സ്വകാര്യ ബസ് ഓട്ടത്തിനിടെ നിയന്ത്രണം വിട്ടു പിറകിലേക്കു ഉരുണ്ടു നീങ്ങി; വിൽപനയ്ക്കുള്ള മത്സ്യങ്ങളുമായി പിന്നാലെ വന്ന ബൈക്ക് യാത്രക്കാരൻ ഇതേ ബസ് കയറിയിറങ്ങി മരിച്ചു

New Update

ചെമ്മരുതി: സ്വകാര്യ ബസ് ഓട്ടത്തിനിടെ നിയന്ത്രണം വിട്ടു പിറകിലേക്കു ഉരുണ്ടു നീങ്ങി പിന്നാലെ വന്ന ബൈക്ക് യാത്രക്കാരൻ ഇതേ ബസ് കയറിയിറങ്ങി മരിച്ചു. ചെമ്മരുതി തച്ചോട് പൈപ്പിൻമൂട് ജംക്‌ഷനിൽ ഇന്നലെ രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. ശ്രീനിവാസപുരം തെക്കേവിള വീട്ടിൽ അർഷാദ്(49) ആണ് മരിച്ചത്.

Advertisment

publive-image

അപകടത്തിൽപ്പെട്ട ബസിന്റെ തൊട്ടുപിന്നിൽ വിൽപനയ്ക്കുള്ള മത്സ്യങ്ങളുമായി ബൈക്കിൽ വരവേയാണ് അർഷാദ് അപകടത്തിൽപ്പെട്ടത്. തച്ചോട് വഴി പാരിപ്പള്ളി–വർക്കല റൂട്ടിൽ സർവീസ് നടത്തുന്ന ‘മൗഷ്മി’ ബസാണ് വർക്കലയിലേക്കു വരുന്നതിനിടെ പൈപ്പിൻമൂട് ഭാഗത്തെ ചെറിയ കയറ്റത്തോടുകൂടിയ റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ടു പിന്നോട്ടേക്ക് നീങ്ങാൻ തുടങ്ങിയത്.

തൊട്ടു പിറകിലുണ്ടായിരുന്ന അർഷാദിനെയും മറ്റൊരു ഇരുചക്രവാഹനക്കാരനെയും ഇടിച്ചു ബസ് പിന്നോട്ട് നീങ്ങവേ അർഷാദ് ബസിനടയിൽപ്പെട്ടു. എന്നാൽ അടുത്ത ബൈക്കിലുണ്ടായിരുന്നു യാത്രക്കാരൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

ബസ് ഏതാണ്ട് അൻപതിലധികം മീറ്റർ ദൂരത്തോളം പിന്നിലേക്കു ഉരുണ്ട് സമീപത്തെ ഒരു സ്റ്റേഷനറി കടയുടെ മുന്നിൽ ഇടിച്ചു നിന്നതിനാൽ വലിയ അപകടം ഒഴിവായി. അർഷാദിന്റെ ബൈക്ക് ബസിനടിയിൽ കുടുങ്ങിയ നിലയിലായിരുന്നു. അർഷാദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ബസ് ഓടിച്ച ഡ്രൈവർ ഷിബുവിനെ അയിരൂർ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. അപകടസമയത്ത് ബസിലെ സ്പീഡ് ഗവർണറും ബ്രേക്ക് നഷ്ടപ്പെട്ടാൽ സ്വയം ജാമാകുന്ന സംവിധാനവും പ്രവർത്തിച്ചില്ലെന്നാണു അന്വേഷണത്തിൽ മോട്ടർ വാഹനവകുപ്പിന്റെ കണ്ടെത്തൽ.

Advertisment