Advertisment

ബലം പ്രയോഗിച്ച് കടകളും വ്യാപാരസ്ഥാപനങ്ങളും അടപ്പിക്കുന്നവർക്കും അക്രമങ്ങളിൽ ഏർപ്പെടുന്നവർക്കും എതിരെ ശക്തമായ നടപടി; നിയമലംഘനം നടത്തുന്നവരെ അപ്പോൾത്തന്നെ അറസ്റ്റ് ചെയ്യാന്‍ തീരുമാനം; അക്രമ സാധ്യതയുളള സ്ഥലങ്ങളിൽ ആവശ്യമെങ്കിൽ നേതാക്കളെ കരുതൽ തടങ്കലിൽ വെയ്ക്കാനും നിർദ്ദേശം; സമൂഹ മാധ്യമങ്ങൾ വഴി അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടി ! ഹർത്താലിനെ കർശനമായി നേരിടാൻ സംസ്ഥാന സർക്കാർ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ഓഫീസുകളിലെ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നാളെ പ്രഖ്യാപിച്ചിരിക്കുന്ന ഹർത്താലിനെ കർശനമായി നേരിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ബലം പ്രയോഗിച്ച് കടകളും വ്യാപാരസ്ഥാപനങ്ങളും അടപ്പിക്കുന്നവർക്കും അക്രമങ്ങളിൽ ഏർപ്പെടുന്നവർക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകി.

നിയമലംഘനം നടത്തുന്നവരെ അപ്പോൾത്തന്നെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. അക്രമ സാധ്യതയുളള സ്ഥലങ്ങളിൽ ആവശ്യമെങ്കിൽ നേതാക്കളെ കരുതൽ തടങ്കലിൽ വെയ്ക്കാനും നിർദ്ദേശമുണ്ട്. ഹർത്താലുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങൾ വഴി അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകും.

സർക്കാർ ഓഫീസുകൾക്കും കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുളള പൊതുഗതാഗത സംവിധാനങ്ങൾക്കും ആവശ്യമായ സുരക്ഷ നൽകാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

തീവ്രവാദ പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും രാജ്യവ്യാപകമായി പരിശോധന നടന്നത്.

പരിശോധനയ്ക്കിടയിൽ തന്നെ പ്രതിഷേധത്തിനും ചെറുത്തുനിൽപ്പിനും മുതിർന്ന പോപ്പുലർ ഫ്രണ്ട് ഉച്ചയോടെയാണ് 12 മണിക്കൂർ ഹർത്താൽ പ്രഖ്യാപിച്ചത്. ഹർത്താലിനോട് അനുബന്ധിച്ച് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് കർശനമായ ഇടപെടലിന് സർക്കാർ തീരുമാനിച്ചത്.

ഹർത്താലുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ അവലോകനം ചെയ്ത സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവികൾക്കും ക്രമസമാധാന ചുമതലയുളള എ.ഡി.ജി.പിമാർക്കും ഐ.ജിമാർക്കും ഡി.ഐ.ജിമാർക്കും ജാഗ്രതാ നിർദ്ദേശം നൽകി. ക്രമസമാധാന പാലനത്തിന് മുഴുവൻ പൊലീസ് സേനയേയും രംഗത്തിറക്കാനാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശം.

Advertisment