/sathyam/media/post_attachments/w1CtQnHUbbi5NeSLVfZF.jpg)
കിളിക്കൊല്ലൂര്‍ സ്റ്റേഷനിലെ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍
തിരുവനന്തപുരം: പൊലീസിന്റെ തേർവാഴ്ചക്കെതിരെ നാടെങ്ങും അമർഷം പുകയുമ്പോഴും പ്രതിപക്ഷം പുലർത്തുന്ന നിഷ്ക്രിയ നിലപാട് യു.ഡി.എഫിൽ ചർച്ചയാകുന്നു. കിളിക്കൊല്ലൂർ പൊലീസ് മർദ്ദനത്തിനെതിരെ ഭരണാനുകൂലികൾ പോലും പ്രതിഷേധം പ്രകടിപ്പിക്കുമ്പോൾ പ്രതിപക്ഷമോ കോൺഗ്രസോ പ്രത്യക്ഷ സമരപരിപാടികളിലേക്ക് പോകാത്തതാണ് ചർച്ചക്ക് തുടക്കമിട്ടിരിക്കുന്നത്.
പ്രതിപക്ഷ വിമർശനം ടി.വി ക്യാമറകൾക്ക് മുന്നിലെ പ്രതികരണത്തിൽ തീരുകയാണ് പതിവ്. കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനും രാഷ്ട്രീയ വിമർശനങ്ങൾ വാർത്താ സമ്മേളനത്തിൽ ഒതുക്കുന്നതല്ലാതെ സർക്കാർ വീഴ്ചകൾ തുറന്നുകാട്ടി സമരപരിപാടികളിലേക്ക് പോകാനാകുന്നില്ല. ഇതാണ് മുന്നണിയിലും കോൺഗ്രസ് പാർട്ടിയ്ക്കുളളിലും മുറുമുറുപ്പിന് വഴിവെച്ചിരിക്കുന്നത്.
ഒന്നാം പിണറായി സർക്കാരിന്റെ ആദ്യകാലത്തേപ്പോലെ സർക്കാരിനോട് മൃദുസമീപനം കാട്ടിയാൽ പ്രതിപക്ഷം ഒത്തുതീർപ്പ് രാഷ്ട്രീയം കളിക്കുകയാണെന്ന ആക്ഷേപമായിരിക്കും ഫലമെന്നാണ് കോൺഗ്രസ് നേതാക്കളുടെ മുന്നറിയിപ്പ്. ഇപ്പോൾ തന്നെ മാധ്യമ-നവമാധ്യമ ചർച്ചകളിൽ അത്തരം ആക്ഷേപങ്ങൾ സജീവമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
നിയമസഭാ സമ്മേളനം നടക്കുമ്പോൾ പരമാവധി തീവ്രതയിൽ സർക്കാരിനെ കടന്നാക്രമിക്കുന്ന ശൈലി പിന്തുടരുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ആ പോരാട്ടം സഭാതലത്തിന് പുറത്തേക്ക് എത്തിക്കാനാകുന്നില്ല എന്ന പോരായ്മ കോൺഗ്രസിൽ നിന്നുതന്നെ ഉയരുന്ന വിമർശനമാണ് . കെ.പി.സി.സി പ്രസിഡന്റുമായി ചേർന്ന് സംഘടനയെ ചലിപ്പിച്ചില്ലെങ്കിൽ 2021 ആവർത്തിക്കുമെന്നാണ് മുന്നറിയിപ്പ്. സർക്കാർ വിരുദ്ധ സമരങ്ങളിൽ പ്രതിപക്ഷ നിരയിലെ മുന്നണി പോരാളികളാകേണ്ട യൂത്ത് കോൺഗ്രസും പൊലീസ് വീഴ്ചകളോ സർക്കാരിന്റെ മറ്റ് പോരായ്മകളോ അറിഞ്ഞ മട്ടില്ല.
മയക്കുമരുന്ന് കേസിൽ ജാമ്യം നിൽക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ സൈനികൻ ഉൾപ്പെടെയുളള സഹോദരങ്ങളെയാണ് കിളിക്കൊല്ലുർ പൊലീസ് മർദ്ദിച്ച് അവശരാക്കിയത്. തല്ലിച്ചതച്ചതിന് പുറമേ അവരെ കളളക്കേസിൽ കുടുക്കാൻ ശ്രമിച്ചതും പുറത്തുവന്നതോടെ ഭരണപക്ഷത്ത് നിന്ന് പോലും പൊലീസിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.
പൊലീസിന്റെ വീഴ്ചകൾ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്നെ രംഗത്ത് വന്നിരുന്നു. സൈബറിടങ്ങളിൽ സി.പി.എമ്മിൻറെ ഉറച്ച ശബ്ദങ്ങളായി പ്രവർത്തിക്കുന്നവർ പോലും പൊലീസ് വീഴ്ചയെ വിമർശിച്ച് രംഗത്ത് വന്നു. എന്നിട്ടും പ്രതിപക്ഷ മുന്നണി കൂട്ടായോ കോൺഗ്രസോ യൂത്ത് കോൺഗ്രസോ ഒറ്റയ്ക്കോ സമരരംഗത്തിറങ്ങിയിട്ടില്ല.
കിളിക്കൊല്ലൂർ മർദ്ദനത്തിൽ കുറ്റക്കാരായവർക്ക് എതിരായ നടപടി ആദ്യം സ്ഥലം മാറ്റത്തിൽ ഒതുക്കിയിട്ടുപോലും പ്രതിപക്ഷം ചലിച്ചില്ലെന്ന് മുന്നണിയിൽ ഉളളവർതന്നെ ചൂണ്ടിക്കാട്ടുന്നു. പ്രതിഷേധം പ്രതിപക്ഷ നേതാവിൻറെ വഴിപാട് പ്രതികരണങ്ങളിൽ ഒതുങ്ങിയെന്നാണ് അവരുടെ പരിഹാസം. ഭരണ നേതൃത്വത്തോട് മൃദുസമീപനം കാട്ടുന്നുവെന്ന് രമേശ് ചെന്നിത്തലയെ ഒളിഞ്ഞും തെളിഞ്ഞും വിമർശിച്ചവരാണ് ഇത്തരത്തിൽ അധപതിച്ചതെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
മാങ്ങ മോഷണകേസിൽ പൊലിസുകാരൻ പിടിയിലായതിന് പിന്നാലെ മറ്റൊരു പൊലീസുകാരൻ മാല മോഷണക്കേസിൽ പിടിയിലായത് അടക്കമുളള സംഭവങ്ങൾ ഉന്നയിച്ച് സമരത്തിനിറങ്ങാൻ എന്താണ് തടസമെന്ന് യു.ഡി.എഫിലെ ഘടകകക്ഷി നേതാക്കളും ചോദിക്കുന്നു.
ഭാരത് ജോഡോ യാത്രയും അത് കഴിഞ്ഞ് ദേശിയ അധ്യക്ഷ തിരഞ്ഞെടുപ്പിന്റെയും തിരക്കുകളിലേക്ക് കടന്ന കോൺഗ്രസ് നേതൃത്വം നേരിടുന്ന വിമർശനം രാഷ്ട്രീയകാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ല എന്നതാണ്.
സംഘടനാ പ്രശ്നങ്ങളുടെ തിരക്കിനൊപ്പം കെ.സുധാകരന്റ ആരോഗ്യപ്രശ്നങ്ങളും പാർട്ടിയുടെ ചലനാത്മകത ഇല്ലാതാക്കുന്നു എന്ന് അടക്കം പറച്ചിലുണ്ട്. സംഘടനാ നേതൃത്വത്തിന്റ ഈ പോരായ്മകൾക്കൊപ്പം പ്രതിപക്ഷ നേതാവിന്റെ ക്രിയാത്മക പ്രതിപക്ഷ ലൈനും കൂടിയാകുമ്പോൾ ലോകസഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കാത്തിരിക്കുന്നത് വിപരീതഫലം ആകുമെന്നാണ് മുന്നറിയിപ്പ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us