എന്‍ട്രന്‍സ് പരീക്ഷാ നടത്തിപ്പില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു ; ഒന്നേകാല്‍ ലക്ഷം കുട്ടികളുടെ ഭാവി ആശങ്കയില്‍ ! പരീക്ഷാ നടത്തിപ്പ് സ്വകാര്യ ഏജന്‍സിക്ക് നല്‍കും; കൃത്രിമം നടക്കാന്‍ സാദ്ധ്യതയെന്ന് ആക്ഷേപം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിം​ഗ്, ഫാ‌ർമസി പ്രവേശന പരീക്ഷകൾ നടത്തുന്നതിൽ നിന്ന് സർക്കാർ പിന്മാറുന്നു. ലക്ഷക്കണക്കിന് കുട്ടികൾ വർഷങ്ങളുടെ കഠിന പരിശ്രമത്തിനു ശേഷം എഴുതുന്ന എൻട്രൻസ് പരീക്ഷ ഇനി മുതൽ സ്വകാര്യ ഏജൻസിയാവും നടത്തുക.

എൻട്രൻസ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷയായി നടത്താൻ സർക്കാർ ഉത്തരവിറക്കി. എൻട്രൻസ് കമ്മീഷണറുടെ ശുപാർശ അംഗീകരിച്ചാണിത്.

സ്വകാര്യ ഏജൻസികൾക്ക് പരീക്ഷാ നടത്തിപ്പ് നൽകുന്നതോടെ, എൻട്രൻസ് പരീക്ഷയുടെ രഹസ്യാത്മകത ഇല്ലാതാവുമെന്നും കൃത്രിമത്തിന് സാദ്ധ്യതയുണ്ടെന്നും ആക്ഷേപമുയരുന്നു. ഒന്നേകാൽ ലക്ഷത്തോളം കുട്ടികളാണ് എല്ലാവർഷവും എൻട്രൻസ് പരീക്ഷയെഴുതുന്നത്.

നിലവിൽ രണ്ട് പേപ്പറുകളായി നടത്തുന്ന പരീക്ഷ മൂന്നു മണിക്കൂർ ദൈർഘ്യമുള്ള ഒ​റ്റ പേപ്പർ ആയി നടത്താനാണ് നീക്കം. ജനുവരിയിലും മേയിലുമായി വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ രണ്ട് അവസരങ്ങൾ നൽകണം. ഇതിൽ ഉയർന്ന സ്‌കോർ റാങ്കിന് പരിഗണിക്കണം.


യഥാർഥ സ്‌കോർ പരിഗണിക്കുന്നതിന് പകരം അഖിലേന്ത്യ പ്രവേശന പരീക്ഷകളിൽ പിന്തുടരുന്ന പെർസന്റയിൽ സ്‌കോർ രീതി കേരള എൻട്രൻസിലും നടപ്പാക്കാനാണ് തീരുമാനം. ഫാർമസി പ്രവേശനത്തിന് പ്രത്യേക പരീക്ഷ നടത്തും.


നിലവിൽ എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലെ പ്രവേശനത്തിന് രണ്ട് പേപ്പറുകളിലായി ഒ.എം.ആർ അധിഷ്ഠിത പേപ്പർ പെൻ പരീക്ഷയാണ് നടത്തുന്നത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഒന്നിലധികം ബാച്ചുകളായി നടത്തേണ്ടിവരും. അതിനാൽ അന്തിമ റാങ്ക് പട്ടിക തയാറാക്കാൻ ശാസ്ത്രീയമായ സ്​റ്റാൻഡേഡൈസേഷൻ രീതികൾ പാലിക്കണം.

ജെ.ഇ.ഇ മെയിൻ പരീക്ഷ ഘടനയിൽ കേരള എൻട്രൻസ് നടത്താനാണ് നീക്കം. ഓരോ വിഷയത്തിനും രണ്ട് സെക്ഷൻ ഉണ്ടാകും. സെക്ഷൻ 'എ'യിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളും 'ബി'യിൽ ഉത്തരങ്ങൾ പൂരിപ്പിക്കേണ്ട ചോദ്യങ്ങളും. 'ബി' സെക്ഷനിൽ മാത്സ്, ഫിസിക്സ്, കെമിസ്ട്റി എന്നിവക്ക് തുല്യ വെയിറ്റേജോടെ വിദ്യാർഥികൾ 10ൽ ഏതെങ്കിലും അഞ്ചു ചോദ്യങ്ങൾക്ക് ഉത്തരം എഴുതണം.

നെഗ​റ്റിവ് മാർക്കിങ് ഉണ്ടാകും. പൂരിപ്പിക്കേണ്ട ചോദ്യങ്ങൾ (ഫിൽ ഇൻ ടൈപ്) നൽകുന്നതിലൂടെ ഉയർന്ന നിലവാരമുള്ള വിദ്യാർഥികളെ വേർതിരിക്കാൻ സഹായകമാകും. മൂന്നു മണിക്കൂർ ദൈർഘ്യമാണ് പരീക്ഷക്ക് ശിപാർശ ചെയ്തിരിക്കുന്നത്. ഫിസിക്സിനും കെമിസ്ട്രിക്കും മാത്സിനും 100 മാർക്ക് വീതം ആകെ 300 മാർക്കിന്റെ ചോദ്യങ്ങൾ.

എൻട്രൻസ് പരീക്ഷ ഓൺലൈനാക്കുന്നത് സംബന്ധിച്ച് ഏറെക്കാലമായി പരിഗണനയിലുള്ളതാണ്. ഒന്നേകാൽ ലക്ഷത്തോളം കുട്ടികൾ പങ്കെടുക്കുന്ന പരീക്ഷ പിഴവുകളില്ലാതെ ഓൺലൈനിൽ നടത്താനാവുമോയെന്നായിരുന്നു ആശങ്ക.

ദേശീയ, സംസ്ഥാന തലത്തിൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തി പരിചയമുള്ള ഏജൻസികൾക്ക് അവരുടെ സാങ്കേതിക സംവിധാനങ്ങൾ അവതരിപ്പിക്കാൻ അവസരം നേരത്തേ നൽകിരുന്നു. എൻട്രൻസ് പരീക്ഷ ഓൺലൈനാക്കണമെങ്കിൽ പ്രോസ്പെക്ടസ് ഭേദഗതിയടക്കം വേണ്ടിവരും.

Advertisment