Advertisment

ഡോക്യുമെന്ററി വിവാദം അനാവശ്യമാണെന്നും പണ്ട് നടന്ന കാര്യങ്ങളെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ലെന്നും പറഞ്ഞ ശശി തരൂര്‍ ഒടുവില്‍ നിലപാട് മാറ്റി; ഗുജറാത്ത് കലാപത്തിൻെറ മുറിവുണങ്ങിയെന്ന് പറഞ്ഞി‌‌‌ട്ടില്ലെന്ന് പുതിയ ന്യായീകരണം; തരൂരിന്റെ മലക്കം മറിച്ചില്‍ തനിക്കെതിരെ വിമര്‍ശനം കടുത്തതോടെ ! നിർണായക വിഷയങ്ങളിൽ പാര്‍ട്ടിയുടെ രാഷ്ട്രീയ സമീപനം മറക്കുന്ന തരൂരിനെതിരെ കോണ്‍ഗ്രസിലും അമര്‍ഷം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ബി.ബി.സി ഡോക്യുമെന്ററിക്ക് അനുകൂലമായ പ്രതികരണം നടത്തിയ ശശി തരൂരിന് ഒടുവിൽ ബോധം തെളിഞ്ഞു. നാലുപാടു നിന്നും വിമർശനം വർഷിച്ചതോടെ കേരള രാഷ്ട്രീയത്തിൽ സജീവമാകാൻ ഓടിനടക്കുന്ന ശശി തരൂർ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് തിരുത്തി. ബി.ബി.സി ഡോക്യുമെന്ററിയിൽ മോദി വിമർശനത്തിന് ആധാരമായി ചൂണ്ടിക്കാട്ടുന്ന ഗുജറാത്ത് കലാപത്തിൻെറ മുറിവുണങ്ങിയെന്ന് പറഞ്ഞി‌‌‌ട്ടില്ല എന്ന ന്യായീകരണവുമായാണ് തരൂരിൻെറ മലക്കം മറിച്ചിൽ.

''സംഭവത്തിന്റെ മുറിവുണങ്ങി എന്ന് പറഞ്ഞിട്ടില്ല. അനുഭവസ്ഥരുടെ വേദനയും നഷ്ടവും മാറില്ല.കോടതി വിധി വന്ന സംഭവമാണ്, വിവാദമുണ്ടാക്കുന്നത് കൊണ്ട് നേട്ടമില്ല" ഇതാണ് തരൂരിൻെറ പുതിയ പ്രതികരണം.


ഡോക്യുമെന്ററി വിവാദം അനാവശ്യമാണെന്നും പണ്ട് നടന്ന കാര്യങ്ങളെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ലെന്നും പ്രതികരിച്ച തരൂരാണ് വിമർശനം കനത്തതോടെ ഈ വിധം മാറിയത്.


ബി.ജെ.പിക്കെതിരായ പ്രചാരണത്തിൽ കോൺഗ്രസ് ഏറ്റവും ശക്തമായി ഉന്നയിക്കുന്ന വിമർശനമാണ് ഗുജറാത്ത് കലാപത്തിലെ മോദിയുടെയും അമിത് ഷായുടെയും പങ്ക്. ഈ രാഷ്ട്രീയ നിലപാട് മറന്നാണ് അനിൽ ആന്റണിക്ക് പിന്നാലെ ശശി തരൂരും ബി.ബി.സി ഡോക്യുമെന്ററിക്ക് എതിരായ നിലപാടെടുത്തത്.

തരൂരിൻെറ രാഷ്ട്രീയ മറവിയിൽ കോൺഗ്രസിൽ നിന്ന് തന്നെ വിമർശനം വന്നിരുന്നു. അനിൽ ആന്റണിയുടെ അഭിപ്രായത്തോട് ചേർന്നുനിൽക്കുന്ന തരൂരിൻെറ പ്രതികരണത്തെ ബി.ജെ.പി ക്യാമ്പ് സന്തോഷത്തോടെയാണ് വരവേറ്റത്. അനിൽ പറഞ്ഞത് തന്നെയാണ് തരൂരും പറഞ്ഞതെന്ന പ്രതികരണവുമായി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പിന്തുണയുമായി എത്തി.

തൻെറ മതേതര പ്രതിഛായക്ക് തന്നെ ദോഷം ആകുമെന്ന തിരിച്ചറിവിലാണ് തരൂർ അധികം വൈകാതെ തിരുത്തുമായി മാധ്യമങ്ങളെ കണ്ടത്. എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ കേരള രാഷ്ട്രീയത്തിൽ സജീവമാകുന്നു എന്ന പ്രഖ്യാപനവുമായി മത-സാമുദായിക നേതാക്കളെ കണ്ടുതുടങ്ങിയ തരൂർ വിവിധ സ്വാധീന ഗ്രൂപ്പുകളുടെ പിന്തുണ ഉറപ്പിക്കാനുളള ശ്രമത്തിലായിരുന്നു.


എന്നാൽ മന്നം ജയന്തി സമ്മേളനത്തിൽ മുഖ്യാതിഥിയായി എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ തരൂരിന് സമുദായവുമായി ബന്ധപ്പെട്ട പ്രതികരണത്തിൽ കൈപൊളളിയിരുന്നു.


ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന പ്രതികരണത്തിലാണ് തരൂരിന് പിഴച്ചത്. എൻ.എസ്.ആസ്ഥാനത്തെ സന്ദർശനവും പ്രസംഗവും ചൂണ്ടിക്കാട്ടി എസ്.എൻ.‍ഡി.പി ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ തരൂരിനെ രൂക്ഷമായി വിമർശച്ചിരുന്നു. എൻ.എസ്.എസ് ആസ്ഥാനത്തെ പ്രസംഗത്തിലേതിന് സമാനമാണ് ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിലെ പിഴവും.

നിർണായക വിഷയങ്ങളിൽ കോൺഗ്രസിൻെറ രാഷ്ട്രീയ സമീപനം മറന്നുളള ശശി തരൂരിൻെറയും അനിൽ ആന്റണിയുടെ‌യും പ്രതികരണങ്ങളിൽ പാർട്ടിക്കുളളിൽ വലിയ അമർഷമുണ്ട്. എ.കെ.ആന്റണിയ‌ുടെ മകനായ അനിൽ ആന്റണി രാഷ്ട്രീയത്തിൽ അത്രകണ്ട് പരിചയ സമ്പന്നനല്ലെന്ന് ന്യായീകരണമുണ്ടെങ്കിലും ശശി തരൂരിന് അതും അവകാശപ്പെടാനാവില്ല.


മൂന്ന് തവണയായി തിരുവനന്തപുരത്തെ പ്രതിനിധീകരിച്ച് ലോകസഭയിലെത്തുകയും ദേശിയ വിഷയങ്ങളിൽ പുസ്തകം എഴുതുകയും ചെയ്തിട്ടുളള തരൂരിന് എന്തുകൊണ്ട് ഗുജറാത്ത് കലാപത്തിൻെറ പ്രാധാന്യം മനസിലാകുന്നില്ലെന്നാണ് കോൺഗ്രസിൽ നിന്നുയരുന്ന ചോദ്യം.


ബാബറി മസ്ജിദ് തകർത്തിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും മതേതര ഇന്ത്യയുടെ മനസിൽ എന്നും അത് തീരാകളങ്കമായി നിൽക്കുകയല്ലേയെന്നും നേതാക്കൾ ചോദിക്കുന്നു. ഗുജറാത്ത് കലാപത്തിൽ ഒന്നാം പ്രതി മോദിയും രണ്ടാം പ്രതി അമിത് ഷായുമാണ് അതാണ് പാർട്ടി നയം അതിന് എതിരായിട്ടുള്ള അഭിപ്രായം ആർക്കെങ്കിലും ഉണ്ടെങ്കിൽ അവർപാർട്ടിയിൽ നിന്ന് പുറത്ത് പോകണമെന്നാണ് കെ.മുരളീധരൻെറ പ്രതികരണം.

അനിൽ ആന്റണി‌ക്കുളള മറുപടിയാണിതെങ്കിലും തരൂരിന് കൂടി ചേരുന്ന പ്രതികരണമാണത്. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ സ്വതന്ത്ര രാഷ്ട്രീയ പാർ‌ട്ടിയുണ്ടാക്കാൻ സംഘപരിവാർ സംഘടനകൾ ശ്രമിക്കുന്നതായി പി.സി.വിഷ്ണുനാഥ് കെ.പി.സി.സി നിർവാഹക സമിതിയിൽ ആരോപിച്ചിരുന്നു. തരൂരിനെ ലക്ഷ്യം വെച്ചുളള വിമർശനമായിരുന്നു അത്. ഡോക്യ‌ുമെന്ററി വിവാദത്തിലെ തരൂരിൻെറ വിവാദ പ്രതികരണം ആ ദിശയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതായി നേതാക്കൾ പറയുന്നു.

Advertisment