അതൃപ്തി അകലുന്നു! പാര്‍ട്ടി പരിപാടിയില്‍ വിട്ടുനില്‍ക്കുന്ന ഇ.പി. ജയരാജന്‍ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുന്നു; വിഴിഞ്ഞം വിഷയത്തില്‍ പ്രസ്താവന ഇറക്കിയ ഇടതുമുന്നണി കണ്‍വീനര്‍ നല്‍കുന്നത് മടങ്ങിവരവിന്റെ സൂചന; അതൃപ്തി മൂലം വിട്ടുനില്‍ക്കുന്നുവെന്ന പ്രചാരണത്തിന് തടയിടാനും, പാര്‍ട്ടി നേതൃത്വത്തിന്റെ അതൃപ്തി ഒഴിവാക്കാനും ഇ.പിയുടെ തിരിച്ചുവരവ്‌

New Update

publive-image

തിരുവനന്തപുരം: അതൃപ്തിയെ തുടർന്ന് കുറച്ച് കാലമായി സി.പി.എം- എൽ.ഡി.എഫ് പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്ന ഇ.പി.ജയരാജൻ വീണ്ടും സജീവമാകുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അവധി ദീർഘിപ്പിച്ച് വീട്ടിലിരിക്കുകയാണെങ്കിലും ദൈനംദിന രാഷ്ട്രീയ സംഭവവികാസങ്ങളിൽ പ്രസ്താവനയിലൂടെയും മറ്റും പ്രതികരിച്ചുകൊണ്ടാണ് ജയരാജൻ വീണ്ടും പാർട്ടിയുടെ മുഖ്യ ധാരയിലേക്ക് എത്തുന്നത്. പാർട്ടിയുടെയും മുന്നണിയുടെയും പോക്കിൽ അതൃപ്തിയുളളതുകൊണ്ട് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നു എന്ന തരത്തിൽ വാർത്തകൾ വന്നപ്പോൾ അത് നിഷേധിക്കാൻ കൂട്ടാക്കാതിരുന്ന ഇ.പി.ജയരാജൻ ചില ഫേസ് ബുക്ക് പോസ്റ്റിലൂടെ അതിനും ശ്രമം നടത്തുന്നുണ്ട്.

Advertisment

കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയ മന്ത്രി വി.ശിവൻകുട്ടി വീട്ടിലെത്തി സന്ദർശിച്ചതിൻെറ ചിത്രത്തിനൊപ്പം നൽകിയ കുറിപ്പിലാണ് വാർത്താ നിഷേധം പ്രത്യക്ഷപ്പെട്ടത്. " നിങ്ങൾക്ക് വാർത്തകൾ മെനയാം. ഞാനും എൻെറ പാർട്ടിയും സഖാക്കളും ഇവിടെയൊക്കെ തന്നെ കാണും" ഈ പോസ്റ്റിലൂടെയാണ് വിരമിക്കൽ വാർത്ത ജയരാജൻ പരോക്ഷമായി നിഷേധിച്ചത്.


പിന്നാലെ വിഴിഞ്ഞം സംഘർഷത്തിൽ എൽ.ഡി.എഫ് കൺവീനർ എന്ന നിലയിൽ പ്രസ്താവന ഇറക്കി സജീവമാണെന്ന സന്ദേശം നൽകി. വിഴിഞ്ഞത്തെ സംഘർഷത്തിൽ ബാഹ്യ ഇടപെടലുണ്ടെന്ന വാർത്തകളിൽ പ്രതികരണവുമായി ഇന്നും ജയരാജൻെറ പ്രസ്താവനയുണ്ട്. ഇതിലൂടെ അതൃപ്തി മൂലം വിട്ടുനിൽക്കുകയാണന്ന പ്രചാരണത്തിന് തടയിടുകയാണ് ജയരാജൻ ലക്ഷ്യമിടുന്നത്.

കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിഞ്ഞപ്പോൾ തന്നെക്കാൾ ജൂനിയറായ എം.വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയതിൽ ഇ.പി.ജയരാജന് പ്രയാസമുണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടിയിൽ നിന്ന് ഒരുമാസത്തെ അവധിയെടുത്തത്.അവധിക്കിടിയിലും പാർട്ടി സംസ്ഥാന നേതൃയോഗങ്ങളിൽ പങ്കെടുത്ത ജയരാജൻ ഇടതുമുന്നണിയുടെ രാജ് ഭവൻ മാർച്ചിൽ നിന്ന് വിട്ടുനിന്നത് പാർട്ടിയിൽ ചർച്ചയായി. പിന്നാലെ മാധ്യമങ്ങളെ കണ്ട് ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് മാറിനിന്നതെന്ന് വിശദീകരിച്ചെങ്കിലും ഒരാഴ്ചക്ക് ശേഷം വിരമിക്കൽ വാർത്ത വന്നു.


ജയരാജനോട് അടുപ്പമുളളവരാണ് മാധ്യമങ്ങൾക്ക് വിവരം കൈമാറിയതെന്ന് ആക്ഷേപം ഉയർന്നതും പൊടുന്നനെ വാർത്ത നിഷേധിച്ച് രംഗത്തുവരാത്തതും പാർട്ടി നേതൃത്വം ഗൗരവമായി എടുത്തു.


അതൃപ്തിയിൽ മാറിനിൽക്കുകയാണെന്ന വാർത്ത വന്നിട്ടും പാർട്ടി നേതൃത്വത്തിൽ നിന്ന് അനുനയനീക്കങ്ങൾ ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് അടുത്ത കേന്ദ്രങ്ങൾ വഴി വിരമിക്കൽ വാർത്ത പുറത്തുവിട്ടതെന്നും ആരോപണമുണ്ട്. പാർട്ടി നേതൃത്വത്തിൻെറ അപ്രീതി ഒഴിവാക്കാനാണ് പ്രസ്താവനയിലൂടെയും മറ്റും ഇപ്പോൾ സജീവമാകുന്നത്.

Advertisment