാർ, തൃശൂർ, പാലക്കാട്, കൊച്ചി, മധ്യ തിരുവിതാംകൂർ, തിരുവിതാംകൂർ എന്നിവിടങ്ങളിലെല്ലാം വ്യത്യസ്ത രീതികളിലാണ് സദ്യയുണ്ടാക്കുന്നത്. ചിലയിടങ്ങളിൽ സസ്യേതര വിഭവങ്ങളും സദ്യയിൽ വിളമ്പാറുണ്ട്.
ഇ–സദ്യയുടെ കാലം
അടുക്കളയിൽ ഒത്തുകൂടി പച്ചക്കറി നുറുക്കി സദ്യയ്ക്കായി ഒരുക്കം നടത്തുന്നതായിരുന്നു സദ്യവട്ടങ്ങളിലെ വ്യത്യസ്ത കാഴ്ചകളിലൊന്ന്. ഇപ്പോൾ ഇ–സദ്യയുടെ കാലമാണ്. ഇഷ്ടമുള്ള ഹോട്ടലിൽ നിന്നു ഓണസദ്യ ഓൺലൈൻ വഴി ഓർഡർ ചെയ്യാം. എല്ലാം വീട്ടിലെത്തിക്കും. പല ഹോട്ടലുകളിലും ബുക്കിങ് ഇതിനകം പൂർത്തിയായി. വിഭവങ്ങൾ കൂടുന്നത് അനുസരിച്ച് സദ്യയുടെ വിലയും കൂടും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us/sathyam/media/post_attachments/cN5v5RROY4m8cBDjX2cm.jpg)