സർക്കാരിന്റെ ഇഷ്ടക്കാരായാൽ വിരമിച്ചാൽ പുനർനിയമനം ഉറപ്പ്. കമ്മീഷനുകളിലും ബോർഡുകളിലും കോ‌ർപറേഷനുകളിലുമടക്കം ഇഷ്ടലാവണം നേരത്തേ പറഞ്ഞുറപ്പിക്കും. ചീഫ്സെക്രട്ടറിയായിരുന്ന വി.പി.ജോയിക്ക് കിട്ടിയത് പൊതുമേഖലാ സെലക്‌ഷൻ ബോർഡ് ചെയർമാൻ സ്ഥാനം. എബ്രഹാം വിലസുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽ. ബെഹറ കൊച്ചി മെട്രോയിലും വിശ്വാസ് മേത്ത വിവരാവകാശ കമ്മിഷനിലും വിലസുന്നു.

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സർക്കാരിന് താത്പര്യമുള്ള സിവിൽ സർവീസുകാർക്ക് വിരമിച്ച ശേഷവും ഇഷ്ടലാവണം നൽകുന്നത് തുടരുകയാണ്. സംസ്ഥാനത്ത് ഒരു ഡസനോളം ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരാണ് വിരമിച്ച ശേഷവും വമ്പൻ അധികാരങ്ങളും ശമ്പളവും സഹിതം പുനർനിയമനം നേടി വലിയ സ്ഥാനങ്ങളിൽ വിലസുന്നത്. കഴിഞ്ഞയാഴ്ച സർവീസിൽ നിന്ന് വിരമിച്ച മുൻ ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയിയെ കേരള പബ്ലിക് എന്റർപ്രൈസസ് സെലക്‌ഷനും റിക്രൂട്ട്മെന്റും ബോർഡിന്റെ ചെയർമാനായി നിയമിച്ചതാണ് ഒടുവിലത്തേത്.

വ്യവസായവകുപ്പിന് കീഴിലെ പൊതുമേഖലാസ്ഥാപനങ്ങളിൽ പി.എസ്.സിക്ക് വിടാത്ത തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ളതാണ് ബോർഡ്. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ മുൻ ചെയർമാനായ രാജീവ് ഒ.എൻ.വിക്കായിരുന്നു ഇതുവരെ ബോർഡ് ചെയർമാന്റെ താൽക്കാലിക ചുമതല.

മുഴുവൻ പൊതുമേഖലയിലെയും പി.എസ്.സിക്ക് വിടാത്ത തസ്തികകളിലെ നിയമനങ്ങൾക്കായാണ് റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചിരുന്നത്. എന്നാൽ മറ്റ് വകുപ്പുകൾ സഹകരിക്കാത്തതിനാൽ ഇപ്പോഴത് വ്യവസായവകുപ്പിൽ മാത്രമായി ഒതുങ്ങുകയായിരുന്നു.

44 പൊതുമേഖലാസ്ഥാപനങ്ങളിലെ അയ്യായിരത്തിലേറെ തസ്തികകളിലേക്കുള്ള നിയമനാധികാരവും എം.ഡിമാരുടെ നിയമനത്തിന് ശുപാർശ ചെയ്യാനുള്ള അധികാരവും ബോർഡിനുണ്ടാവും. എം.ഡിമാരുടെ കാര്യത്തിൽ ഒറ്റപ്പേരായോ പാനലായോ ബോർഡിന് ശുപാർശ സമർപ്പിക്കാം.

മുൻ ചീഫ്സെക്രട്ടറി വിശ്വാസ് മേത്തയെ സുപ്രീംകോടതി ജഡ്‌ജിയുടെ റാങ്കുള്ള മുഖ്യ വിവരാവകാശ കമ്മിഷണർ പദവിയിലും പോലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹറയെ നെടുമ്പാശേരി വിമാനത്താവളത്തിന്റെ എം.ഡി പദവിയിലും വാഴിച്ചു.

കഴിഞ്ഞയാഴ്ച വിരമിച്ച ഡിജിപി അനിൽകാന്തിനെ സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗമാക്കാനാണ് നീക്കം. ഡിജിപിയായി വിരമിച്ച ബി.സന്ധ്യയെയും ഈ പദവിയിൽ പരിഗണിക്കുന്നുണ്ട്. സർവീസിൽ വിവാദങ്ങളേറെയുണ്ടാക്കിയ ടോം ജോസിനെ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ചെയർമാനാക്കിയിരുന്നു. ഇങ്ങനെ നിരവധിപേർ സുരക്ഷിത ലാവണങ്ങളിലാണ്.

ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്റട്ടറിയായി വിരമിച്ച ഉഷ ടൈറ്റസിനെ അസാപ് സിഎംഡിയാക്കിയിരുന്നു. വിരമിക്കുന്നതിന് തൊട്ടു മുൻപാണ് ഉഷാ ടൈറ്റസിനെ അസാപ്പ് സിഎംഡിയാക്കി നിയമിച്ച് ഉത്തരവിറങ്ങിയത്. സ്‌കൂളുകളിലും കോളേജുകളിലും നൈപുണ്യ വികസനം, പരിശീലനം തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് മാർഗ നിർദേശം എന്നിവ ലക്ഷ്യമിട്ട് 2012 ലാണ് ഉന്നത വിദ്യാഭ്യസ വകുപ്പിന് കീഴിൽ അസാപ്പ് രൂപീകരിച്ചത്. എഡിബി ഫണ്ടുപയോഗിച്ചായിരുന്നു അസാപ്പിന്റെ പ്റവർത്തനം. എഡിബി ഫണ്ട് നിലച്ചതിനാൽ വേറെ ഫണ്ട് കണ്ടെത്തേണ്ട സാഹചര്യമുണ്ടായപ്പോൾ അസാപ്പിനെ കമ്പനിയാക്കി.

വിരമിച്ച ശേഷം ഷീല തോമസിനെ കേരള റബർ ലിമിറ്റഡ് ചെയർ പേഴ്‌സണാക്കി. പ്രതിമാസ ശമ്പളം 2 ലക്ഷം രൂപയാണ്. പുനർ നിയമനം അല്ലാത്തതിനാൽ ഐ എ എസ് ഉദ്യോഗസ്ഥയായ ഇവർക്ക് വിരമിച്ച വകയിൽ പെൻഷനും ശമ്പളത്തോടൊപ്പം ലഭിക്കും. ഒരു ലക്ഷം രൂപയാണ് ഷീല തോമസിന്റെ പെൻഷൻ. ചീഫ് സെക്രട്ടറിയായി വിരമിച്ച നളിനി നെറ്റോ അടുത്തകാലം വരെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു.

നളിനി നെറ്റോ ഇതേ പദവിയിലിരിക്കുമ്പോൾ തന്നെ അഡീഷണൽ ചീഫ്‌ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച വി.എസ്.സെന്തിലിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ പുനർനിയമനം നൽകി. നളിനി നെറ്റോയ്ക്ക് ശേഷം ചീഫ്‌ സെക്രട്ടറിയായിരുന്ന കെ.എം.എബ്രഹാമിനെ കിഫ്ബിയുടെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറായാണ് നിയമിച്ചത്. എബ്രഹാം ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയാണ്.

വ്യവസായ വകുപ്പിന് കീഴിലുള്ള ഇൻകെൽ വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥരുടെ താവളമായി മാറിയെന്ന് മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ ആരോപണമുന്നയിച്ചിരുന്നു. ശമ്പളവും ആനുകൂല്യങ്ങളും ഒപ്പിച്ചെടുക്കാനുള്ള വഴിയായി ഇൻകെൽ മാറി.

സീനിയർ ഐ.എ.എസുകാർ വലിയ പദ്ധതികളുടെ നടത്തിപ്പിൽ ശ്രദ്ധിക്കുന്നതേയില്ല. ഇൻകെലിനെ താവളമാക്കിയിരിക്കുന്ന ഐഎഎസുകാരേയും വിരമിച്ച ഐഎഎസുകാരേയും ഇറക്കി വിടാൻ സർക്കാർ തയാറാകണമെന്ന് കടകംപള്ളി സുരേന്ദ്റൻ ആവശ്യപ്പെട്ടിരുന്നു.

Advertisment