തിരുവനന്തപുരം: യുവജന സംഘടനയെക്കൊണ്ട് സമരം പ്രഖ്യാപിപ്പിച്ചെങ്കിലും പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 വയസാക്കുന്നതിനോട് സി.പി.ഐക്ക് പൂർണയോജിപ്പ്. നയപരമായ തീരുമാനം വേണ്ട വിഷയമാണെങ്കിലും മുന്നണിയിൽ ചർച്ചചെയ്യാത്തതിലും പാർട്ടിക്ക് പരിഭവമില്ല. വിരമിക്കൽ പ്രായം കൂട്ടേണ്ടത് ഏറ്റവും അനിവാര്യമായ തീരുമാനമാണെന്ന വിലയിരുത്തലിൽ ധനവകുപ്പിന്റെ ഉത്തരവിന് സിപിഐ പൂർണ പിന്തുണ നൽകുകയാണ്.
പെൻഷൻ പ്രായം കൂട്ടുമ്പോൾ ഒരു ലക്ഷം തൊഴിലവസരങ്ങൾ നഷ്ടമാകുമെന്ന എ.ഐ.വൈ.എഫ് ഉൾപ്പെടെയുളള യുവജനസംഘടനകളുടെ ആശങ്ക അടിസ്ഥാനരഹിതമാണെന്നാണ് പാർട്ടി നേതൃത്വത്തിൻറെ വാദം. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലാകെ ഒരു ലക്ഷത്തോളം ജീവനക്കാർ മാത്രമേയുളളു. ഇതിൽ അറുപതിനായിരത്തോളം പേർ തീരുമാനം ബാധകമാകാത്ത കെ.എസ്.ഇ.ബിയിലും വാട്ടർ അതോറിറ്റിയിലും കെ.എസ്.ആർ.ടി.സിയിലുമാണ്. ബാക്കി വരുന്ന സ്ഥാപനങ്ങളിൽ പലയിടത്തും വിരമിക്കലിന് പല പ്രായമാണ്.
9 ഇടത്ത് വിരമിക്കൽ പ്രായം ഇപ്പോൾ തന്നെ 60 വയസാണ്.ചില സ്ഥാപനങ്ങളിൽ 58 വയസും. 56 വയസിൽ വിരമിക്കുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ഇ.പി.എഫ് പെൻഷൻ ലഭിക്കാൻ 58 വയസ് വരെ കാത്തിരിക്കേണ്ട പ്രശ്നവുമുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി തൊഴിലാളി യൂണിയനുകൾ സർക്കാരിനെ സമീപിച്ചിട്ടുമുണ്ട്. അതുകൊണ്ട് വിരമിക്കൽ പ്രായം 60 വയസായി ഉയർത്തിയ തീരുമാനത്തിന് യുവജന സംഘടനകൾ ആശങ്കപ്പെടുന്നത് പോലെയുളള പ്രത്യാഘാതം ഉണ്ടാകില്ലെന്നാണ് സി.പി.ഐ നേതൃത്വത്തിന്റെ അഭിപ്രായം.
പാർട്ടി നേതൃത്വത്തിന്റെ നിലപാട് പെൻഷൻ പ്രായം കൂട്ടുന്നതിന് അനുകൂലമായതിനാൽ എ.ഐ.വൈ.എഫിന്റെ പ്രക്ഷോഭ പരിപാടികൾ വ്യാഴാഴ്ചത്തെ സെക്രട്ടേറിയേറ്റ് മാർച്ചോടെ അവസാനിക്കാനാണ് സാധ്യത.
പെൻഷൻ പ്രായം കൂട്ടുന്നതിൽ പ്രതികരിക്കാൻ വൈകിയതിന്റെ പേരിൽ പഴികേട്ട ഡി.വൈ.എഫ്.ഐയും ഇന്ന് പ്രതികരിച്ചു. യുവജനദ്രോഹപരമായ തീരുമാനം പിൻവലിക്കണമെന്നാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയേറ്റിന്റെ ആവശ്യം. സർക്കാർ തീരുമാനം സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി ഒരു ദിവസം കഴിഞ്ഞാണ് പൊരുതുന്ന യുവതയുടെ പ്രതീകം എന്ന് അവകാശപ്പെടുന്ന ഡി.വൈ.എഫ്.ഐ പ്രതികരിച്ചത്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 വയസായി ഉയർത്തിയ തീരുമാനം വന്നിട്ടും ഡി.വൈ.എഫ്.ഐ മൗനം പാലിക്കുന്നതിന് എതിരെ പ്രതിപക്ഷവും പ്രതിപക്ഷ യുവജനസംഘടനകളും വിമർശനവുമായി രംഗത്തെത്തിയിരുന്നു. യുവ തൊഴിലന്വേഷകരെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനത്തിൽ മൗനം പാലിക്കുന്നതിനെ പരിഹസിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഡി.വൈ.എഫ്.ഐയൊക്കെ ഇപ്പോഴുമുണ്ടോ എന്നാണ് കളിയാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പി.ആർ. ഏജൻസിയായി പ്രവർത്തിക്കുന്നതാണ് നല്ലതെന്ന പരിഹാസവുമായി യൂത്ത് കോൺഗ്രസും ഡി.വൈ.എഫ്.ഐയെ തോണ്ടി.
സർക്കാർ ഉത്തരവ് പഠിക്കാനും വിലയിരുത്താനും സമയം എടുത്തതുകൊണ്ടാണ് പ്രതികരണം വൈകിയതെന്നും ഇപ്പോഴത്തെ പ്രതികരണം ഏറെ മാതൃകാപരം ആണെന്നും സംസ്ഥാന പ്രസിഡന്റ് വി.വസീഫും സെക്രട്ടറി വി.കെ.സിനോജും പറഞ്ഞു. ഡി.വൈ.എഫ്.ഐ എപ്പോൾ പ്രതികരിക്കണമെന്ന് തീരുമാനിക്കുന്നത് ഡി.വൈ.എഫ്.ഐ ആണെന്നും യൂത്ത് കോൺഗ്രസ് പറയുന്നത് പോലെ പ്രതികരിക്കാനാവില്ലെന്നും നേതാക്കൾ പറഞ്ഞു.
സംസ്ഥാനത്തെ സർക്കാർ സർവീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും വിരമിക്കൽ പ്രായം കൂട്ടരുത് എന്നത് ഡി.വൈ.എഫ്.ഐയുടെ പ്രഖ്യാപിത നിലപാടാണ്. തൊഴിലില്ലായ്മ മൂലം വലയുന്ന യുവാക്കളുടെ തൊഴിൽ സാധ്യത ഇല്ലാതാക്കുമെന്ന വിലയിരുത്തലിലാണ് ഈ നിലപാടിലെത്തിയത്. വിരമിക്കൽ പ്രായം കൂട്ടന്നത് സംബന്ധിച്ച് സംഘടനയുടെ നിലപാട് സുവ്യക്തമായിട്ടും നേതൃത്വം സർക്കാർ തീരുമാനത്തോട് പ്രതികരിക്കാൻ വൈകിയതാണ് ഉളളിൽ നിന്നുതന്നെ വിമർശനം ഉയരാൻ കാരണം.
എന്നാൽ സി.പി.എം ഭരണത്തിലുളളപ്പോൾ ചാടിക്കയറി പ്രതികരിക്കുന്നത് ദോഷകരമാകുമോയെന്ന ആശങ്കയാണ് നേതൃത്വത്തെ പിന്നോട്ട് വലിച്ചത്. മുന്നണിയിൽ തന്നെയുളള എ.ഐ.വൈ.എഫ് തീരുമാനത്തെ വിമർശിച്ച് ആദ്യം തന്നെ രംഗത്ത് വന്നതാണ് ഡി.വൈ.എഫ്.ഐക്ക് മേൽ സമ്മർദ്ദമേറ്റിയത്.