കൊല്ലം: ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ജീവനൊടുക്കി. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയത്.
ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കര രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ച അഭിരാമി. ഇന്ന് വൈകിട്ട് കോളേജിൽ നിന്നും എത്തിയ ശേഷമാണ് ജപ്തി നോട്ടീസ് പതിച്ച വിവരം കുട്ടിയറിഞ്ഞത്.
പണം തിരിച്ച് അടയ്ക്കാൻ കേരള ബാങ്കിനോട് വീട്ടുകാർ കൂടുതൽ സമയം ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായിരുന്നില്ല. തുടർന്ന് ബാങ്ക് അധികൃതർ വീട്ടിലെത്തി വീടും വസ്തുവും അറ്റാച്ച് ചെയ്തതായി കാണിക്കുന്ന ബോർഡ് സ്ഥാപിക്കുകയായിരുന്നു. പിന്നാലെയാണ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)