തകര്‍ന്നു പോയാലും തളര്‍ന്നു പോകരുതെന്ന് ജീവിതം കൊണ്ട് പഠിപ്പിച്ച വ്യക്തിയായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍. വ്യവസായ പ്രമുഖന്‍, ചലച്ചിത്ര നിര്‍മ്മാതാവ്, നടന്‍ എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ സ്വപ്രയത്‌നത്താല്‍ തന്റേതായ ഇടം നേടിയെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ജീവിതത്തില്‍ ഉയര്‍ച്ചകളിലൂടെയും, താഴ്ചകളിലൂടെയും കടന്നു പോയിട്ടുള്ള വ്യക്തിയാണ് അറ്റ്‌ലസ് രാമചന്ദ്രന്‍. ബിസിനസ് രംഗത്തുണ്ടായ തിരിച്ചടികള്‍ അതിജീവിച്ച്, തിരിച്ചുവരവിന് ശ്രമിക്കവെയാണ് 80-ാം വയസില്‍ അദ്ദേഹം വിടവാങ്ങുന്നത്.
1942ല്‍ ജനനം
പ്രമുഖ കവിയും അക്ഷരശ്ലോകവിദഗ്ദ്ധനുമായിരുന്ന പരേതനായ വി. കമലാകരമേനോന്റെയും മതുക്കര മൂത്തേടത്ത് പരേതയായ രുഗ്മണിയമ്മയുടെയും മകനായി 1942 ജൂലൈ 31-ന് തൃശ്ശൂരിലാണ് മതുക്കര മൂത്തേടത്ത് രാമചന്ദ്രൻ എന്ന എം.എം. രാമചന്ദ്രൻ ജനിച്ചത്. രാധ, രവീന്ദ്രൻ, രത്നം, രാജേന്ദ്രൻ, രാജലക്ഷ്മി, രമാദേവി, രാമപ്രസാദ് എന്നിവരാണ് സഹോദരങ്ങൾ. തൃശ്ശൂരിലെ സെന്റ് തോമസ് കോളേജിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം നേടി. പിന്നീട് ജോലിക്കായി ഡല്‍ഹിയില്‍ പോയി.
ബാങ്കിംഗ് മേഖലയില്‍ തുടക്കം
ഡല്‍ഹിയില്‍ ബാങ്കിംഗ് മേഖലയുടെ ഭാഗമായാണ് അദ്ദേഹം തന്റെ പ്രവര്‍ത്തനമേഖലയ്ക്ക് തുടക്കം കുറിച്ചത്. ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം കാനറ ബാങ്കിലായിരുന്നു ജോലി ആരംഭിച്ചത്.
പിന്നീട്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ പ്രൊബേഷണറി ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ഫീല്‍ഡ് ഓഫീസറായും, അക്കൗണ്ടന്റ് മാനേജരായും പ്രവര്‍ത്തിച്ചു. 1974-ൽ കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് കുവൈറ്റിൽ ജോലിക്കായി കുവൈറ്റ് സിറ്റിയിലേക്ക് മാറി. ഇന്റർനാഷണൽ ഡിവിഷന്റെ അഡ്മിനിസ്ട്രേഷൻ മാനേജരായി അദ്ദേഹം ചുമതലയേറ്റു.
ജനകോടികളുടെ വിശ്വസ്ത സ്ഥാപനം
സ്വർണ്ണാഭരണങ്ങൾക്കുള്ള വലിയ ഡിമാൻഡിനെക്കുറിച്ച് ബോധ്യപ്പെട്ട രാമചന്ദ്രന്‍ കുവൈറ്റിലെ സൂഖ് അല്‍ വാത്യയിലാണ് ആദ്യത്തെ അറ്റല്‌സ് ഷോറൂമിന് തുടക്കമിട്ടത്. ഗൾഫ് യുദ്ധത്തിൽ കുവൈറ്റ് കൊള്ളയടിക്കപ്പെട്ടു. രാമചന്ദ്രനും കനത്ത നഷ്ടം സംഭവിച്ചു. പിന്നീട് അദ്ദേഹം യുഎഇയിലേക്ക് പോയി.
പ്രാദേശിക സ്വർണ്ണ വ്യാപാരത്തിൽ മെഗാ ഓഫറുകൾ എന്ന ആശയത്തിന് തുടക്കമിട്ടത് രാമചന്ദ്രനായിരുന്നു. ഈ ആശയം ഏറെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും സഹായകരമായി. അതു തന്നെയായിരുന്നു അറ്റ്‌ലസ് ജ്വല്ലറിയുടെ വിജയത്തുടക്കവും.
'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന ടാഗ്ലൈനോട് വളരെ പെട്ടെന്ന് തന്നെ അറ്റ്‌ലസ് ജനഹൃദയങ്ങളില്‍ സ്ഥാനം തേടി. സ്വന്തം സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസഡറും രാമചന്ദ്രന്‍ തന്നെയായിരുന്നു. സ്വർണ്ണ വ്യവസായത്തിൽ ഇതുവരെ അറിയപ്പെടാത്ത നിരവധി വിപണന തന്ത്രങ്ങൾ രാമചന്ദ്രൻ വികസിപ്പിച്ചെടുത്തു. അറ്റ്‌ലസ് ജ്വല്ലറി ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട സ്ഥാപനമായി മാറിയത് രാമചന്ദ്രന്റെ അശ്രാന്ത പരിശ്രമത്തിലൂടെയാണ്.
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (ഡിഎസ്എഫ്) ഗോൾഡ് പ്രൊമോഷൻ കമ്മിറ്റിയുടെ ആദ്യ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട രാമചന്ദ്രൻ, സ്വർണ്ണാധിഷ്ഠിത ഷോപ്പിംഗ് ഇൻസെന്റീവ് എന്ന ആശയം രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു. ഡിഎസ്എഫിന്റെ ഉദ്ഘാടന വർഷത്തിൽ 43 കിലോ സ്വർണമാണ് സമ്മാനമായി നൽകിയത്. തുടർച്ചയായി മൂന്ന് വർഷം ഈ സ്ഥാനത്ത് അദ്ദേഹം സേവനമനുഷ്ഠിച്ചു.
സ്വന്തം സ്ഥാപനത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചു, തുടര്‍ന്ന് ചലച്ചിത്രമേഖലയിലേക്ക്
നിരവധി ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും, അഭിനയിക്കുകയും ചെയ്തിട്ടുള്ള ബഹുമുഖ പ്രതിഭയായിരുന്നു രാമചന്ദ്രന്‍. അറ്റ്‌ലസ് ജ്വല്ലറിയുടെ പരസ്യത്തില്‍ രാമചന്ദ്രന്‍ തന്നെയായിരുന്നു അഭിനയിച്ചിരുന്നത്. ഇതു തന്നെയായിരിക്കാം അദ്ദേഹത്തിലെ നടനെ പരുവപ്പെടുത്തിയെടുത്തതും.
തന്റെ വേറിട്ട ശബ്ദത്തില്‍ രാമചന്ദ്രന്‍ അറ്റ്‌ലസ് ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിച്ചു. ഇത് ഏറെ ശ്രദ്ധ നേടി. മിമിക്രി വേദികളിലടക്കം ഇതുപയോഗിച്ച് രാമചന്ദ്രനെ അനുകരിച്ചവരും ഏറെ. വൈശാലി, സുകൃതം, ധനം,വാസ്തുഹാര, കൗരവർ, ചകോരം, ഇന്നലെ, വെങ്കലം തുടങ്ങിയ ചലച്ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചു.
അറബിക്കഥ, മലബാർ വെഡ്ഡിംഗ്, ടു ഹരിഹർ നഗർ,സുഭദ്രം, ആനന്ദഭൈരവി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹോളിഡേയ്സ് എന്ന ചിത്രം സംവിധാനം ചെയ്തു. സർഗ്ഗ പ്രവർത്തനത്തിലും അക്ഷരശ്ലോക പ്രസ്ഥാനത്തിലും തല്പരനാണ് രാമചന്ദ്രൻ. ചന്ദ്രകാന്ത ഫിലിംസ് എന്ന പേരിലുള്ള ഒരു സിനിമാനിർമ്മാണ കമ്പനിയും രാമചന്ദ്രന്റേതായുണ്ട്.
ജയില്‍വാസം
നല്ല നിലയില്‍ ബിസിനസ് മുന്നോട്ട് പോവുന്നതിനിടയില്‍ സംഭവിച്ച കോടികളുടെ കടബാധ്യത അറ്റ്ലസ് രാമചന്ദ്രനെ വലച്ചിരുന്നു. കടബാധ്യതകളെ തുടര്‍ന്ന് അദ്ദേഹം ജയില്‍ ശിക്ഷയും നേരിടേണ്ടി വന്നിരുന്നു. ഭീമമായ തുക വായ്പ നൽകിയ ചില ബാങ്കുകൾ തുക തിരിച്ചടയ്ക്കാത്തതിന് രാമചന്ദ്രനെതിരെ കേസ് നല്‍കി. തുടർന്ന് 2015 ഓഗസ്റ്റിൽ ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
രണ്ട് മാസത്തിന് ശേഷം ദുബായ് കോടതി അദ്ദേഹത്തെ ജയിലിലടച്ചു. മൂന്ന് വർഷത്തെ തടവിന് ശേഷം 2018 ജൂണിൽ ജയിൽ മോചിതനായി. കേന്ദ്ര സര്‍ക്കാരിന്റെയും മറ്റ് പ്രവാസി സംഘടനകളുടേയും ഇടപെടലോടെയാണ് ജയില്‍മോചിതനായത്. 23 ബാങ്കുകളാണ് അറ്റ്ലസ് രാമചന്ദ്രനെതിരേ കേസ് നല്‍കിയത്. നല്‍കിയ വായ്പകള്‍ മുടങ്ങിയതിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ കൂട്ടമായി കേസ് നല്‍കിയത്.
തിരിച്ചുവരവിന് ഒരുങ്ങി, പക്ഷേ...
കേസുകളില്‍ നിന്ന് മുക്തി നേടി പൊതുവേദികളിലടക്കം സജീവമാകാനുള്ള ശ്രമത്തിലായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍. പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. അറ്റ്ലസ് വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് 80-ാം വയസില്‍ രാമചന്ദ്രന്‍ യാത്രയാകുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ബര്‍ ദുബായിലെ വസതിയില്‍ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണ് എണ്‍പതാം പിറന്നാള്‍ ആഘോഷിച്ചത്.