തിരുവനന്തപുരം: ഇലന്തൂരിലെ നരബലി കേസില്‍ അറസ്റ്റിലായ മുഖ്യപ്രതികളിലൊരാളായ ഭഗവല്‍ സിങ് ഹൈക്കു കവിയായിരുന്നു. ഹൈക്കു എന്ന വാക്ക് പലര്‍ക്കും സുപരിചതമാകുന്നതും ഈ സംഭവത്തോടുകൂടിയാണ്. ഫേസ്ബുക്കില്‍ ഭഗവല്‍ സിംഗ് നിരവധി ഹൈക്കു കവിതകളാണ് പങ്കുവച്ചിട്ടുള്ളത്.
ഇലന്തൂരിലെ നരബലി കേസോടെ ട്രോള്‍ ഗ്രൂപ്പുകളിലടക്കം ഹൈക്കു കവിതകള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. പലരും തമാശരൂപേണ ഹൈക്കു കവിതകള്‍ സോഷ്യല്‍ മീഡിയയില്‍ കമന്റുകളായും പോസ്റ്റുകളായും രേഖപ്പെടുത്താറുണ്ട്. ഇപ്പോഴിതാ, പിപിഇ കിറ്റ് വിവാദത്തില്‍ ലോകായുക്ത അന്വേഷണം നേരിടുന്ന മുന്‍ ആരോഗ്യമന്ത്രിയും, സിപിഎം നേതാവുമായ കെ.കെ. ശൈലജയെ ഹൈക്കു കവിതയിലൂടെ ട്രോളിയിരിക്കുകയാണ് മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വി.ടി. ബല്‍റാം.
"അമേരിക്കയിൽ ശ്വാസം കിട്ടാത്തവരുടെ ആർത്തനാദം
വാഷിംഗ്ടൺ പോസ്റ്റിൽ തൂങ്ങിയാടുന്ന മഗ്സാസെ പട്ടം
സാദാ കിറ്റിൽ വോട്ട് പിപിഇ കിറ്റിൽ നോട്ട്
- 'മരണത്തിന്റെ വ്യാപാര സാധ്യത'
(ഹൈക്കു കവിത)" - എന്നാണ് ബല്‍റാം ശൈലജയെ പരിഹസിച്ച് ഫേസ്ബുക്കില്‍ കുറിച്ചത്.
ബല്‍റാമിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരെത്തിയതോടെ ഈ പോസ്റ്റും വൈറലായി. പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളിയെ കണ്ടുകിട്ടിയോ എന്ന് ചോദിച്ചും നിരവധി പേര്‍ ബല്‍റാമിന്റെ പോസ്റ്റിന് കമന്റ് ചെയ്യുന്നുണ്ട്.