കൊച്ചി: സാങ്കേതിക സർവകലാശാല വിസി ആയി ഡോ സിസ തോമസിനെ നിയമിച്ച ഗവർണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിസിയെ ശുപാർശ ചെയ്യേണ്ടത് സർക്കാരാണെന്നും എന്നാൽ സിസ തോമസിനെ ഗവർണ്ണർ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കുകയായിരുന്നുവെന്നുമാണ് സർക്കാരിന്റെ വാദം.
നിയമ വിരുദ്ധമായ ഗവർണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം. നിയമനം സ്റ്റെ ചെയ്യണം എന്ന സർക്കാർ ആവശ്യം കോടതി നിരാകരിച്ചിരുന്നു. വിസി നിയമനത്തിനായി സർക്കാർ മുന്നോട്ടുവച്ച ശുപാർശകൾ തള്ളിക്കൊണ്ടായിരുന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടറായ സിസ തോമസിന് കെടിയു വിസിയുടെ ചുമതല ഗവർണ്ണർ നൽകിയത്.
ഹർജിയിൽ യുജിസിയെ കോടതി സ്വമേധയാ കക്ഷി ചേർത്തിട്ടുണ്ട്. ചട്ടങ്ങൾക്ക് വിരുദ്ധമാണോ ഗവർണ്ണറുടെ ഉത്തരവെന്ന കാര്യത്തിലാണ് യുജിസി ഇന്ന് നിലപാട് അറിയിക്കേണ്ടത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.