Advertisment

എം.ജി യൂണിവേഴ്‌സിറ്റിയുടെ നിയമന രീതി ശുദ്ധ അസംബദ്ധം, അംഗീകരിക്കാനാകില്ല. രേഖാ രാജിന്റെ അസിസ്റ്റന്റ് പ്രൊഫസർ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ശരിവച്ച് സുപ്രീം കോടതിയും. വഴിവിട്ട നിയമനം നടത്തിയ യൂണിവേഴ്‌സിറ്റിയ്ക്കും ഒത്താശ ചെയ്ത ഉന്നത വിദ്യാഭ്യാസ വകുപ്പിനും കനത്ത തിരിച്ചടി. രണ്ടാം റാങ്കുകാരി നിഷ വേലപ്പന് നിയമനം കിട്ടും. വിധി കണ്ണൂർ സർവകലാശാലയിലെ വിവാദ അസോ. പ്രൊഫെസർ നിയമനത്തെയും ബാധിക്കും

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡൽഹി : ദളിത് സ്ത്രീ ചിന്തക രേഖാ രാജിന്റെ അസിസ്റ്റന്റ് പ്രൊഫസർ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മഹാത്മാ ഗാന്ധി സർവകലാശാല സുപ്രീംകോടതിയിൽ നൽകിയ ഹർജിയും തള്ളി.

നിയമനരീതി അംഗീകരിക്കാനാകില്ലെന്നും ശുദ്ധ അസംബദന്ധമാണെന്നുമുള്ള കോടതി നിരീക്ഷണത്തോടെ സർവകലാശാലയും ഉന്നത വിദ്യാഭ്യാസ വകുപ്പും കടുത്ത പ്രതിസന്ധിയിലായി. ഇതോടൊപ്പം രേഖ രാജും ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീലും തള്ളി.


രേഖ രാജിനും നിഷ വേലപ്പൻ നായർക്കും പിഎച്ച്ഡി ഉണ്ടായിട്ടും എന്തുകൊണ്ട് രേഖയ്ക്ക് മാത്രം പിഎച്ച്ഡി മാർക്ക് പരിഗണിച്ചെന്നും കോടതി ചോദിച്ചു. യുജിസി അംഗീകരിക്കാത്ത ജേർണലിൽ പ്രസിദ്ധീകരിച്ച രേഖ രാജിന്റെ ലേഖനങ്ങൾക്ക് ഇന്റർവ്യൂ ബോർഡ് മാർക്ക് നൽകിയതും സുപ്രീംകോടതി ചോദ്യം ചെയ്തു.


ഇതും വൻതിരിച്ചടിയാണ്. സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്‌സ് ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറായി രേഖ രാജിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി അടിയന്തിരമായി സ്‌റ്റേ ചെയ്യണമെന്നായിരുന്നു ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നത്.

രേഖ രാജിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി റാങ്ക് പട്ടികയിൽ രണ്ടാമെത്തിയ നിഷ വേലപ്പൻ നായർക്ക് ഉടൻ നിയമനം നൽകണമെന്ന് ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ മഹാത്മാ ഗാന്ധി സർവകലാശാലയ്ക്ക് എതിരെ നിഷ കോടതി അലക്ഷ്യ ഹർജി ഫയൽ ചെയ്തിരുന്നു.


സുപ്രീം കോടതി വിധി വന്നതോടെ നിഷയെ ഉടൻ നിയമിക്കേണ്ടിവരും.

ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ചർച്ച ചെയ്ത ശേഷമാണ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാൻ എം.ജി സർവകലാശാല തീരുമാനിച്ചത്.


അഭിഭാഷക സാക്ഷി കക്കറാണ് സർവകലാശാലയുടെ അപ്പീൽ സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്. അസിസ്റ്റന്റ് പ്രൊഫസ്സർ നിയമന വ്യവസ്ഥകളിൽ ഇളവ് അനുവദിക്കാൻ സർവകലാശാലയ്ക്ക് അധികാരം ഉണ്ടെന്നാണ് അപ്പീലിലെ പ്രധാന വാദം.

ഒരു ഉദ്യോഗാർഥിക്ക് മാത്രം ഇളവ് അനുവദിക്കുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന തുല്യതയുടെ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് രേഖ രാജിന്റെ നിയമനം റദ്ദാക്കിയത്.

അസിസ്റ്റന്റ് പ്രൊഫസറെ തെരെഞ്ഞെടുക്കുന്ന സമിതി ഉദ്യോഗാർഥിയുടെ ഗവേഷണ പശ്ചാത്തലം ഉൾപ്പടെ കണക്കിലെടുത്താണ് മാർക്ക് നൽകുന്നത്. വിദഗ്ദ്ധ സമിതി നൽകുന്ന ഈ മാർക്ക് ജുഡീഷ്യൽ പരിശോധനകൾക്ക് വിധേയമാക്കുന്നതിനെയും സർവകലാശാല സുപ്രീംകോടതിയിൽ ചോദ്യം ചെയ്‌തെങ്കിലും ഫലം കണ്ടില്ല.

സുപ്രീംകോടതിയുടെ ഈ കടുത്ത നിലപാടോടെ കണ്ണൂർ സർവകലാശാലയിലെ വിവാദമായ അസ്സോസിയേറ്റ് പ്രൊഫസർ നിയമന വിഷയത്തെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisment