/sathyam/media/post_attachments/Fs56GDIXg34efgA38yWM.jpg)
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിക്ക് ഇന്ന് 79-ാം ജന്മദിനം. 1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് ജനനം.
സ്കൂളിൽ പഠിക്കുമ്പോഴെ കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്. പുതുപ്പള്ളി സെൻ്റ് ജോർജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് മുതൽ കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നിൽക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം.
2020-ൽ നിയമസഭ അംഗമായി 50 വർഷം പിന്നിട്ട ഉമ്മൻ ചാണ്ടി 2004-2006, 2011–2016 എന്നീ വർഷങ്ങളിൽ രണ്ട് തവണയായി ഏഴ് വർഷക്കാലം കേരള മുഖ്യമന്ത്രിയായിരുന്നു. തൊഴിൽവകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991–1994), പ്രതിപക്ഷ നേതാവ് (2006–2011) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1970 മുതൽ 2021 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണ കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷി ദിനംകൂടി ആയതിനാൽ 1984 മുതൽ ഉമ്മൻ ചാണ്ടി പിറന്നാൾ ആഘോഷിക്കാറില്ല.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആശംസാക്കുറിപ്പ്:
ജനക്കൂട്ടത്തിൽ നിൽക്കുമ്പോഴും ഓരോരുത്തരെയും കേൾക്കാൻ കുടുംബാംഗത്തെ പോലെ അവരിലേക്ക് അലിഞ്ഞു ചേരുന്നതാണ് ഉമ്മൻ ചാണ്ടിയെ ആൾക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കുന്നത്. നോക്കിലും വാക്കിലും അതിസാധാരണം, രാഷ്ട്രീയ നീക്കങ്ങളിൽ തീർത്തും അസാധാരണം. ഉമ്മൻ ചാണ്ടിക്ക് നാളെ 79 വയസാണ്. വലിപ്പച്ചെറുപ്പമില്ലാതെ ജനങ്ങള്‍ക്കൊപ്പം അവരുടെ ശബ്ദമായി രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി സാറിന് ജന്മദിനാശംസകൾ.
https://www.facebook.com/VDSatheeshanParavur/posts/pfbid0F63PDTKC4T9BXqSnFSvVUBTRB6p77FPigcfAQtHob8Vg1SSnMZJUDQTsiZf1AHrSl