അമ്മയുടെ വാത്സല്യം നിറഞ്ഞ ചേർത്തുപിടിക്കലുകൾ ഇല്ലാതായിട്ട് രണ്ട്‌ വർഷം പിന്നിട്ടിരിക്കുന്നു; എന്നും എത്ര പ്രയാസമുള്ള യാത്രയിലും അമ്മയുടെ മുഖം തരുന്ന ഊർജം അതിനെയൊക്കെ അതിജീവിപ്പിക്കും: അമ്മയുടെ ചരമവാര്‍ഷികാ ദിനാചരണത്തില്‍ കെ.സി. വേണുഗോപാലിന്റെ കുറിപ്പ്‌

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

publive-image

Advertisment

ആലപ്പുഴ: അമ്മയുടെ ചരമവാര്‍ഷിക ദിനാചരണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. അമ്മയുടെ വാത്സല്യം നിറഞ്ഞ ചേർത്തുപിടിക്കലുകൾ ഇല്ലാതായിട്ട് രണ്ട്‌ വർഷം പിന്നിട്ടിരിക്കുന്നു. എന്നും എത്ര പ്രയാസമുള്ള യാത്രയിലും അമ്മയുടെ മുഖം തരുന്ന ഊർജം അതിനെയൊക്കെ അതിജീവിപ്പിക്കും. പൂർവാധികം ശക്തിയോടെ അമ്മ കൈപിടിച്ച് നടത്തുകയാണ്. ജീവിതയാത്രയിലുടനീളം ആ കെടാദീപം വഴികാട്ടുകയാണെന്ന് വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബിന്ദു കൃഷ്ണ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എം.എ. വാഹിദ്, പി.സി. വിഷ്ണുനാഥ്, പാലോട് രവി തുടങ്ങിയ പ്രമുഖരും കുറിപ്പിന് കമന്റ് ചെയ്തിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്:

"നീ നന്നായി വരേണമെന്നെന്നിൽ
കനിഞ്ഞതും അമ്മ..
ഇന്നെന്നിലുയരുന്ന ജീവതാളങ്ങളെൻ
അമ്മ തൻ നെഞ്ചിലെ താളം.."
- കൈതപ്രം ദാമോദരൻ നമ്പൂതിരി.

അമ്മയെന്നാൽ എനിക്ക് കാത്തിരിപ്പ് കൂടിയായിരുന്നു. രാഷ്ട്രീയ പ്രവർത്തനവുമായി ഇറങ്ങിയാൽ ദിവസങ്ങൾ എടുക്കും വീട്ടിലെത്താൻ. ഏതെങ്കിലും ഒരു രാത്രി വരും എന്ന് മാത്രമാണ് അമ്മയോട് പറഞ്ഞിട്ടുപോവുക. ആ ഏതെങ്കിലുമൊരു രാത്രി ഞാൻ വരുന്നതും കാത്ത് എല്ലാ രാത്രിയും ഭക്ഷണവുമായിട്ട് അമ്മ കാത്തിരിക്കുമായിരുന്നു.

ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഓർമകളിലേക്കാണ് കൈതപ്രത്തിന്റെ വരികൾ ഇന്നലെ എന്നെ കൊണ്ടുപോയത്. അമ്മയുടെ വാത്സല്യം നിറഞ്ഞ ചേർത്തുപിടിക്കലുകൾ ഇല്ലാതായിട്ട് രണ്ട്‌ വർഷം പിന്നിട്ടിരിക്കുന്നു . എന്നും എത്ര പ്രയാസമുള്ള യാത്രയിലും അമ്മയുടെ മുഖം തരുന്ന ഊർജം അതിനെയൊക്കെ അതിജീവിപ്പിക്കും. പൂർവാധികം ശക്തിയോടെ അമ്മ എന്നെ കൈപിടിച്ച് നടത്തുകയാണ്. ജീവിതയാത്രയിലുടനീളം ആ കെടാദീപം എനിക്ക് വഴികാട്ടുകയാണ്, അതേ സ്നേഹത്തോടെ, കരുതലോടെ.

ആ വേര്‍പാടിന് രണ്ടാണ്ട് തികയുന്ന ഇന്നലെ കണ്ടോന്താർ ഇടമന യു.പി സ്കൂളിൽ കെ.സി ജാനകിയമ്മ രണ്ടാം ചരമവാർഷിക ദിനാചാരണവും പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു. ഒപ്പം അച്ഛന്റെയും അമ്മയുടെയും സ്മരണാത്ഥം ഇടമന യു.പി സ്കൂൾ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണവും ലാപ്ടോപ്പ് കൈമാറലും നടന്നു.

ചടങ്ങിൽ മുഖ്യാഥിതിയായെത്തിയത് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ്. ഞങ്ങൾ രണ്ടുപേരും പഠിച്ചത് ഈ സ്കൂളിലായിരുന്നു. അച്ഛന്റെ ഓർമകളും അവിടെ കൂട്ടിനുണ്ടായിരുന്നു. ഞാൻ രാഷ്ട്രീയം തിരഞ്ഞെടുത്തതിൽ ഇന്നും അച്ഛന് പരിഭവമുണ്ടായിരിക്കും. പക്ഷേ ആ പരിഭവം അച്ഛന്റെ കരുതലായിരുന്നു, സ്നേഹമായിരുന്നു.

ഒരുപാട് പേരോട് നന്ദി അറിയിക്കാനുണ്ട്. ചടങ്ങ് ഉദ്ഘാടനം ചെയ്ത രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, ചടങ്ങിൽ പങ്കെടുത്ത സണ്ണി ജോസഫ് എം.എൽ.എ, അഡ്വ മാർട്ടിൻ ജോർജ്, അഡ്വ സജീവ് ജോസഫ് എം.എൽ.എ, എല്ലാ തിരക്കുകളും മാറ്റിവെച്ചെത്തിയ പ്രിയപ്പെട്ട പ്രവർത്തകർ, നാട്ടുകാര്‍ തുടങ്ങി എല്ലാവരോടും ഹൃദയത്തിൽ നിന്ന് സ്നേഹം.

പ്രിയപ്പെട്ടവരേ, ഒരിക്കൽക്കൂടി നന്ദി.

Advertisment