/sathyam/media/post_attachments/GiCgJYjEqUAhGlhuTAbw.jpg)
തിരുവനന്തപുരം: മുൻമന്ത്രിമാരായ ഡോ.ടി.എം.തോമസ് ഐസക്കിനും കടകംപളളി സുരേന്ദ്രനും മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും എതിരെ ലൈംഗികാരോപണവുമായി സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മന്ത്രിയായിരിക്കെ കടകംപളളി സുരേന്ദ്രൻ കൊച്ചിയിലെ ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചുവെന്നാണ് സ്വപ്നയുടെ ആരോപണം. വീട്ടിൽ കയറ്റാൻ കൊളളാത്തവൻ എന്നാണ് സ്വപ്ന സുരേഷ് കടകംപളളി സുരേന്ദ്രനെ വിശേഷിപ്പിച്ചത്.
മദ്യപാന സദസിനിടെ തനിച്ച് ഔദ്യോഗിക വസതിയിലെത്താൻ ആവശ്യപ്പെട്ടു എന്നതാണ് പി.ശ്രീരാമകൃഷ്ണന് എതിരായ ആക്ഷേപം. ലൈംഗിക താൽപര്യം മുൻനിർത്തി പരോക്ഷമായി സംസാരിച്ച തോമസ് ഐസക്ക് മൂന്നാറിലേക്ക് ക്ഷണിച്ചുവെന്നും സ്വപ്ന ടെലിവിഷൻ അഭിമുഖത്തിൽ വെളിപ്പെടുത്തി. ശ്രീരാമകൃഷ്ണന് എതിരെ നേരത്തെ ചില ആക്ഷേപങ്ങൾ ഉന്നയിച്ചിട്ടുളള സ്വപ്ന തോമസ് ഐസക്കിനും കടകംപളളിക്കും എതിരെ ലൈംഗികാരോപണം ഉന്നയിക്കുന്നത് ഇതാദ്യമാണ്.
ഉന്നയിച്ച കാര്യങ്ങൾക്ക് എല്ലാം തെളിവുണ്ടെന്ന് അവകാശപ്പെട്ട സ്വപ്ന സുരേഷ് ആരോപണങ്ങൾ ശരിയല്ലെങ്കിൽ കേസുകൊടുക്കാനും വെല്ലുവിളിച്ചു. മന്ത്രിമാരുടെയും സ്പീക്കറുടെയും മോശം പെരുമാറ്റത്തെപ്പറ്റി അന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിന് അറിയാമായിരുന്നുവെന്നും സ്വപ്ന വ്യക്തമാക്കി. സ്വപ്നയുടെ വെളിപ്പെടുത്തലോടെ തോമസ് ഐസക്കും കടകംപളളി സുരേന്ദ്രനും പി. ശ്രീരാമകൃഷ്ണനും ആരോപണത്തിന്റെ നിഴലിലായി.
കഴക്കൂട്ടം എം.എൽ.എയും മുൻമന്ത്രിയുമായ കടകംപളളി സുരേന്ദ്രന്റെ രാഷ്ട്രീയ ജീവിതത്തിന് തന്നെ അന്ത്യം കുറിക്കുന്ന തരത്തിലുളള ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഉന്നയിച്ചിരിക്കുന്നത്. മന്ത്രിയായോ എം.എൽ.എയായോ രാഷ്ട്രീയ പ്രവർത്തകനായോ ഇരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപളളി സുരേന്ദ്രനെന്നും വൃത്തികെട്ടവനാണ് അദ്ദേഹമെന്നുമാണ് സ്വപ്നയുടെ ആക്ഷേപം. മന്ത്രിയുടെ നിലയ്ക്കോ പദവിയ്ക്കോ ചേരാത്ത തരത്തിലുളള സന്ദേശങ്ങളാണ് അയച്ചുകൊണ്ടിരുന്നത്. ''പീഡനം എന്നൊന്നും പറയാനില്ല, അങ്ങനെ സംഭവിച്ചതായും പറയാനില്ല. ഫോണിൽകൂടി മോശമായി സംസാരിച്ചിട്ടുണ്ട്. ലൈംഗികച്ചുവയോടെ പെരുമാറിയിട്ടുമുണ്ട്.വീട്ടിലേക്ക് വരാം, ഹോട്ടലിൽ റൂം എടുക്കാമെന്നും പറഞ്ഞിട്ടുണ്ട്.
ലൈംഗികതയുളള സന്ദേശങ്ങൾ അയച്ചു.റൂമിലേക്ക് ചെല്ലാൻ നിർബന്ധിച്ചു.ബോൾഗാട്ടിയിലെ ഹയാത്ത് ഹോട്ടലിന്റെ ഉൽഘാടനത്തിന് കടകംപളളി വന്നിരുന്നു. അവിടെ റൂമെടുക്കാമെന്നും പറഞ്ഞിരുന്നു.അർദ്ധരാത്രിയിലും റൂമിലേക്ക് ചെല്ലാൻ വിളിച്ചു. ഇങ്ങനെയുളള പെരുമാറ്റം ഉണ്ടായപ്പോൾ സരിത്തിനെയും കൂട്ടി കടകംപളളിയുടെ റൂമിന് മുന്നിലെത്തി പ്രതികരിച്ചിട്ടുണ്ട്,മര്യാദയോട് പെരുമാറണമെന്ന് പറഞ്ഞിട്ടുണ്ട്. അതിന് ശേഷം എന്നോട് കടകംപളളിക്ക് ദേഷ്യമായിരുന്നു" ഇതാണ് അഭിമുഖത്തിൽ കടകംപളളി സുരേന്ദ്രനെതിരെ സ്വപ്ന പറയുന്നത്.
വേണമെങ്കിൽ നടുറോഡിൽ അദ്ദേഹത്തെ വിവസ്ത്രനാക്കാവുന്ന കാര്യങ്ങളുണ്ട്. അദ്ദേഹം മന്ത്രിയോ ആരുമായിക്കൊളളട്ടെ അതൊന്നും ഞാൻ കണക്കിലെടുത്തില്ല.
പറയുന്ന കാര്യങ്ങളിൽ ഒരു വാക്കോ അക്ഷരമോ തെറ്റുണ്ടെങ്കിൽ കടകംപളളി തനിക്കെതിരെ കേസിന് പോകട്ടെയെന്നും സ്വപ്ന വെല്ലുവിളിക്കുന്നു. എല്ലാത്തിനും തന്‌റെ പക്കൽ തെളിവുണ്ടെന്നും സ്വപ്ന അവകാശപ്പെട്ടു.
മോശമായി സംസാരിച്ചെങ്കിലും മുൻധനമന്ത്രി തോമസ് ഐസക് മറ്റുളളവരെപ്പോലെ ലൈംഗിക താൽപര്യം ഡയറക്ടായി ഉന്നയിച്ചിട്ടില്ലെന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. "മുൻ ഭർത്താവിന്റെ പേഴ്സണൽ ആവശ്യത്തിനായി പി.ആർ.ഒയുമായി കാണാൻ പോയപ്പോഴാണ് വീടിന്റെ രണ്ടാമത്തെ നിലയിലേക്ക് വിളിച്ചു.അപ്പോഴൊന്നും ഡയറക്ടായല്ല ചില സൂചനകളിലൂടെയാണ് പറയാൻ ശ്രമിച്ചത്. പ്രവാസി ചിട്ടിയുടെ കാര്യവുമായി ബന്ധപ്പെട്ട് കോൺസൽ ജനറലുമായി ഹിൽട്ടൺ ഹോട്ടലിൽ ലഞ്ചിന് ഇരുന്നപ്പോഴാണ് മൂന്നാറിലേക്ക് കൊണ്ടു പോകാമെന്ന് പറഞ്ഞത്.
മൂന്നാർ മനോഹരമായ സ്ഥലമാണെന്ന് പറഞ്ഞു. എന്തിനാണ് അദ്ദേഹം എന്നെ മൂന്നാറിലേക്ക് കൊണ്ടുപോകുന്നത്" സ്വപ്ന ചോദിക്കുന്നു. ലൈംഗികതാൽപര്യം തുറന്നു പ്രകടിപ്പിച്ച മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പലപ്പോഴും കോളജ് വിദ്യാർത്ഥിയെപ്പോലെയാണ് പെരുമാറിയതെന്നും സ്വപ്ന വെളിപ്പെടുത്തി.
" ഔദ്യോഗിക വസതിയിലെ മദ്യപാന സദസിനിടെ മോശമായി പെരുമാറി. മുൻഭർത്താവിനും ശിവശങ്കറിനും ഒപ്പമാണ് പോയത്. അദ്ദേഹം ഞങ്ങൾക്കൊപ്പം കുടിച്ചു. പാട്ടുപാടി. കുട്ടിയെപ്പോലെയായിരുന്നു പെരുമാറ്റം. ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിൽ എത്താൻ ആവശ്യപ്പെട്ടു. ഐ ലവ് യു എന്നൊക്കെ മെസേജ് അയക്കുന്ന സ്വഭാവക്കാരനാണ്. അനാവശ്യമായ സന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കും. അത്രയും മോശമായാണ് ശ്രീരാമകൃഷ്ണൻ ഇടപെട്ടിരുന്നതെന്നും സ്വപ്ന പറയുന്നു. ഇക്കാര്യങ്ങളെല്ലാം ഇ.ഡിയെ ധരിപ്പിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും സ്വപ്ന ടെലിവിഷൻ അഭിമുഖത്തിൽ കുറ്റപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us