തിരുവനന്തപുരം: തിരുവനന്തപുരം: പൊലീസ് വീഴ്ചകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. ഈ വര്‍ഷം ഓഗസ്റ്റ് വരെ മാത്രം 251 കൊലപാതകക്കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
450 കൊലപാതകശ്രമങ്ങളും 258 തട്ടിക്കൊണ്ടുപോകലുകളും 1623 പീഡനക്കേസുകളും ചെറുതും വലുതുമായ 4000-ത്തിലധികം മോഷണക്കേസുകളും ഉള്‍പ്പെടെ 155605 ക്രിമിനല്‍ക്കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പോലീസുകാരാകട്ടെ മാങ്ങയും തേങ്ങയും മോഷ്ടിച്ച് നടക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്:
മുഖ്യമന്ത്രിയുടെ മൂക്കിൻത്തുമ്പത്ത്, മ്യൂസിയം വളപ്പിൽ പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീയെ ആക്രമിച്ച പ്രതിയെ പിടികൂടാൻ പോലീസ് 'കൈയും മെയ്യും മറന്ന്' ശ്രമിക്കുകയാണ്. മൂന്നുദിവസം കഴിഞ്ഞപ്പോഴെങ്കിലും സി.സി.ടി.വിയിൽ നിന്ന് പ്രതിയുടെ രേഖാച്ചിത്രം വരയ്ക്കാൻ പോലീസിന് കഴിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രി തന്നെ അഭിമാനം കൊള്ളുന്ന 'രാജ്യത്തെ ഏറ്റവും മികച്ച പോലീസിങ്.
ഒരാഴ്ച പോലുമായിട്ടില്ല കൊച്ചിയിലും കൊട്ടാരക്കരയിലുമായി തോക്കുകൾ കൈയിലേന്തി ക്രിമിനലുകൾ അഴിഞ്ഞാടിയിട്ട്. ജനത്തിന് സമാധാനമായി വീടിനുള്ളിൽ കിടന്നുറങ്ങാൻ കഴിയാത്തത്ര ഭീതിജനകമായ അന്തരീക്ഷത്തിലേക്ക് കേരളം എത്തിയിരിക്കുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുന്നതിൽ ജാഗ്രത പുലർത്തേണ്ടുന്ന മുഖ്യമന്ത്രിയും, സർക്കാരിന്റെ പ്രവർത്തനങ്ങളെ ശ്രദ്ധയോടെ കാണേണ്ട ഭരണഘടനാ പദവി വഹിക്കുന്ന ഗവർണറും തമ്മിൽ മറ്റെല്ലാം മറന്ന് 'പ്രീതി'യെക്കുറിച്ച് തർക്കിക്കുകയാണ്.
കോട്ടയത്ത് 19-കാരനെ ഒരു കൊടും ക്രിമിനൽ തല്ലിക്കൊന്നു സ്റ്റേഷനിൽ കൊണ്ടിട്ടത്, തമ്പാനൂരിൽ തമിഴ്നാട് സ്വദേശിയെ വെട്ടിക്കൊന്നത്, കൊല നടത്തിയ ശേഷം കാൽ വെട്ടിയെടുത്ത് റോഡിൽ ഗുണ്ടകൾ ആഹ്ലാദപ്രകടനം നടത്തിയത്, ഇങ്ങനെ ഈ വർഷം തന്നെ മുഖ്യമന്ത്രിയുടെയും ഗവർണറുടെയും കൺമുന്നിൽ എത്രയെത്ര ദാരുണ സംഭവങ്ങൾ.
ഈ പ്രശ്നങ്ങൾക്കൊക്കെ പരിഹാരം കാണേണ്ട പോലീസാകട്ടെ പൊതുജനത്തെ കള്ളക്കേസിൽ കുടുക്കി ക്രൂരമായി പീഡിപ്പിക്കുന്നത് കൊല്ലത്ത് കണ്ടിട്ട് ദിവസങ്ങളായിട്ടേയുള്ളൂ. അപ്പോഴും ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ ചക്കളത്തിപോരാട്ടം നടക്കുകയായിരുന്നു.
ഒരു മാസത്തോളം പരാതി കൈയിലുണ്ടായിട്ടും കൃത്യമായി അന്വേഷണം നടത്താതിരുന്ന പോലീസ് ആണ് നാടിനെ ഞെട്ടിച്ച നരബലിയിൽ രണ്ടാമത്തെ സ്ത്രീയെ കൊലയ്ക്ക് കൊടുത്തത്. ഇങ്ങനെ പിണറായി സർക്കാരിന്റെ കാലത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ 11,885 ബലാത്സംഗക്കേസുകളും 25,652 പീഢനക്കേസുകളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഈ വര്‍ഷം ഓഗസ്റ്റ് വരെ മാത്രം 251 കൊലപാതകക്കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 450 കൊലപാതകശ്രമങ്ങളും 258 തട്ടിക്കൊണ്ടുപോകലുകളും 1623 പീഡനക്കേസുകളും ചെറുതും വലുതുമായ 4000-ത്തിലധികം മോഷണക്കേസുകളും ഉള്‍പ്പെടെ 155605 ക്രിമിനല്‍ക്കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇതിനിടയിൽ കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത തരത്തിൽ മയക്കുമരുന്നിന്റെ ഒഴുക്കാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 1103 കേസുകൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. 2020-നേക്കാളും 25 ശതമാനം മയക്കുമരുന്നിന്റെ ഉപയോഗം വര്‍ധിച്ചതായാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വരെ മയക്കുമരുന്ന് മാഫിയകൾ സജീവമായി പ്രവർത്തിക്കുമ്പോൾ എക്സൈസ് വിഭാഗം കാഴ്ചക്കാരായി നിൽക്കുന്ന അവസ്ഥയാണ്.
പോലീസുകാരാകട്ടെ മാങ്ങയും തേങ്ങയും മോഷ്ടിച്ച് നടക്കുകയാണ്. എന്ത് വിശ്വസിച്ചാണ് ജനങ്ങൾ പോലീസ് സംവിധാനത്തെ സമീപിക്കുക? ഏത് ആഭ്യന്തര വകുപ്പിനെയാണ് ജനങ്ങൾ വിശ്വസിക്കേണ്ടത്? നാടുനീളെ ഗുണ്ടകളും ക്രിമിനലുകളും അഴിഞ്ഞാടുമ്പോൾ, അവർക്ക് പോലീസ് ഒത്താശ ചെയ്യുമ്പോൾ ഗവർണറും മുഖ്യമന്ത്രിയും 'സൗന്ദര്യപിണക്ക'ത്തിന് സമയം കണ്ടെത്തുകയാണ്. വെറും ബാലിശമായ വാദങ്ങൾ ഉയർത്തി, നിലവാരമില്ലാത്ത തർക്കങ്ങളിൽ ഏർപ്പെട്ട് ഇരിക്കുന്ന കസേരയുടെ വില കളയാതെ ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കാൻ ഇനിയെങ്കിലും ഗവർണർ തയ്യാറാകണം.
മറുവശത്ത് ആഭ്യന്തരം കൈയാളുന്ന മറ്റ് ബി.ജെ.പി-ഇതര മുഖ്യമന്ത്രിമാർ ബഹിഷ്കരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ യോഗത്തിൽപ്പോയി കേരളത്തിന്റെ മുഖ്യമന്ത്രി കൈകെട്ടി ഓച്ഛാനിച്ച് നിന്ന് ഫാസിസ്റ്റ് ഭരണത്തോടും, അമിത് ഷായോടുമുള്ള ‘പ്രീതി’ പ്രഖ്യാപിക്കുകയാണ്. എപ്പോഴേ നിങ്ങളിലുള്ള 'പ്രീതി' ജനം പിൻവലിച്ചുകഴിഞ്ഞു ഹോണറബിൾ ചീഫ് മിനിസ്റ്റർ.