/sathyam/media/post_attachments/jmPnSOPGVtRINNE98yai.jpg)
തൃശൂര്‍: തൃശൂരില്‍ യുവാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അവരറിയാതെ എത്തിയത് 2.44 കോടി രൂപ! അബദ്ധത്തിലെത്തിയ പണമാണെന്ന് അറിഞ്ഞുകൊണ്ടു തന്നെ 4 ആപ്പിൾ ഐഫോണുകൾ വാങ്ങിയും ബാങ്ക് ലോണുകൾ വീട്ടിയും ഓൺലൈൻ ട്രേഡിങ് നടത്തിയും യുവാക്കൾ പണം ചെലവാക്കിത്തീർത്തു. ഫോണിൽ രണ്ടെണ്ണം സുഹൃത്തുക്കൾക്ക് കൊടുക്കുകയും ചെയ്തു.
ഇക്കഴിഞ്ഞ ഡിസംബർ 18,19 തീയതികളിലാണ് സംഭവം നടന്നത്. പുതുതലമുറ ബാങ്കിൽ അക്കൗണ്ടുള്ള യുവാക്കളിൽ ഒരാളുടെ അക്കൗണ്ടിലേക്ക് 2,44,89,126.68 രൂപയാണ് എത്തിയത്. മറ്റൊരു ബാങ്കുമായി ലയനനടപടി നടക്കുന്നതിനാൽ അബദ്ധത്തിലാണ് ബാങ്കിൽ നിന്ന് യുവാക്കളുടെ അക്കൗണ്ടിൽ പണമെത്തിയതെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന പരാതിയിൽ പറയുന്നത്.
അബദ്ധം പറ്റിയ വിവരം ബാങ്ക് മനസ്സിലാക്കി വന്നപ്പോഴേക്കും യുവാക്കളുടെ അക്കൗണ്ടിൽ ഒരു രൂപപോലും ബാക്കിയുണ്ടായിരുന്നില്ല. ഇതോടെ ബാങ്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവാക്കളെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ അരിമ്പൂർ സ്വദേശികളായ നിധിൻ, മനു എന്നിവരാണു റിമാൻഡിലായത്.
ബാങ്ക് മാനേജറുടെ പരാതിപ്രകാരം തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ എ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്. ഇവർക്കെതിരെ മറ്റു കേസുകളൊന്നും നിലവിലില്ലെന്നു സൈബർ ക്രൈം എസ്എച്ച്ഒ ബ്രിജുകുമാർ പറഞ്ഞു.