മൊറയൂർ:- വാലഞ്ചേരി അരിമ്പ്ര റോഡിൽ റേഷൻ കടയുടെ എതിർവശത്തുള്ള കുന്നിൻ ചെരുവിൽ മലമ്പാമ്പിന്റെ സാന്നിധ്യം പ്രദേശവാസികൾക്കിടയിൽ ഭീതി പടർത്തുന്നു. ഒരാഴ്ചയ്ക്കിടെ അടുത്ത ഇടങ്ങളിലായി പത്ത് അടിയിലധികം നീളം വരുന്ന മലമ്പാമ്പിനെ സ്ഥിരമായി കാണുന്നത് പ്രദേശവാസികളുടെ സമാധാന ജീവിതത്തിന് ഭീഷണി ഉയർത്തുന്നു.
ജനവാസ കേന്ദ്രങ്ങളിൽ സാധാരണ രീതിയിൽ കാണാത്ത ഇനമാണ് മലമ്പാമ്പ്. ഒരാഴ്ച മുമ്പ് പ്രദേശത്തെ തന്നെ സ്വകാര്യ സ്ഥലത്ത് കാട് വെട്ടുന്ന തൊഴിലാളികളാണ് ആദ്യമായി മലമ്പാമ്പിനെ കാണുന്നത്. കാട് വെട്ടുന്ന തൊഴിലാളികളുടെ പെരുമാറ്റം മൂലം മലമ്പാമ്പ് സമീപത്തെ മറ്റൊരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് നീങ്ങുകയായിരുന്നു.
കഴിഞ്ഞദിവസം അർദ്ധരാത്രി പരേതനായ പാറേക്കുന്നത്ത് നാരായണന്റെ വീട്ടിലെ ലല്ലു എന്ന വളർത്തു നായ നിർത്താതെ കുരച്ചത് ശ്രദ്ധയിൽ പെട്ടപ്പോഴാണ് വീട്ടുകാർ പരിസരം ശ്രദ്ധിക്കുവാൻ തുടങ്ങിയത്. ഇരയെ തേടി എത്തിയ മലമ്പാമ്പിനെയാണ് വീട്ടുകാർക്ക് കാണുവാൻ സാധിച്ചത്. നായയുടെ നിർത്താതെ കുരക്കുന്നത് കണ്ട് അയൽവാസികളും ഒത്തുകൂടി. ലല്ലു എന്ന വളർത്തു നായക്ക് ഭീഷണിയായി വീടിന് തൊട്ട് ചാരി നിൽക്കുന്ന നായയുടെ കൂടിന്റെ സമീപം മലമ്പാമ്പ് ഉണ്ടെന്ന വിവരം അർദ്ധരാത്രി തന്നെ അയൽവാസികൾ കൊണ്ടോട്ടി പോലീസിൽ അറിയിക്കുകയും തുടർന്ന് പോലീസിന്റെ നിർദ്ദേശപ്രകാരം നിലമ്പൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലേക്ക് വിളിക്കുവാൻ ശ്രമിക്കുകയും ചെയ്തു. ഡിവിഷൻ ഓഫീസിലെ ഫോണിൽ കൂടെ ഉദ്യോഗസ്ഥരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കാത്തതിനാൽ ആർക്കും വിവരമറിയിക്കുവാൻസാധിച്ചില്ല. സംഭവം ശ്രദ്ധയിൽപ്പെട്ട് ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും ആളുകളുടെ അധികരിച്ച് വരുന്ന പെരുമാറ്റം മലമ്പാമ്പ് പതുക്കെ അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് കയറിപ്പോവുകയായിരുന്നു.
താൽക്കാലിക ആശ്വാസം വീട്ടുകാർക്കും പ്രദേശവാസികൾക്കും ലല്ലു എന്ന നായക്കും ഉണ്ടായിട്ടുണ്ടെങ്കിലും മലമ്പാമ്പ് ഉയർത്തുന്ന വെല്ലുവിളി പ്രദേശവാസികളിൽ നിന്നും വിട്ട് പോകുന്നില്ല. ഇരയെ തേടി വീണ്ടും രാത്രികാലങ്ങളിൽ മലമ്പാമ്പിന്റെ സാന്നിധ്യം ഉണ്ടാകാം എന്നുള്ളത് പ്രദേശവാസികളെ ഭീതിയിലാക്കുന്നു.
തുടർച്ചയായി കാണുന്ന മലമ്പാമ്പ് ഒന്ന് തന്നെയാണോ എന്നുള്ളതും കാട് മൂടി കിടക്കുന്ന അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലങ്ങളിലുള്ള പൊത്തുകളിൽ മലമ്പാമ്പ് മുട്ട ഇട്ടിട്ടുണ്ടോ എന്നുള്ളതും പരിശോധിക്കേണ്ടതാണ്. കഴിഞ്ഞ മഴക്കാലത്ത് ഉണ്ടായ വെള്ളപ്പാച്ചിൽ ഒഴുകിയെത്തിയ മലമ്പാമ്പ് കുന്ന് കയറുവാനോ അതല്ലെങ്കിൽ കാട് വെട്ടിയപ്പോൾ കുന്ന് ഇറങ്ങിയതാവാനും സാധ്യതയുണ്ട് എന്ന നിരീക്ഷണത്തിലാണ് പ്രദേശവാസികൾ.