Advertisment

ഹൈബി ഈഡനെ വിടാതെ സോളാർ വിവാദ നായിക; പീഡനക്കേസിൽ സി.ബി.ഐ കുറ്റവിമുക്തനാക്കിയതിനെതിരേ തടസഹർജി; തെളിവുകൾ കണ്ടെത്തേണ്ട ബാധ്യത തനിക്കല്ല, സി.ബി.ഐയ്ക്ക് ! തടസഹർജിക്കൊപ്പം തെളിവും നൽകാം, മജിസ്ട്രേറ്റിന് നേരിട്ട് തെളിവെടുപ്പ് നടത്തുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്യാം, സി.ബി.ഐ റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിനും ഉത്തരവിടാം; സോളാർ പീഡനക്കേസിലെ തടസ ഹർജി ഹൈബിക്ക് കുരുക്കാവുന്നത് ഇങ്ങനെ

New Update

publive-image

Advertisment

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ സി.ബി.ഐ കുറ്റവിമുക്തനാക്കിയെങ്കിലും ഹൈബി ഈഡൻ എം.പിയെ വിടാൻ ഒരുക്കമല്ല പരാതിക്കാരിയായ സോളാർ വിവാദ നായിക. സോളാർ പീഡന പരാതിയിൽ ഹൈബി ഈഡന് എതിരായ കേസ് അവസാനിപ്പിക്കണമെന്ന സി. ബി.ഐ റിപ്പോർട്ടിനെതിരായി സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ തടസഹർജി.

ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്. കേസിൽ തെളിവുകൾ കണ്ടെത്തേണ്ട ബാധ്യത അന്വേഷണ ഉദ്യോഗസ്ഥനാണെന്നും, ആറ് വർഷം കഴിഞ്ഞു പരാതി നൽകിയെന്ന കാരണത്താൽ കേസ് അവസാനിപ്പിക്കാൻ ആകില്ലെന്നുമാണ് ഹർജിക്കാരിയുടെ പരാതി.

സി. ബി. ഐ അന്വേഷണത്തിൽ വീഴ്ച ഉണ്ടെന്നാണ് പരാതിക്കാരിയുടെ മുഖ്യ ആരോപണം. ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് അതേപടി അംഗീകരിയ്ക്കുന്ന റിപ്പോർട്ടാണ് സി. ബി.ഐ അന്വേഷണ സംഘവും കോടതിയിൽ നൽകിയതെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടി.


കേസ് പരിഗണിച്ച ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കെ. വിദ്യാധരൻ ഹർജിയിൽ കൂടുതൽവാദം കേൾക്കാൻ ഫെബ്രുവരി 25 ലേക്ക് മാറ്റി.


എറണാകുളത്തെ പാഞ്ചാലം സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായുള്ള പദ്ധതിയിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കാൻ ശുപാർശ കത്ത് നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പീഡിപ്പിച്ചു എന്നാണ് കേസ്. 2011 ഡിസംബർ 11 ന് എം. എൽ. എ ഹോസ്റ്റലിലെ നിളാ ബ്ലോക്കിലെ റൂം നമ്പർ 34 വച്ച് പരാതിക്കാരിയെ ഹൈബി ഈഡൻ ക്രൂരമായി പീഡിപ്പിച്ചു എന്നാണ് പരാതിക്കാരിയുടെ മൊഴി. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘവും സി. ബി. ഐയുടെ പ്രത്യേക അന്വേഷണ സംഘവും കേസിൽ കഴമ്പില്ലെന്ന് കണ്ട് കേസ് അവസാനിപ്പിക്കുകയായിരുന്നു.

തിരുവനന്തപുരത്തും കൊച്ചിയിലുമായി ആറ് എഫ്.ഐ.ആറുകളാണ് സി.ബി.ഐ അഡി.സൂപ്രണ്ട് സി.ബി.രാമദേവൻ രജിസ്റ്റർ ചെയ്തിരുന്നത്. കെ.സി. വേണുഗോപാലിനെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, ഉമ്മൻചാണ്ടിക്കും തോമസ് കുരുവിളയ്ക്കുമെതിരെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, വഞ്ചന, കുറ്റകൃത്യങ്ങളിൽ പങ്കാളിയാകൽ എന്നീ കുറ്റങ്ങളാണ് സി.ബി.ഐ ചുമത്തിയത്.

ഹൈബി ഈഡനെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, അടൂർ പ്രകാശിനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള സംഭാഷണങ്ങളുമായി പിറകേ നടന്ന് ശല്യംചെയ്യൽ എന്നിവയാണ് ചുമത്തിയത്.

അബ്ദുളള കുട്ടിക്കെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുളള സംഭാഷണങ്ങളുമായി ശല്യം ചെയ്യൽ, വധഭീഷണി മുഴക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. എല്ലാവർക്കും അടുത്തിടെ സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇതിൽ ഹൈബിക്കെതിരെയാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്.


എന്നാൽ സി.ബി.ഐ റിപ്പോർട്ട് പരിഗണിച്ച ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കേസ് അവസാനിപ്പിക്കാനുള്ള സി.ബി.ഐയുടെ റിപ്പോർട്ടിന്മേൽ തെളിവുകളും പരാതികളും ബോധിപ്പിക്കാൻ പരാതിക്കാരിക്ക് നോട്ടീസ് അയച്ചിരുന്നു.


സി.ബി.ഐയുടെ റിപ്പോർട്ട് തള്ളിക്കളഞ്ഞ്, തന്റെ തെളിവുകൾ സ്വീകരിക്കണമെന്ന് ഈ ഘട്ടത്തിൽ പരാതിക്കാരിക്ക് ഹർജി നൽകാം. നിയമപരമായ തന്റെ അവകാശമാണ് പരാതിക്കാരി ഇപ്പോൾ നിർവഹിച്ചിരിക്കുന്നത്. പരാതിക്കാരി ഫയൽ ചെയ്ത തടസ ഹ‌ർജി പരിഗണിച്ച് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് നേരിട്ട് തെളിവെടുപ്പ് നടത്തുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്യാം.

തെളിവുകളിൽ കഴമ്പുണ്ടെങ്കിൽ സി.ബി.ഐ റിപ്പോർട്ട് തള്ളിയശേഷം കൂടുതൽ അന്വേഷണത്തിന് ഉത്തരവിടാം. അല്ലെങ്കിൽ കോടതി നേരിട്ട് അന്വേഷണം നടത്തിയ ശേഷം സി.ബി.ഐ വീണ്ടും അന്വേഷിക്കാനും ഉത്തരവിടാം. ഇതെല്ലാം കോടതിയുടെ വിവേചനാധികാരമാണ്.

വയലിനിസ്റ്റ് ബാലഭാസ്കറിന്റേത് വാഹനാപകടമാണെന്ന സി.ബി.ഐ റിപ്പോർട്ട് തള്ളിക്കളയണമെന്ന മാതാപിതാക്കളുടെ ഹർജി കോടതി അംഗീകരിച്ചിരുന്നില്ല. ഈ ഹർജിക്കൊപ്പം മുപ്പതോളം രേഖകളും നൽകിയിരുന്നു. ബാലുവിന്റെ മരണത്തിനു പിന്നിൽ സ്വർണക്കടത്ത് മാഫിയയ്ക്ക് ബന്ധമുണ്ടെന്ന ഹർജി തള്ളിക്കളഞ്ഞ്, സി.ബി.ഐയുടെ റിപ്പോർട്ട് സി.ജെ.എം കോടതി അംഗീകരിക്കുകയായിരുന്നു

Advertisment