30
Wednesday November 2022
കേരളം

ഏറ്റവും ബുദ്ധിമുട്ടുള്ള സമസ്യയും കോടിയേരി നിഷ്പ്രയാസം മറികടക്കും; ആദ്യകാലം മുതൽ ചിരിച്ചുകൊണ്ട് ആളുകളുടെ തോളത്ത് കൈയിട്ടു നടക്കുന്ന കോടിയേരിയെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്; ചിരിക്കുക, തോളിൽക്കൈയിട്ടു നടക്കുക, ചിരിപ്പിക്കുക എന്ന ആ രീതിയ്ക്ക് പില്ക്കാലത്ത് പടവുകൾ ഏറെ ചവിട്ടിക്കയറിയിട്ടും ഒരു വ്യത്യാസവും ഉണ്ടായിട്ടില്ല! കോടിയേരിയെക്കുറിച്ച് ജോണ്‍ ബ്രിട്ടാസിന്റെ കുറിപ്പ്‌

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, October 2, 2022

തിരുവനന്തപുരം: അസാമാന്യമായ നിരീക്ഷണപാടവം കോടിയേരി ബാലകൃഷ്ണന് ഉണ്ടായിരുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. വളരെ വേഗത്തിൽ അദ്ദേഹം ചുറ്റും നടക്കുന്നതു ഗ്രഹിക്കും.പുതിയ അറിവുകൾ സ്വീകരിക്കുന്നതിൽ അദ്ദേഹം വലുപ്പ ചെറുപ്പം നോക്കിയിരുന്നില്ല. അറിവുകൾ ആരിൽനിന്നു കിട്ടിയാലും സ്വാംശീകരിക്കാൻ സന്നദ്ധനായിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്:

ദേശാഭിമാനി കണ്ണൂർ ജില്ലാ ലേഖകനായി 1980-കളുടെ അന്ത്യത്തിൽ എത്തുമ്പോ‍ഴാണ് കോടിയേരി ബാലകൃഷ്ണൻ എന്ന തീപ്പൊരി നേതാവിനെ പരിചയപ്പെടാൻ എനിക്ക് അവസരമൊരുങ്ങിയത്. അന്നുമുതൽ, ചികിത്സയ്ക്കായി അവസാനം ചൈന്നൈയിലേയ്ക്കു പോകുന്നതിന്റെ തലേന്നുവരെ, അദ്ദേഹവുമായുള്ള സൗഹൃദത്തിന്റെ ഇ‍ഴയടുപ്പം കാത്തുസൂക്ഷിക്കാനായി.

ചെന്നൈ അപ്പോളോയിലേക്ക് പോകുന്നതിന്റെ തലേന്ന് എ കെ ജി ഫ്ലാറ്റിൽ ചെന്ന് കണ്ടപ്പോൾ അവശനാണെങ്കിലും പലതും അദ്ദേഹം പറഞ്ഞു. ഗോവിന്ദൻ മാഷ് സെക്രട്ടറിയായി പ്രവർത്തിക്കട്ടെ ആരോഗ്യം നന്നാക്കി എടുത്തിട്ട് വരാം- ചിലമ്പിച്ച ശബ്ദം ഇടയ്ക്കു മുറിയുന്നുണ്ടായിരുന്നു . അവശതയിലും ആത്മവിശ്വാസം എടുത്തു നിന്നിരുന്നു . എന്നാൽ ഇത് അവസാനത്തെ കൂടിക്കാഴ്ച ആകുമോ എന്ന ആശങ്കയോടെയാണ് ഭാര്യ വിനോദിനിയോടും മകൻ ബിനോയിയോടും യാത്ര പറഞ്ഞിറങ്ങിയത് .

മാധ്യമപ്രവർത്തകൻ എന്ന നിലയ്ക്കുള്ള എന്റെ ആദ്യ ചുവടുവയ്പ്പിൽത്തന്നെ കോടിയേരിയുടെ താങ്ങും തണലും ഉണ്ടായിരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. അന്ന് ദൂരദർശൻ രാമായണം സീരിയൽ സംപ്രേഷണം ചെയ്യുന്ന കാലമാണ്. ഉത്തരമലബാറിലെ ഏറ്റവും പ്രധാനപ്പെട്ട ആതുരാലയമാണ് അന്ന് കണ്ണൂർ ജില്ലാ ആശുപത്രി. ഞായറാ‍ഴ്ച രാവിലെ രാമായണം സംപ്രേഷണം തുടങ്ങുമ്പോൾ ആശുപത്രിയിലെ പ്രവർത്തനങ്ങൾ സ്തംഭിക്കുന്നതു പതിവായി. ഡോക്ടർമാരും മറ്റും ഒരു മുറിയിൽ രാമായണം കണ്ടിരിക്കും. ജില്ലയുടെ നാനാഭാഗങ്ങളിൽനിന്നുമെത്തിയ നൂറു കണക്കിനു രോഗികൾ കാത്തിരിക്കുന്നുണ്ടാകും. ഇതു റിപ്പോർട്ടു ചെയ്യുന്ന ദൗത്യമാണ് ലേഖകനായി കണ്ണൂരിലെത്തുന്നതിനു പിന്നാലേ ഞാൻ ആദ്യം ഏറ്റെടുത്തത്.

വിവരം കിട്ടിയതനുസരിച്ച് ഫോട്ടോഗ്രാഫർ ജയദേവനോടൊപ്പം ഞാൻ ആശുപത്രിയിലെത്തി. മുറിയിൽ ഡോക്ടർമാരും മറ്റും ടി വി കാണുകയാണ്. പുറത്ത് ഒരു ശ്രദ്ധയും കിട്ടാതെ രോഗികൾ കാത്തിരിക്കുന്നു. ഞാനും ജയദേവനും ആ മുറിയിലേയ്ക്ക് ഇരച്ചുകയറി. ഡോക്ടർമാരും മറ്റും കസേരകളിലും സോഫയിലും ടി വി കണ്ടിരിക്കുന്ന ദൃശ്യങ്ങൾ ജയദേവൻ ക്യാമറയിൽ പകർത്തി. ഫ്ലാഷ് തെളിഞ്ഞപ്പോ‍ഴാണ് ഡോക്ടർമാരും സംഘവും അപകടം മണത്തത്. അവർ ചാടിയെണീറ്റപ്പോ‍ഴേയ്ക്കും ജയദേവന് ക്യാമറയുമായി പുറത്തുകടക്കാനായി. എന്നെ അവർ തടഞ്ഞു. കയ്യേറ്റം ചെയ്തു . മുറിയിലിട്ടു പൂട്ടി. പിന്നീട് കണ്ണൂരിൽനിന്ന് പത്രപ്രവർത്തകരും പൊതുപ്രവർത്തകരും എത്തിയശേഷമാണ് എനിക്കു പുറത്തുവരാനായത്.

വലിയ കോളിളക്കമുണ്ടാക്കിയ ഈ സംഭവം കോടിയേരിയാണ് നിയമസഭയിൽ ഉന്നയിച്ചത്. സംഭവത്തിൽപ്പെട്ട ഡോക്ടർമാരിൽപ്പലരെയും കോടിയേരിക്കു നന്നായി അറിയാമായിരുന്നു. ചിലരെങ്കിലുമായി നല്ല സൗഹൃദത്തിലുമായിരുന്നു. എന്നിട്ടും തന്റെ നിലപാടിന്റെ തീക്ഷ്ണതയ്ക്ക് അദ്ദേഹം ഒരു കുറവും വരുത്തിയില്ല. സംഭവത്തിൽ അന്വേഷണം ഏർപ്പെടുത്തുന്നതിനും ആശുപത്രിയുടെ പ്രവർത്തനം നവീകരിക്കുന്നതിനും കോടിയേരിയുടെ ഇടപെടൽ വ‍ഴിയൊരുക്കി.

അന്നു മുതൽ കോടിയേരിയിൽനിന്ന് എനിക്ക് കരുതലും സ്നേഹവും ലഭിച്ചിട്ടുണ്ട്. ദേശാഭിമാനിയിൽ നിന്ന് കൈരളിയുടെ അമരത്തെത്തിയപ്പോൾ കോടിയേരിയുമായി നിത്യേനയെന്നോണം ബന്ധപ്പെടേണ്ടി വന്നു. അദ്ദേഹം സംസ്ഥാനസെക്രട്ടറിയായപ്പോൾ ആ ബന്ധം ദൃഢമായി. കോടിയേരി എന്ന തീപ്പൊരി നേതാവിന്റെ വ്യക്തിത്വത്തിന്റെ ഏല്ലാ തലവും അങ്ങനെ മനസ്സിലാക്കാനായി.

മാധ്യമപ്രവർത്തനത്തിനിടയ്ക്ക് എന്തു തടസമുണ്ടായാലും അതു മറികടക്കാനുള്ള താക്കോൽ കോടിയേരി പ്രദാനം ചെയ്യാറുണ്ട്—-അത് ഒരു വിവരം ലഭിക്കുന്ന കാര്യത്തിലാകാം, ഉദ്യോഗസ്ഥൻ നിസ്സഹകരിക്കുന്ന കാര്യത്തിലാകാം, ഒരിടത്തേയ്ക്ക് പ്രവേശിക്കാനുള്ള അനുമതിയുടെ കാര്യത്തിലാകാം. പ്രശ്നം എന്തായാലും കോടിയേരിയുടെ പിൻബലമുണ്ടെങ്കിൽ ദൗത്യം എളുപ്പമാകും.

ചെറുപ്പത്തിൽത്തന്നെ സംഘടനാപ്രവർത്തനത്തിൽ മു‍ഴുകിയത് കോടിയേരി എന്ന ജനകീയനേതാവിനെ രൂപപ്പെടുത്തുന്നതിൽ ഏറെ സഹായിച്ചിട്ടുണ്ട്. വിദ്യാർത്ഥി നേതാവ് എന്ന നിലയ്ക്കുള്ള അനുഭവം മുതൽ അടിയന്തരാവസ്ഥയിലെ ജയിൽവാസം വരെ ആ നിലയ്ക്ക് അദ്ദേഹത്തിന്റെ കരുത്തിന്റെ അടിത്തറയാണ്.
വിദ്യാർത്ഥികളും യുവാക്കളും കർഷകത്തൊ‍ഴിലാളികളും എന്നിങ്ങനെ ഏതു വിഭാഗക്കാർക്കിടയിലും അന്നേ കോടിയേരിക്ക് ഒരു സ്ഥാനമുണ്ട്. കോടിയേരി അവരുടെയൊക്കെ മനം കവർന്ന ഒരു തലമോ ഘടകമോ സംഭവമോ അവർക്കിടയിൽ ഉണ്ടാകും. ഉദാഹരണമായി, ബീഡിത്തൊ‍ഴിലാളികൾക്ക് കോടിയേരി വളരെ പ്രിയപ്പെട്ടവനാകുന്നത് ഒരു കാലത്ത് അവർക്കു ദിനപത്രങ്ങൾ വായിച്ചുകൊടുക്കുന്ന ജോലി അദ്ദേഹം ചെയ്തിട്ടുണ്ട് എന്ന ഓർമ്മയിലൂടെയും കൂടിയാണ്.

കോടിയേരിയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രവർത്തനമേഖല നിയമസഭയായിരുന്നല്ലോ. സഭയിൽ ഇടതുനിരയിലെ കരുത്തനായിരുന്നു അദ്ദേഹം. നിയമസഭയിൽ അദ്ദേഹം കാണിച്ച പാടവം എല്ലാവരും ശ്രദ്ധിച്ചിട്ടുള്ളതാണ്. കേരളത്തിൽ വലതുപക്ഷത്ത് എന്നും പ‍ഴക്കവും ത‍ഴക്കവുമുള്ള പടക്കുതിരകൾ ഉണ്ടായിരുന്നു. പക്ഷേ, കോടിയേരി എന്നും അവർക്കു മേലേ നിലകൊണ്ടു. അദ്ദേഹത്തിന്റെ നൈസർഗ്ഗികസിദ്ധികളൊക്കെ അതിനു വ‍ഴിയൊരുക്കി. മികച്ച നർമ്മബോധം അദ്ദേഹത്തിന്റെ വലിയ കൈമുതലാണ്. നല്ല പ്രസൻസ് ഓഫ് മൈൻഡ് എന്നും അദ്ദേഹത്തെ തുണച്ചു.

ഭരണകർത്താവ് എന്ന നിലയ്ക്ക് കേരളം അദ്ദേഹത്തെ അടുത്തറിഞ്ഞത് ആഭ്യന്തരമന്ത്രിയായിരിക്കുമ്പോ‍ഴാണ്. പുതിയ ആശയങ്ങളെ എന്നും ഉൾക്കൊണ്ട നേതാവാണ് അദ്ദേഹം എന്ന് അക്കാലം തെളിയിച്ചു.
ഏറ്റവും ബുദ്ധിമുട്ടുള്ള സമസ്യയും കോടിയേരി നിഷ്പ്രയാസം മറികടക്കും. ആദ്യകാലം മുതൽ ചിരിച്ചുകൊണ്ട് ആളുകളുടെ തോളത്ത് കൈയിട്ടു നടക്കുന്ന കോടിയേരിയെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ചിരിക്കുക, തോളിൽക്കൈയിട്ടു നടക്കുക, ചിരിപ്പിക്കുക എന്ന ആ രീതിയ്ക്ക് പില്ക്കാലത്ത് പടവുകൾ ഏറെ ചവിട്ടിക്കയറിയിട്ടും ഒരു വ്യത്യാസവും ഉണ്ടായിട്ടില്ല.

അസാമാന്യമായ നിരീക്ഷണപാടവമുണ്ട് കോടിയേരിക്ക്. വളരെ വേഗത്തിൽ അദ്ദേഹം ചുറ്റും നടക്കുന്നതു ഗ്രഹിക്കും.പുതിയ അറിവുകൾ സ്വീകരിക്കുന്നതിൽ അദ്ദേഹം വലുപ്പ ചെറുപ്പം നോക്കിയിരുന്നില്ല. അറിവുകൾ ആരിൽനിന്നു കിട്ടിയാലും സ്വാംശീകരിക്കാൻ സന്നദ്ധനായിരുന്നു.

പാർട്ടി സെക്രട്ടറിയായിരിക്കേ നടന്ന തെരഞ്ഞെടുപ്പുകളിൽ നടത്തേണ്ട പ്രചാരണത്തെക്കുറിച്ചു സംവദിച്ചപ്പോൾ അദ്ദേഹത്തിന്റെ ചില സവിശേഷതകൾ മനസ്സിലായി. പുതിയ കാലത്ത് പ്രചാരണം എങ്ങനെ വേണം എന്ന കൃത്യമായ ധാരണകൾ അദ്ദേഹത്തിനുണ്ടായിരുന്നു. ആധുനികകാലത്തെ പ്രചാരണസങ്കേതങ്ങളെക്കുറിച്ചു പഠിക്കാൻ അദ്ദേഹം തയ്യാറായിരുന്നു. സാങ്കേതികവിദ്യയോടു മുഖംതിരിക്കാത്ത നേതാവുമാണ് അദ്ദേഹം.

പൊളിറ്റ് ബ്യൂറോ അംഗം എന്ന നില്യ്ക്ക് ദില്ലിയിലെത്തുന്ന കോടിയേരി മറ്റു സംസ്ഥാനങ്ങളിലെ സൂക്ഷ്മമായ രാഷ്ട്രീയചലനങ്ങൾ പോലും മനസ്സിലാക്കുന്നതിൽ തല്പരനായിരുന്നു. അതിനായി അദ്ദേഹം നല്ല തോതിൽ വായിക്കും. പലപ്പോ‍ഴും അദ്ദേഹത്തോട് ദേശീയരാഷ്ട്രീയം സംസാരിക്കേണ്ടിവന്നപ്പോൾ ശ്രദ്ധിച്ച ഒരു കാര്യമുണ്ട്—-ദേശീയരാഷ്ട്രീയത്തിലെ ഒരു കാര്യം അങ്ങോട്ടു പറയുമ്പോൾ അതു മനസ്സിലാക്കി അതിന്റെ അപ്പുറത്തേയ്ക്കു കടന്ന് ചിലത് അദ്ദേഹത്തിനും പറയാനുണ്ടാകും.

കോടിയേരിയുടെ സംവേദനവും സവിശേഷശ്രദ്ധയാകർഷിക്കുന്നു. രാഷ്ട്രീയനേതാക്കൾക്ക് സംവേദനകാര്യത്തിൽ പാഠപുസ്തകമായി സ്വീകരിക്കാവുന്ന നേതാവാണ് അദ്ദേഹം. വ്യക്തികളെ മനസ്സിലാക്കി അവരുടെ സ്വഭാവത്തിനനുസരിച്ച് പെരുമാറുന്ന രീതി അദ്ദേഹത്തിനുണ്ട്. വ്യത്യസ്താഭിപ്രായങ്ങളുള്ളവരുമായി സംവദിക്കാൻ കോടിയേരിക്ക് ഒരു തടസവുമില്ലായിരുന്നു. തന്റെ നിലപാടുകളിൽ ഉറച്ചുനില്ക്കുമ്പോ‍ഴും അദ്ദേഹം പ്രതിയോഗികളുടെ ആദരം പിടിച്ചുപറ്റും. തന്ത്രജ്ഞതകൊണ്ട് സംവാദത്തിൽ മേല്ക്കൈ നേടുകയും ചെയ്യും. അത് തന്റെ നിലപാടിൽനിന്നുകൊണ്ടുതന്നെ അവരുമായി പൊരുത്തപ്പെടാവുന്ന തലങ്ങൾ കണ്ടെത്തിക്കൊണ്ടായിരിക്കും.

മികച്ച കേൾവിക്കാരനായിരുന്നു അദ്ദേഹം. പ്രശ്നങ്ങൾ പറയാൻ വരുന്നവർക്ക് അത് വലിയ ആനുകൂല്യം നല്കും. ഒരു കാര്യം പറയാനെത്തിയ ആൾക്ക് നാലു കാര്യം പറയാനുള്ള ഇടം അദ്ദേഹം നല്കും. അദ്ദേഹത്തോട് ഉന്നയിച്ച കാര്യം നടക്കാം, നടക്കാതിരിക്കാം. പക്ഷേ, അതുപറയാനെത്തിയവർക്ക് ഒരു വിമ്മിട്ടവും ബാക്കിനില്ക്കില്ല. പരസ്പരവിരുദ്ധനിലപാടുകളുമായി അദ്ദേഹത്തെ കാണാനെത്തുന്നവർ പോലും നിരാശയോടെയാവില്ല അദ്ദേഹത്തിന്റെ അടുത്തുനിന്നു പിരിയുന്നത്.

എം വി രാഘവൻ സിപിഐ എമ്മിനു വിരുദ്ധമായ നിലപാടെടുത്തപ്പോൾ കോടിയേരി അദ്ദേഹത്തിനൊപ്പം പോകുമെന്ന് പത്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. എംവിആറുമായി അത്ര അടുത്ത ബന്ധം കോടിയേരിക്കുണ്ടായിരുന്നു. പക്ഷേ, നിലപാടിന്റെ കാര്യത്തിൽ അതൊന്നും കോടിയേരിയെ സ്വാധീനിച്ചില്ല. സിപിഐ എമ്മിലെ വിഭാഗീയത കടുത്തപ്പോ‍ഴും ഉറച്ച നിലപാടുകളുള്ളപ്പോൾത്തന്നെ അദ്ദേഹം പാർട്ടിയിലെ എല്ലാവരോടും നല്ല രീതിയിൽ ബന്ധപ്പെട്ടു.

മുന്നണിയിലെ രാഷ്ട്രീയകക്ഷികളുടെ നേതാക്കളെ മുന്നണിയുടെയാകെ നേതാക്കളാക്കി മാറ്റുന്ന ഇടപെടലുകളാണ് കോടിയേരി എന്നും നടത്തിയിട്ടുള്ളത്. അതുകൊണ്ട്, കൂട്ടുകക്ഷിരാഷ്ട്രീയം നിലനില്ക്കുന്ന കേരളത്തിൽ കോടിയേരിയുടെ സാന്നിധ്യത്തിന് വലിയ പ്രസക്തിയുണ്ടായിരുന്നു. ഒരു കാലഘട്ടവും അതിന്റെ സചേതനമായ മുഖവുമാണ് ചരിത്രത്തിലേക്ക് മറയുന്നത് .

More News

കൊച്ചി: ദൈന്യത, അഗണന, പോരാട്ടം, ശാക്തീകരണം…നാല് രാജ്യങ്ങളിൽ നിന്നായി 52 ചിത്രകാരൻമാരുടെ 71 ചിത്രങ്ങളിൽ തെളിയുന്നത് മത്സ്യമേഖലയിലെ സ്ത്രീകളുടെ നേർചിത്രം. ബേ ഓഫ് ബംഗാൾ പ്രോഗ്രാം ഇന്റർഗവൺമെന്റൽ ഓർഗനൈസേൻ (ബിഒബിപി) പുറത്തിറക്കിയ ‘വേവ്‌സ് ഓഫ് ആർട്’ ചിത്രസമാഹരത്തിലാണ് മത്സ്യമേഖലയിലെ സ്ത്രീകളുടെ പങ്ക് വെളിപ്പെടുത്തുന്ന ജീവൻതുടിക്കുന്ന ചിത്രങ്ങൾ ഇടംപിടിച്ചത്. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, മാലിദ്വീപ് എന്നീ നാല് രാജ്യങ്ങളിലെ മത്സ്യമേഖലയിലെ സ്ത്രീകളുടെ ജീവിതമാണ് ‘വേവ്‌സ് ഓഫ് ആര്ട്’ ചിത്രസമാഹാരത്തിലുള്ളത്. വേമ്പനാട് കായൽ ഉൾപ്പെടെയുള്ള ഉൾനാടൻജലാശയങ്ങളിലെ മത്സ്യബന്ധനം, മത്സ്യകൃഷി, മത്സ്യസംസ്‌കരണം, […]

മണ്ണാർക്കാട്: ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും വികസനത്തിനുമുള്ള പദ്ധതി പ്രവർത്തനങ്ങൾ സമൂഹത്തെ ഓർമ്മിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡിസബർ 3 ഭിന്നശേഷിദിനത്തിൽ വ്യത്യസ്ത പരിപാടികൾ നടത്തുമെന്ന് എടത്തനാട്ടുകര അഭയം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. എടത്തനാട്ടുകര ചിരട്ടക്കുളം എ സി ടി വൊക്കേണൽ സ്പെഷ്യൽ സ്കൂൾ സ്കൂളിൽ ഭിന്നശേഷിക്കാരായ ശലഭങ്ങളുടെ കലാവിരുന്ന് സാഹിത്യ-കവി അരങ്ങ് ,എന്നിവ നടത്താൻ തീരുമാനിച്ചു. പരിപാടിയിൽ ജനപ്രതിനിധികൾ,അമൃത&ഫ്ലവർസ് ടീവി ചാനൽ ഫെയിം കോമഡി താരം വിഷ്ണു അലനല്ലൂർ,ഡീൽ അക്കാദമി വിദ്യാർത്ഥികൾ, ഭാരതീയ ദളിത്‌ സാഹിത്യ അക്കാദമി […]

ന്യൂഡൽഹി: ന്യൂസീലൻഡിനെതിരായ മൂന്നാം ഏകദിനത്തിലും മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഉൾപ്പെടാതിരുന്നതോടെ ടീം മാനേജ്മെന്റിനും ബിസിസിഐക്കുമെതിരെ വീണ്ടും ആരാധകരോഷം. രണ്ടാം ഏകദിനത്തിൽ സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ വ്യാപക വിമർശനമുയർന്നതോടെ അടുത്ത മത്സരത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഓൾറൗണ്ടറായ ദീപക് ഹൂഡയ്ക്ക് വീണ്ടും അവസരം നൽകാൻ തീരുമാനിച്ചതോടെ സഞ്ജു പുറത്താകുകയായിരുന്നു. എന്നാൽ ബാറ്റിങ്ങിൽ ദീപക് ഹൂഡയും നാലമാനായി ഇറങ്ങിയ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ഇന്നും നിരാശപ്പെടുത്തിയതോടെയാണ് സഞ്ജുവിനായി വീണ്ടും മുറവിളി ഉയരുകയാണ്. കോൺഗ്രസ് നേതാവും തിരുവനന്തപുരം […]

തിരുവനന്തപുരം: ഫുട്‌ബോള്‍ ലോകകപ്പ് ആരാധന കൊണ്ടുള്ള ആഘോഷങ്ങള്‍ കുട്ടികളുടെ മനസ്സുകളില്‍ ആഘാതമാകരുതെന്ന് കേരള പൊലീസ്. ഫേസ്ബുക്കിലൂടെയാണ് കേരള പൊലീസിന്റെ അഭിപ്രായ പ്രകടനം. ‘അതിരു കടക്കുന്ന ആരാധന പലപ്പോഴും അപകടകരമായ അവസ്ഥകളിലേക്ക് നീങ്ങുന്നത് നാം കണ്ടിട്ടുണ്ട്. തോല്‍വികളെ പക്വതയോടെ സ്വീകരിക്കാന്‍ ഒരു പക്ഷെ മുതിര്‍ന്നവര്‍ക്കാകും. പക്ഷെ.. നമ്മുടെ കുഞ്ഞുങ്ങള്‍.. അവര്‍ക്ക് ചിലപ്പോള്‍ തോല്‍വികളെ ഉള്‍ക്കൊള്ളാനായെന്നു വരില്ല. ആ അവസ്ഥയില്‍ അവരെ കളിയാക്കാതെ ചേര്‍ത്ത് പിടിക്കുക. തോല്‍വി ജയത്തിന്റെ മുന്നോടിയാണെന്നത് അവരെ ബോധ്യപ്പെടുത്തുക’. എന്നാണ് കേരള പൊലീസ് കുറിച്ചത്.

പാലക്കാട്: കാർഷിക മേഖല കൂടുതൽ ശക്തിപ്പെടണമെങ്കിൽ വിവിധ തലത്തിലുളള ഏകികരണം അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ. ബിനുമോൾ. നിലവിലുള്ള കൃഷിഭൂമി നിലനിർത്താനാവശ്യമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും കെ.ബിനു മോൾ. കണ്ണാടി ചെമ്മൻകാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. കെ. ബിനുമോൾ. ലാഭം നോക്കാതെ പാരമ്പര്യസ്വത്ത് എന്ന നിലക്കാണ് കർഷകർ കൃഷിയെ കാണുന്നത്. കൃഷി വ്യവസായ അടിസ്ഥാനത്തിൽ വികസിപ്പിക്കുന്നതിനാണ് സർക്കാർ ഊന്നൽ നൽകുന്നത്. കൃഷി സംരക്ഷിക്കപ്പെടേണ്ടതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതും കാലഘട്ടത്തിന്റെ അനിവാര്യതയാണന്നും കെ. ബിനുമോൾ പറഞ്ഞു. […]

സിനിമകള്‍ വിജയം നേടിയാല്‍ നിര്‍മ്മാതാക്കള്‍ ആഢംബര വാഹനങ്ങള്‍ സംവിധായകന് സമ്മാനമായി നല്‍കുന്ന രീതിയുണ്ട്. ലവ് ടുഡേ സിനിമയുടെ സംവിധായകനായ പ്രദീപ് രംഗനാഥനും ആദ്യ സിനിമയുടെ വിജയത്തിനു ശേഷം നിര്‍മാതാവൊരു കാര്‍ സമ്മാനിച്ചിരുന്നു. എന്നാല്‍ അത് സ്വീകരിക്കാന്‍ പ്രദീപ് തയാറായില്ല. കാറിന് പകരം പണം തന്നാല്‍ മതിയെന്നായിരുന്നു നിര്‍മാതാവിനോട് പ്രദീപ് പറഞ്ഞത്. പണത്തോടുള്ള ആര്‍ത്തി കാരണമായിരുന്നില്ല അത് അന്ന് ആ കാറില്‍ പെട്രോള്‍ അടിക്കാന്‍ പോലും കയ്യില്‍ പണമില്ലാത്തത് കാരണമാണ് അങ്ങനെ ചെയ്തത്. സിനിമ ചെയ്യുന്നത് ആത്മസംതൃപ്തിക്ക് വേണ്ടിയാണെന്നും […]

കൊച്ചി : മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സംശയാസ്പദമായ എല്ലാ സാഹചര്യവും പരിശോധിക്കണമെന്നും കൊലപാതക സാധ്യതയടക്കം വിശദമായി പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നാലുമാസത്തിനുളളിൽ സിബിഐ അന്വേഷണം പൂ‍ർത്തിയാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ നേരത്തെ സിബിഐ രണ്ടുതവണ തുടരന്വേഷണം നടത്തിയിരുന്നു. ശശീന്ദ്രന്റെയും മക്കളുടേതും ആത്മഹത്യയെന്നായിരുന്നു സിബിഐയുടെ നേരത്തേയുളള കണ്ടെത്തൽ. ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും 2011 ജനുവരി 24 നു രാത്രിയാണു കഞ്ചിക്കോട് കുരുടിക്കാട്ടെ […]

പ്രേമത്തിന് ശേഷം ഏഴ് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ്. പൃഥ്വിരാജും നയന്‍താരയും ഒന്നിക്കുന്ന ഗോള്‍ഡില്‍ വന്‍ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. ഇപ്പോള്‍ പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രീ റിലീസ് ബിസിനസ് സ്വന്തമാക്കിയിരിക്കുകയാണ് ഗോള്‍ഡ്. അമ്പത് കോടിയലധികം രൂപയാണ് ചിത്രം പ്രീ റിലീസ് ബിസിനസ് വഴി സ്വന്തമാക്കിയത്. നാളെയാണ് ചിത്രം (ഡിസംബര്‍ 1) തിയേറ്ററുകളിലെത്തുന്നത്. ലോകമെമ്പാടുമുള്ള 1300കളിലധികം സ്‌ക്രീനുകളില്‍ എത്തുന്ന ചിത്രം പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസാണ്. ആറായിരത്തിലധികം ഷോകളായിരിക്കും […]

പത്തനംതിട്ട: ഇളമണ്ണൂരിൽ ഓടികൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. ഇളമണ്ണൂർ ടാർ മിക്സിങ്ങ് പ്ലാന്‍റില്‍ നിന്ന് കരുനാഗപ്പള്ളിയിലേക്ക് സാധനങ്ങളുമായി പോയ വാഹനമാണ് കത്തിയത്. ഡീസൽ ടാങ്കിന്‍റെ ഭാഗത്ത് നിന്ന് പുക വരുന്നത് കണ്ട് ഡ്രൈവറും സഹായിയും ലോറിയിൽ നിന്നും ചാടി രക്ഷപെട്ടത് കൊണ്ട് ആളപായം ഒഴിവായി. ഓയിൽ ടാങ്ക് പൊട്ടിയതാണ് തീ പിടിക്കാൻ കാരണമെന്നാണ് നിഗമനം. അടൂരിൽ നിന്നുള്ള രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ പൂർണമായും അണച്ചത്.

error: Content is protected !!