Advertisment

ഒരു ദിവസം തന്നെ കേരളത്തിന്റെ ഏകാധിപതിയാക്കിയാല്‍ 'കുഴിമന്തി' എന്ന പേര് നിരോധിക്കുമെന്ന് വി.കെ. ശ്രീരാമന്‍; പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചും പരിഹസിച്ചും കമന്റുകള്‍! സംഭവത്തില്‍ ഖേദമുണ്ടെന്നും ഒടുവില്‍ പ്രതികരണം

New Update

publive-image

Advertisment

തിരുവനന്തപുരം: മലയാള ഭാഷയെ മാലിന്യത്തില്‍നിന്ന് മോചിപ്പിക്കാന്‍ 'കുഴിമന്തി' എന്ന വാക്ക് നിരോധിക്കണമെന്ന് വി.കെ.ശ്രീരാമന്‍. ഒരു ദിവസത്തേക്ക് കേരളത്തിന്റെ ഏകാധിപതിയായി നിയമിക്കപ്പെട്ടാല്‍ ആദ്യം ചെയ്യുക 'കുഴിമന്തി' എന്ന് എഴുതുന്നതും പറയുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിക്കുകയായിരിക്കുമെന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഒരു ദിവസത്തേക്ക്‌

എന്നെ കേരളത്തിൻ്റെ

ഏകാധിപതിയായി

അവരോധിച്ചാൽ

ഞാൻ ആദ്യം ചെയ്യുക

കുഴിമന്തി എന്ന പേര്

എഴുതുന്നതും

പറയുന്നതും

പ്രദർശിപ്പിക്കുന്നതും

നിരോധിക്കുക

എന്നതായിരിക്കും.

മലയാള ഭാഷയെ

മാലിന്യത്തിൽ നിന്ന്

മോചിപ്പിക്കാനുള്ള

നടപടിയായിരിക്കും

അത്.

പറയരുത്

കേൾക്കരുത്

കാണരുത്

കുഴി മന്തി

ഉടന്‍ തന്നെ പോസ്റ്റ് വൈറലായി. നിരവധി പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്യുകയും, കമന്റ് രേഖപ്പെടുത്തുകയും ചെയ്തു. വിമര്‍ശിച്ചും പരിഹസിച്ചും നിരവധി കമന്റുകള്‍ വരുന്നുണ്ട്. സംഭവം വിവാദമായതായി മനസിലാക്കുന്നുവെന്നും, ഖേദം അറിയിക്കുന്നുവെന്നും മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ശ്രീരാമന്‍ പ്രതികരിച്ചു.

ആ കുറിപ്പ് ഇങ്ങനെ:

കുഴിമന്തിപ്പോസ്റ്റ് സാമാന്യം തരക്കേടില്ലാത്ത വിധത്തിൽ വിവാദമായിരിക്കുന്നു എന്ന് മനസ്സിലാക്കുന്നു.

ഒരു ദിവസത്തേക്ക് എന്നെ കേരളത്തിൻ്റെ ഏകാധിപതിയായി അവരോധിച്ചാൽ......

എന്ന വാചകത്തോടെയാണ് പോസ്റ്റ് തുടങ്ങുന്നത്. നടക്കാത്ത കാര്യമാണെന്ന പ്രസ്താവനയായി അതിനെ പലരും കണക്കിലെടുത്തില്ല. പിന്നെ കുഴിമന്തി എന്ന ഭക്ഷണം ഞാൻ കഴിച്ചിട്ടുണ്ട്.

കുഴി മന്തിയോട് വിരോധമൊന്നുമില്ല. ഉണ്ടാക്കുന്നതിനെപ്പറ്റി , അതുണ്ടാക്കുന്ന പാചകക്കാരനെപ്പറ്റി എല്ലാം സസന്തോഷം പ്രതിപാദിക്കുന്ന ഡോക്യുമെൻ്ററിയും എടുത്തിട്ടുണ്ട്. കൈരളി ചാനലിൽ വേറിട്ട കാഴ്ചകളായി അത് സംപ്രേഷണം ചെയ്യുകയും ചെയ്തു. Epi: 832

പക്ഷെ, അന്നും ആ പേരിനോട് വിയോജിപ്പ് ഉണ്ടായിരുന്നു. ആ ഭക്ഷണത്തോടല്ല.

ആ പേരിനോട്. ഇഷ്ടാനിഷ്ടങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നമുക്കെല്ലാമുണ്ടല്ലോ.

ആ ജനാധിപത്യത്തിൽ ഞാൻ വിശ്വസിക്കുന്നു.

എൻ്റെ അനിഷ്ടം ചിലരെ ക്ഷുഭിതരാക്കാനും ചിലരെ ദു:ഖിപ്പിക്കാനും ഇടവന്നു എന്നാണ് മനസ്സിലാക്കുന്നത്. ഞാനാണല്ലോ അതിനൊക്കെ കാരണമായത് എന്നതെന്നെ സങ്കടപ്പെടുത്തുന്നു.

എൻ്റെ ഖേദം അറിയിക്കുന്നു.

ആകയാലും

പ്രിയരേ

തുഞ്ചൻ പറമ്പിൽ നിന്ന്

നേരുന്നു

സ്നേഹ സായാഹ്നം

Advertisment