മലപ്പുറം : പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലെ സ്പെഷ്യൽ തപാൽ വോട്ടുകളിൽ ഒരുകെട്ട് കാണാതായി. പോസ്റ്റൽ ബാലറ്റുകളിലെ ഒരു പാക്കറ്റ് കാണാനില്ലെന്ന് റിട്ടേണിംഗ് ഓഫീസർ ഹൈക്കോടതി ജഡ്ജിന് റിപ്പോർട്ട് നൽകി. അഞ്ചാം നമ്പര്‍ ടേബിളില്‍ എണ്ണിയ സാധുവായ തപാല്‍ വോട്ടുകളാണ് കാണാതായത്.
ഇത് ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് കിട്ടിയപ്പോള്‍ സീലുകള്‍ പൊട്ടിയ നിലയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പോസ്റ്റൽ ബാലറ്റ് കൗണ്ട് ചെയ്തുവെന്നതിന്റെ രേഖകൾ കൈവശമുണ്ട്. കൗണ്ടിംഗ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഒപ്പിട്ടതിനും രേഖകളുണ്ട്. 482 ബാലറ്റുകളായിരുന്നു കാണാതായ കെട്ടിലുണ്ടായിരുന്നത്.
നേരത്തേ പെരിന്തല്‍മണ്ണയിലെ വോട്ടുപെട്ടികളിലൊന്ന് കാണാതാവുകയും വൈകാതെ മലപ്പുറത്തെ സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഹോസ്റ്റൽ ബാലറ്റ് കെട്ട് കാണാതായതിൽ വിശദമായ അന്വേഷണം വേണമെന്നും പെരിന്തൽമണ്ണ സബ് കളക്ടർ കൂടിയായ റിട്ടേണിംഗ് ഓഫീസർ ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.