02
Thursday February 2023
കേരളം

ട്രെയിനിൽ വെച്ച് എനിക്ക് വെടിയേറ്റതറിഞ്ഞ് ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലേക്ക് ഓടിയെത്തിയ സഖാവ് കോടിയേരിയേയും പിണറായിയെയും കുറിച്ച് കൂടെയുള്ളവർ പറഞ്ഞ് അറിഞ്ഞിട്ടുണ്ട്; ബോധമറ്റ് കിടന്ന സമയത്ത് ചികിത്സയുടെ ഒരോഘട്ടത്തിലും കൂടെ നിന്ന് സുഖവിവരങ്ങൾ തിരക്കി കുടുംബത്തിന് കരുത്ത് പകർന്നത് സഖാക്കളായിരുന്നു; അങ്ങനെ വലിയ മാനസിക പൊരുത്തമാണ് കോടിയേരിയുമായി ഉണ്ടായിരുന്നത്! അത്തരത്തിൽ മാനസിക പൊരുത്തമുള്ള ഒരാളെ ഇനി കിട്ടുക എന്നത് പ്രയാസമാണ്-കോടിയേരിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് ഇ.പി. ജയരാജന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Wednesday, October 5, 2022

തിരുവനന്തപുരം: അന്തരിച്ച സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനൊപ്പമുള്ള ഓര്‍മകൾ പങ്കുവച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. വലിയ മാതൃക തീർത്താണ് സഖാവ് കോടിയേരി യാത്രയാകുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്:

ഒരിക്കലും മരണമില്ലാത്ത ഓർമ്മകളിലേക്ക് സഖാവ് കോടിയേരി വിടവാങ്ങിയിരിക്കുന്നു. തങ്ങളുടെ പ്രിയ സഖാവിന്റെ വിയോഗം ഏറെ വേദനയോടെയാണ് കേരളത്തിലെ പാർട്ടിയും സഖാക്കളും ഉൾക്കൊണ്ടത്. കേരളത്തെയാകെ ദു:ഖത്തിലാഴ്ത്തിയാണ് ആ മടക്കം. സഖാവിന്റെ മരണ വാർത്ത പുറത്ത് വന്നതുമുതൽ നിലയ്ക്കാത്ത പ്രവാഹമായി ജനം കണ്ണൂരിലേക്ക് ഒഴുകി. സഖാക്കൾ നായനാർക്കും ചടയനും മധ്യേ പയ്യാമ്പലത്ത് അടക്കം അവസാനിച്ചതിന് ശേഷവും ആ ജനമനസ്സുകൾ അവിടെ തന്നെയുണ്ട്.

ഏറെ വേദനയോടെയാണ് ഞങ്ങളെല്ലാം കോടിയേരി സഖാവിന്റെ വിയോഗത്തോട് പൊരുത്തപ്പെടുന്നത്. രോഗകാലത്തെ അതിജീവിച്ച് അടിച്ചമർത്തപ്പെട്ടവരുടേയും നിരാലംഭരായവരുടേയും ശബ്ദമായി ഈ പാർട്ടിയുടെ ഉന്നതങ്ങളിൽ അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിടത്താണ് ഇത് സംഭവിച്ചത്. സഹോദര സ്ഥാനീയനാണ് സഖാവ് കോടിയേരി. ഈ വേദന ഒരിക്കലും വിട്ടുമാറില്ല. പകരം വെയ്ക്കാനായി മറ്റൊരാളുമില്ല. ഒരോ സമരകാലവും മനസ്സിൽ മിന്നിമറയുകയാണ്. സഖാവ് കോടിയേരിക്കൊപ്പമുള്ള ഒരോ ഓർമ്മകളും മനസ്സിൽ തെളിഞ്ഞ് കിടക്കുന്നു. ഈ നാടിന് സഖാവ് കോടിയേരി ആരായിരുന്നു എന്നതിന് ഇനിയൊരു ഉത്തരം വേണമെന്ന് തോന്നുന്നില്ല.

തലശ്ശേരിയിലും കോടിയേരിയിലും കണ്ണൂരിലും പയ്യാമ്പലത്തും നാം അത് കണ്ടു. നേരിൽ കണ്ടതും അല്ലാത്തതുമായ ഒരോ മനുഷ്യനും കോടിയേരിയെ പറ്റി ഒരു ഓർമ്മയെങ്കിലും പങ്കുവെയ്ക്കാനുണ്ടാകും. അതായിരുന്നു സഖാവ്. മനോഹരവും നൈർമ്മല്യവും നിറഞ്ഞ ഒരു ഓർമ്മയെങ്കിലും അവശേഷിപ്പിക്കാതെ കോടിയേരി മടങ്ങാറില്ല. പാർട്ടി തീരുമാനങ്ങൾ നടപ്പാക്കാൻ കണിശത കാണിക്കുമ്പോഴും വീഴ്ചകളിൽ ശകാരിക്കുമ്പോഴും വാത്സല്യത്തിനും സ്നേഹത്തിനും അദ്ദേഹം അളവ് വെച്ചിരുന്നില്ല.

അമ്പതിലേറെ വര്‍ഷത്തെ സഹോദര തുല്യമായ ഏറ്റവും അടുത്ത സൗഹൃദമാണ് സഖാവ് കോടിയേരിയുമായുള്ളത്. വിദ്യാര്‍ത്ഥി യുവജന രംഗത്തെ പ്രവര്‍ത്തനങ്ങളിലെല്ലാം ഒരുമിച്ചായിരുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായും വളരെ അടുത്ത ബന്ധമാണുള്ളത്. പാര്‍ട്ടിപരമായും വ്യക്തിപരമായും ഏറ്റവും അടുത്ത ഒരാളെയാണ് കോടിയേരിയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. സമരപോരാട്ടങ്ങളിലെല്ലാം എല്ലാകാലവും ഞങ്ങൾ ഒരുമിച്ചായിരുന്നു.

വിദ്യാർത്ഥികളായിരിക്കെ കോളേജിലെ സംഘടനാ പ്രവർത്തനങ്ങൾ കഴിഞ്ഞ് നടന്ന് തലശ്ശേരി പാർട്ടി ഓഫീസിൽ വരും. അവിടെ ഒരുമിച്ച് കിടന്നുറങ്ങി അതിരാവിലെ എണീറ്റ് അദ്ദേഹം കോടിയേരിയിലെ വീട്ടിലേക്കും ഞാൻ ഇരിണാവിലേക്കും മടങ്ങും. ഒരുപാട് കാലം ഇങ്ങനെയായിരുന്നു.

കലുഷിതമായിരുന്നു അന്നത്തെ സാഹചര്യങ്ങൾ. ഏതു നിമിഷവും അക്രമിക്കപ്പെട്ടേക്കാം എന്നതായിരുന്നു അവസ്ഥ. അതിനെയെല്ലാം തരണം ചെയ്ത് സ്ഫുടം ചെയ്തെടുത്ത കരുത്തുമായാണ് കോടിയേരി സംഘടനാ തലത്തിൽ ഉയർന്നു വന്നത്. യുവജന രംഗത്തേക്ക് എത്തിയപ്പോൾ രാത്രികൾ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലായി . പലപ്പോഴും മാറാൻ വേറെ ഷർട്ടും മുണ്ടും ഒന്നും ഉണ്ടായിരുന്നില്ല. അടുത്ത ദിവസവും തലേന്നത്തെ മുഷിഞ്ഞ വസ്ത്രം തന്നെ അണിഞ്ഞ് പ്രവർത്തനത്തിന് ഇറങ്ങും.

മറക്കാനാകാത്ത ഒരു ഓർമ്മയാണ് കണ്ണൂരിൽ യുവജനോത്സവം നടക്കുന്ന സമയത്തേത്. സുകുമാർ അഴീക്കോടായിരുന്നു യുവജനോത്സവം ഉദ്ഘാടനം ചെയ്തത്. കരുണാകരനാണ് അന്നത്തെ മുഖ്യമന്ത്രി. രാഷ്ട്രീയ വിഷയങ്ങളാൽ പ്രശുബ്ദ്ധമായിരുന്ന കാലം. യുവജനോത്സവത്തിൽ പങ്കെടുക്കാൻ കരുണാകരൻ വരുന്നതറിഞ്ഞ് ഡി.വൈ.എഫ്.ഐ പ്രതിഷേധം സംഘടിപ്പിച്ചു. യുവജനോത്സവം നടക്കുന്ന വേദിക്ക് പുറത്ത് സഖാക്കൾ പ്രതിഷേധവുമയി മുന്നേറി. വളരെ ഭീകരമായാണ് അന്ന് പോലീസ് യുവജന സഖാക്കളെ നേരിട്ടത്. ലാത്തിച്ചാർജിൽ നിരവധി സഖാക്കൾക്ക് പരിക്ക് പറ്റി.

ലാത്തിച്ചാർജിന് പുറമെ ജനക്കൂട്ടത്തിന് നേരെ വെടിവെക്കാനും തുടങ്ങി. കണ്ണൂർ മുനിസിപ്പൽ ഓഫീസിന് മുന്നിലുള്ള റോഡിൽ കമഴ്ന്ന് കിടന്നാണ് പോലീസ് വെടിവെയ്ക്കുന്നത്. ഈ സമയം ജില്ലാ കമ്മിറ്റി ഓഫീസിൽ പാർട്ടിയുടെ യോഗം നടന്നുകൊണ്ടിരിക്കുകയായിരുന്നു. സഖാവ് കോടിയേരിയും ഞാനും ആ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. വെടിയൊച്ച കേട്ട് ഞങ്ങൾ സംഭവ സ്ഥലത്തേക്ക് ഓടി. അഴീക്കോടൻ മന്ദിരത്തിൽ നിന്ന് ഓടി മൈതാനത്തിന് അപ്പുറം എത്തുമ്പോൾ കാണുന്ന കാഴ്ച പോലീസ് ജനക്കൂട്ടത്തിന് നേരെ കമഴ്ന്ന് കിടന്ന് വെടിവെക്കുന്നതാണ്.

സഖാവ് കോടിയേരിയും ഞാനും അലറിക്കൊണ്ട് പോലീസിന്റെ അടുത്തേക്ക് നീങ്ങി. പോലീസുകാരെല്ലാം ഒരു നിമിഷം ശങ്കിച്ചുപോയി. ഇത് കണ്ട് അപ്പുറത്ത് നിൽക്കുകയായിരുന്ന എസ്‌.പി ജോർജ്ജ് ഓടിവന്നു. വെടിവെക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടു. പോലിസുകാർ കിടന്നിടത്ത് നിന്ന് എഴുന്നേറ്റ് മാറി. പിന്നീട് എസ്‌.പി ജോർജ്ജ് ഞങ്ങൾക്ക് അരികിലേക്ക് വന്ന് പറഞ്ഞു ” നിങ്ങൾ എന്താണീ കാണിച്ചത്. മഹാ വിഡ്ഢിത്തമായിപ്പോയി ഇത്. പോലീസുകാർ തോക്കൊന്ന് തിരിച്ച് വെടി വെച്ചിരുന്നെങ്കിൽ ജീവൻ നഷ്ടപ്പെടുമായിരുന്നില്ലേ.?” മേലിൽ ഇത് ആവർത്തിക്കെരുതെന്നും എസ്‌.പി ഞങ്ങളോട് പറഞ്ഞു. പക്ഷേ തന്റെ ജീവനേക്കൾ വലുതായിരുന്നു കോടിയേരിക്ക് മറ്റു സഖാക്കൾ. ഇത്തരത്തിൽ നിരവധി തീക്ഷ്ണമായ സംഭവങ്ങൾ കോടിയേരിയുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.

ഏത് ദുർഘടമായ സാഹചര്യത്തേയും മറികടന്ന് ലക്ഷ്യത്തിലെത്താൻ കോടിയേരിക്ക് കഴിയുമായിരുന്നു. അതിന് നിരവധി ഉദാഹരണങ്ങളുണ്ട്. പാനൂരിൽ വലിയ രാഷ്ട്രീയ അക്രമങ്ങൾ നടക്കുന്ന കാലം. സിപിഐഎമ്മുകാരെ ആർ.എസ്‌.എസ്‌ വേട്ടയാടുന്ന സാഹചര്യം. ഒരോദിവസവും സഖാക്കൾ ആർ.എസ്‌.എസ്സിന്റെ കൊലക്കത്തിക്ക് ഇരയാകുന്ന വാർത്തകൾ. പാനൂരിലേക്ക് ആർക്കും കടന്ന് ചെല്ലാൻ കഴിയാത്ത സാഹചര്യം. പാർട്ടി നേതാക്കൾ വരെ ആക്രമണത്തിന് ഇരയാക്കപ്പെടുന്നു.

പാനൂരിലേക്ക് പോകുന്ന നേതാക്കളെ ഉൾപ്പടെ പോലീസ് ഇടപെട്ട് മടക്കി അയക്കുന്നു. അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് സഖാക്കളെ ആർ.എസ്‌.എസ്‌ ക്രിമിനലുകൾ വെട്ടിക്കൊലപ്പെടുത്തിയതറിഞ്ഞ് അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് പിണറായി വിജയനും സഖാവ് കൊടിയേരിയും പാനൂരിലേക്ക് പുറപ്പെട്ടു. അന്ന് ഞാൻ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയാണ്. ആർ.എസ്.എസ്സുകാർ കൊലപ്പെടുത്തിയ സഖാവ് കുഞ്ഞിക്കണ്ണന്റെ സംസ്കാര ചടങ്ങ് കഴിഞ്ഞ് മടങ്ങുന്ന ഞങ്ങൾക്ക് നേരെ ബോംബേറുണ്ടായി. അവിടേക്കാണ് സഖാവ് പിണറായിയും സഖാവ് കോടിയേരിയും ചെന്നെത്തി സഖാക്കൾക്ക് സ്വാന്തനമേകുന്നത്. ആക്രമിക്കപ്പെടും എന്ന് ഉറപ്പുള്ളിടത്തുപോലും അതിനെയെല്ലാം അതിജീവിച്ച് അദ്ദേഹം എത്തുമായിരുന്നു. ആ അനുഭവ സമ്പത്താണ് സഖാവ് കോടിയേരി.

സംഘർഷഭരിതമായ രാഷ്ട്രീയ സാഹചര്യങ്ങളിലും സ്നേഹം പങ്കുവെയ്ക്കലുകൾക്കും സൗമ്യമായ പെരുമാറ്റത്തിനും ഭംഗമുണ്ടായിരുന്നില്ല എന്നതാണ് സഖാവ് കോടിയേരിയെ വ്യത്യസ്ഥനാക്കുന്നത്. ട്രെയിനിൽ വെച്ച് എനിക്ക് വെടിയേറ്റതറിഞ്ഞ് ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലേക്ക് ഓടിയെത്തിയ സഖാവ് കോടിയേരിയേയും പിണറായിയെയും കുറിച്ച് കൂടെയുള്ളവർ പറഞ്ഞ് അറിഞ്ഞിട്ടുണ്ട്. ബോധമറ്റ് കിടന്ന സമയത്ത് ചികിത്സയുടെ ഒരോഘട്ടത്തിലും കൂടെ നിന്ന് സുഖവിവരങ്ങൾ തിരക്കി കുടുംബത്തിന് കരുത്ത് പകർന്നത് സഖാക്കളായിരുന്നു. അങ്ങിനെ വലിയ മാനസിക പൊരുത്തമാണ് കോടിയേരിയുമായി ഉണ്ടായിരുന്നത്. ഒഴിവുസമയങ്ങളിലെല്ലാം പരസ്പരം തമാശകൾ പറഞ്ഞ് പല പഴയ കഥകളെല്ലാം ഓർമ്മിച്ച് പരസ്പരം സ്നേഹവും സാഹോദര്യവും പങ്കുവെയ്ക്കുമായിരുന്നു ഞങ്ങൾ. അത്തരത്തിൽ മാനസിക പൊരുത്തമുള്ള ഒരാളെ ഇനി കിട്ടുക എന്നത് പ്രയാസമാണ്.

ഇങ്ങിനെയൊക്കെയുള്ള സൗഹൃദങ്ങൾ ബാക്കിയാക്കിയാണ് പ്രിയ സഖാവ് വിടപറഞ്ഞത്. വ്യക്തിപരമായ നഷ്ടം കൂടിയാണ് കോടിയേരിയുടെ ഈ മടക്കം. സഖാവിന്റെ വിയോഗവാർത്തയറിഞ്ഞതുമുതലുള്ള നീറ്റൽ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. വ്യക്തിബന്ധങ്ങൾക്ക് അത്രയേറെ പ്രാധാന്യം നൽകിയിട്ടുണ്ട് കോടിയേരി. ഒരോരുത്തരുടേയും ഓർമ്മകുറിപ്പുകളും അത് നമുക്ക് മുന്നിൽ വെളിവാക്കുന്നു.

പാര്‍ട്ടിക്കും പാര്‍ട്ടിയുടെ ഉയര്‍ച്ചയ്ക്കും വേണ്ടി ജീവിച്ച വ്യക്തിയായിരുന്നു കോടിയേരി. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ തുടങ്ങിയ പൊതുജീവിതത്തിലെ പൊള്ളുന്ന അനുഭവങ്ങൾ കൈമുതലാക്കിയാണ് സഖാവ് പാർട്ടിയെ നയിച്ചത്. ഉന്നതമായ സ്ഥാനങ്ങൾ തന്നിലേക്ക് എത്തുമ്പോഴും കാണിച്ച എളിമയും സൂക്ഷ്മതയും ഏവർക്കും മാതൃകയാണ്. ഭരണ രംഗത്ത് പ്രവർത്തിച്ച കാലഘട്ടത്തിലും അതിന് വ്യതിചലനമുണ്ടായിട്ടില്ല.

തന്റെ വ്യക്തി ജീവിതത്തെക്കാള്‍ ഏറെ അദ്ദേഹം പാര്‍ട്ടിയെ സ്‌നേഹിച്ചു. ഒരോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എന്നും വഴികാട്ടിയായി മുന്നില്‍ നിന്നു. പ്രസ്ഥാനത്തിന് നേരെ ആക്രമണങ്ങളുണ്ടാകുമ്പോൾ അദ്ദേഹം പ്രതിരോധത്തിന്റെ ആൾരൂപമായി. മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ വെച്ചുപോലും അക്രമം ഉണ്ടായപ്പോൾ അദ്ദേഹം നൽകിയ മുന്നറിയിപ്പ് ശ്രദ്ധേയമാണ്‌. മുഖ്യമന്ത്രിയെ ആക്രമിക്കാനാണ് ഭാവമെങ്കിൽ സംരക്ഷണം പാർട്ടി ഏറ്റെടുക്കുമെന്നും പാർട്ടി ഒരു തീപ്പന്തമാകുമെന്നും സഖാവ് എതിരാളികളെ ഓർമ്മിപ്പിച്ചു. പാർട്ടി സഖാക്കളുടെ സംരക്ഷണത്തിൽ അദ്ദേഹം അത്രയേറെ ശ്രദ്ധാലുവായിരുന്നു.

രോഗശയ്യയിലും പാര്‍ട്ടിയെ കുറിച്ചായിരുന്നു കോടിയേരിയുടെ ചിന്തകൾ. ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ചെല്ലാം സംസാരിച്ചു. അദ്ദേഹം അത്രമേൽ പാർട്ടിയായിരുന്നു. രോഗം മൂര്‍ച്ഛിച്ചപ്പോഴും അദ്ദേഹം കാണിച്ച മനസ്സാന്നിധ്യം ഏവര്‍ക്കും മാതൃകയാണ്. പാര്‍ട്ടി പ്രവര്‍ത്തനത്തിലൂടെ നേടിയെടുത്തതായിരുന്നു അത്. ശാരീരിക ബുദ്ധിമുട്ടുകളെല്ലാം ആ മനസ്സാന്നിധ്യത്തിന് മുന്നില്‍ മാറിനിന്നു. പാര്‍ട്ടിയായി വളര്‍ന്ന് പാര്‍ട്ടിയായ ജീവിച്ച സഖാവ് എന്നും സാധാരണക്കാരന് വേണ്ടി ശബ്ദമുയർത്തി.

വലിയ മാതൃക തീർത്താണ് സഖാവ് കോടിയേരി യാത്രയാകുന്നത്. സിപിഐഎമ്മിന് മാത്രമല്ല രാജ്യത്തെ പുരോഗമന പ്രസ്ഥാനങ്ങൾക്കെല്ലാം കനത്ത നഷ്ടമണ് സഖാവിന്റെ വിയോഗം. പകരംവെയ്ക്കാനില്ലാത്ത സഖാവാണ് കോടിയേരി. ചുവന്ന രക്ത നക്ഷത്രമായി അദ്ദേഹം ഞങ്ങൾക്കെല്ലാം ഇനിയും വഴികാട്ടും എന്ന് തീർച്ചയാണ്‌. പ്രിയ സഖാവിന്റെ ധീര സ്മരണക്ക് മുന്നിൽ ലാൽ സലാം.

More News

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) 2023 ജനുവരിയില്‍ 296,363 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ചു.  278,143 യൂണിറ്റ് ആഭ്യന്തര വില്‍പ്പനയും, 18,220 യൂണിറ്റ് കയറ്റുമതിയും ഉള്‍പ്പെടെയാണിത്. ഹോണ്ട ആക്ടിവ 2023 അവതരണവും, പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബിസിനസ് നെറ്റ്‌വര്‍ക്ക് വിപുലീകരണവും ജനുവരിയില്‍ നടന്നു. വിവിധ ഇടങ്ങളില്‍ റോഡ് സുരക്ഷ ബോധവത്കരണ ക്യാമ്പുകള്‍ നടത്തിയ കമ്പനി, ഹരിയാന മനേസറിലെ ഗ്ലോബല്‍ റിസോഴ്‌സ് ഫാക്ടറിയില്‍ യുവ വിദ്യാര്‍ഥികള്‍ക്കായി വ്യാവസായിക സന്ദര്‍ശനവും സംഘടിപ്പിച്ചു. 2023ലെ ഡാകര്‍ റാലിയില്‍ മോണ്‍സ്റ്റര്‍ എനര്‍ജി […]

ഡൽഹി: വൈദ്യരത്നം ഔഷധശാല ഡൽഹി ബ്രാഞ്ചിന്‍റെയും ശ്രീദുർഗ്ഗ എൻറർപ്രൈസസിന്‍റെയും സംയുക്ത ആഭിമുഖ്യത്തിൽ ദിൽ ഷാദ് കോളനി എ. ബ്ലോക്കിൽ നൂറാം നമ്പറിൽ വച്ച് ഫെബ്രുവരി 26 ഞായറഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ ആയുർവേദ ചികിത്സ ക്യാമ്പ് നടത്തുന്നു. വൈദ്യരത്നം ഔഷധശാല സീനിയർ ഫിസിഷ്യൻ ഡോ.കെ സൂര്യദാസിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. ഒൻപത് മണിയ്ക്ക് രജിസ്റ്ററേഷൻ ആരംഭിക്കും. മുൻകൂട്ടി ബുക്ക് ചെയ്യാൻ 011 35749615, 8595672762 നമ്പറുകളിൽ ബന്ധപ്പെടുക.

കണ്ണൂര്‍: കണ്ണൂരില്‍ ഓടുന്ന കാറിനു തീപിടിച്ച് ഗര്‍ഭിണിയും ഭര്‍ത്താവും മരിച്ചതില്‍, ഡോര്‍ ലോക്ക് ആയതു രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായെന്നു ദൃക്സാക്ഷികളായ നാട്ടുകാർ. ചില്ലുകള്‍ തകര്‍ത്തു രണ്ടു പേരെയും രക്ഷപ്പെടുത്താനുള്ള ശ്രമം വിജയിച്ചില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. കുറ്റിയാട്ടൂര്‍ സ്വദേശികളായ പ്രജിത് (35), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. നടുറോഡിൽ കാർ നിന്നു കത്തുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ. കാർ കത്തുന്നത് കണ്ട് ഓടികൂടിയ നാട്ടുകാർ കാറിനടുത്തുചെന്ന് രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞില്ല. ‘ഫയർഫോഴ്സിനെ വിളിയെടാ’ എന്നു നാട്ടുകാർ അലറുന്നത് വിഡിയോയിൽ കേൾക്കാം. […]

ഹൊനിയാര: സോളമൻ ദ്വീപുകളിൽ എംബസി തുറന്ന് യുഎസ്. പസഫിക്കിലേക്കുള്ള ചൈനയുടെ നീക്കത്തെ ചെറുക്കാനുള്ള നടപടിയായി ഇതിനെ കാണാം. തലസ്ഥാനമായ ഹൊനിയാരയിലാണ് എംബസി പ്രവർത്തിക്കുന്നത്. ഒരു ചാർജ് ഡി അഫയേഴ്സ്, രണ്ട് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സ്റ്റാഫ്,  പ്രാദേശിക ജീവനക്കാർ എന്നിവർ എംബസിയിൽ ജോലിക്കുണ്ട്. 1993-ൽ അടച്ചുപൂട്ടുന്നതിന് മുമ്പ്  അഞ്ച് വർഷം സോളമൻ ദ്വീപുകളിൽ യുഎസ് എംബസി പ്രവർത്തിച്ചിരുന്നു.  ഈ മേഖലയിലെ ചൈനയുടെ  നീക്കങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് വീണ്ടും എംബസി തുറന്നത്. എംബസി തുറക്കുന്നത് മേഖലയിലുടനീളം കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ […]

പാലക്കാട്:  ഒ.വി. വിജയൻ സ്മാരക നോവൽ പുരസ്കാരം 2022, പി .എഫ്. മാത്യൂസ് എഴുതിയ അടിയാള പ്രേതം എന്ന നോവലിനും, കഥാ പുരസ്കാരം പി.എം. ദേവദാസ് എഴുതിയ കാടിന് നടുക്ക് ഒരു മരം എന്ന കഥാസമാഹാരത്തിനും, യുവ കഥാപുരസ്കാരം നിതിൻ വി എൻ എഴുതിയ ചെറുകഥയ്ക്കും അർഹമായതായി ഓ.വി .വിജയൻ സംസ്കാര സമിതി ചെയർമാൻ ടി.കെ.നാരായണദാസ് പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. സെക്രട്ടറി ടി ആർ അജയൻ, കൺവീനർമാരായ ടി .കെ. ശങ്കരനാരായണൻ, രാജേഷ് മേനോൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. […]

കൊല്ലം ; ഹോട്ടലില്‍ ഊണിന് നല്‍കിയ മീന്‍കഷണത്തിന് വലുപ്പമില്ലെന്ന് ആരോപിച്ച് ഹോട്ടല്‍ ജീവനക്കാരെ കല്ലിനിടിച്ച് വീഴ്ത്തിയ ആറു യുവാക്കള്‍ അറസ്റ്റില്‍. കൊല്ലം സ്വദേശികളായ ആറുപേരാണ് അക്രമം കാട്ടിയതെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലം നെടുമണ്‍ കടുക്കോട് കുരുണ്ടിവിളവീട്ടില്‍ പ്രദീഷ് മോഹന്‍ദാസ് (35), കൊല്ലം നെടുപന കളയ്ക്കല്‍കിഴക്കേതില്‍ വീട്ടില്‍ എസ്.സഞ്ജു (23), കൊല്ലം നെടുപന മനുഭവന്‍ വീട്ടില്‍ മഹേഷ് ലാല്‍ (24), കൊല്ലം നെടുപന ശ്രീരാഗംവീട്ടില്‍ അഭിഷേക് (23), കൊല്ലം നല്ലിള മാവിള വീട്ടില്‍ അഭയ് രാജ് (23), കൊല്ലം […]

മലപ്പുറം: പ്രവാസിയായ സുഹൃത്തിന്റെ ഭാര്യയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് ശേഷം മുങ്ങിയ യുവാവ് അറസ്റ്റിൽ. മലപ്പുറം ഏലംകുളം സ്വദേശി മുഹമ്മദ് അഷറഫ് (34) ആണ് അറസ്റ്റിലായത്. 2021 നവംബറിൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,  പ്രവാസിയായ ഭർത്താവ് വീട്ടിലെ കാര്യങ്ങൾക്ക് സഹായിക്കാൻ അഷ്റഫിനോട് നിർദേശിച്ചിരുന്നു. മുഹമ്മദ് അഷറഫ് സാധനങ്ങൾ പ്രവാസിയുടെ ഭാര്യക്ക് വീട്ടിൽ എത്തിച്ച് കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ ഇതിനിടയിൽ പ്രതി യുവതിയുമായി സൗഹൃദം സ്ഥാപിക്കുകയും വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക […]

കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലായിരുന്ന റിസോര്‍ട്ടിലെ നാല് തടയണകള്‍ നാല് മാസത്തിനകം പൊളിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. പൊളിച്ചുമാറ്റുന്നില്ലെങ്കില്‍ കൂടരഞ്ഞി പഞ്ചായത്തിന് തടയണകള്‍ പൊളിക്കാം. പൊളിക്കാന്‍ വേണ്ടിവരുന്ന ചെലവ് ഉടമകള്‍ വഹിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. തടയണകള്‍ പൊളിക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെയാണ് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. തടയണകള്‍ പൊളിച്ചുനീക്കാത്തതിന്റെ പേരില്‍ ജില്ലാ കളക്ടര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതോടെയാണ് തടയണകള്‍ പൊളിച്ചുനീക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചത്. തടയണ പൊളിക്കാനുള്ള ഉത്തരവ് മറികടക്കാന്‍ സ്ഥലം വില്‍പ്പന നടത്തി […]

പാലക്കാട്: പേൾസ് അഗ്രോ ടെക് കോർപ്പറേഷൻ ലിമിറ്റഡിലെ ഏഴു കോടിയോളം നിക്ഷേപക തുക ഈടാക്കി തിരികെ നൽകാൻ സെബിയെ ചുമതലപ്പെടുത്തിയ സുപ്രീംകോടതി വിധി 7 വർഷം കഴിഞ്ഞിട്ടും നടപ്പിലാക്കാത്തതിനെ തുടർന്ന് നിക്ഷേപകരും ഏജന്റുമാരും പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ സെബിയുടെ ശവമഞ്ചത്തിൽ റീത്ത് വെച്ച് കരിദിനം ആചരിച്ചു. 2016 ഫെബ്രുവരി 2 നാണ് സുപ്രീം കോടതി വിധി പറഞ്ഞതി തുടർന്ന്  2 ലക്ഷത്തി എൺപതിനായിരം കോടിയോളം വരുന്ന പിഎസിഎൽ ന്റെ ആസ്തി സെബി ഏറ്റെടുത്തെങ്കിലും നാളിതുവരെ […]

error: Content is protected !!